|    Mar 20 Tue, 2018 9:57 am
FLASH NEWS
Home   >  Editpage  >  Editorial  >  

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍

Published : 9th November 2015 | Posted By: SMR

രാജ്യത്തു നടന്ന രണ്ടു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍കൊണ്ട് രാഷ്ട്രീയരംഗം ചൂടുപിടിച്ചുനില്‍ക്കുന്ന സന്ദര്‍ഭമാണിത്. ഒന്നാമത്തേത്, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. രണ്ടാമത്തേത്, ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പും. ഈ രണ്ടു തിരഞ്ഞെടുപ്പു ഫലങ്ങളും അതത് സംസ്ഥാനങ്ങളുടെ രാഷ്ട്രീയഭാവിയെ സംബന്ധിച്ചു മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഭാവിയെക്കുറിച്ചും സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍, സംസ്ഥാനത്ത് ക്ഷയിച്ചുതുടങ്ങി എന്നു കരുതപ്പെട്ട ഇടതുപക്ഷ ചേരിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. യുഡിഎഫിന്റെ പടലപ്പിണക്കങ്ങളും ധനമന്ത്രി കോഴ വാങ്ങിയതു സംബന്ധിച്ച വിവാദങ്ങളും കാരണമാണ് കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയത്. തലസ്ഥാന നഗരിയില്‍ യുഡിഎഫിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബിജെപി നടത്തിയ മുന്നേറ്റം നഗരത്തിലെ ഇടത്തരക്കാരുടെ വോട്ടുകള്‍ എങ്ങോട്ടാണെന്നു സൂചിപ്പിക്കുന്നു. അതേയവസരം വെള്ളാപ്പള്ളി നടേശനുമായുണ്ടാക്കിയ സഖ്യംമൂലം ബിജെപിക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിച്ചില്ല എന്നും കാണാവുന്നതാണ്.
എസ്ഡിപിഐയെപോലുള്ള നവ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തങ്ങളുടെ ജനകീയാടിത്തറ വര്‍ധിപ്പിക്കുന്നതായി തിരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു. വരുംകാലങ്ങളില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നതില്‍ ചെറുപാര്‍ട്ടികള്‍ക്ക് ചെറുതല്ലാത്ത പങ്ക് നിര്‍വഹിക്കാനാവുമെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്.
ബിഹാറിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണ്. മഹാഗട്ബന്ധന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി. നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് നേതൃത്വം നല്‍കിയ ഒരു തിരഞ്ഞെടുപ്പു പോരാട്ടമായിരുന്നു സംസ്ഥാനത്തു നടന്നത്. വളരെ വൃത്തിഹീനമായ രീതിയില്‍ ന്യൂനപക്ഷ വിരോധം പ്രസരിപ്പിക്കാന്‍ ബിജെപി കോടിക്കണക്കിന് രൂപയാണ് ചെലവാക്കിയത്. ഈ തിരിച്ചടിയുടെ കാരണങ്ങള്‍ വിവേകപൂര്‍വം ചികഞ്ഞെടുക്കാനുള്ള രാഷ്ട്രീയ പക്വത അവര്‍ക്കുണ്ടാവുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. വികാസ്പുരുഷന്റെ അനുയായികള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ ജനങ്ങള്‍ക്ക് മനംപുരട്ടലായി അനുഭവപ്പെടാന്‍ തുടങ്ങിയതിന്റെ നേര്‍ക്കാഴ്ചകളാണ് ബിഹാറിലെ പരാജയത്തില്‍ കാണുന്നത്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ പരിഹാരങ്ങള്‍ തേടുകയോ ചെയ്യുന്നതിനു പകരം പശുവിന്റെയും പാകിസ്താന്റെയും പിറകെ ഓടി സമയം കളയുകയാണ് അവര്‍. എന്നാല്‍, മോദിയുടെ വെള്ളിവെളിച്ചത്തിലുള്ള നടനലീലകളും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണകോലാഹലങ്ങളും ബിഹാറികള്‍ നിര്‍ണായകമായി തിരസ്‌കരിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss