|    Dec 12 Wed, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തിരഞ്ഞെടുപ്പ് പ്രവചനം: ബിജെപിക്ക് തിരിച്ചടി

Published : 8th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍.
രാജ്യം ഏറെ ഉറ്റുനോക്കുന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കുമെന്നാണ് ഫലങ്ങള്‍. റിപബ്ലിക് ടിവി-ജന്‍കി ബാത്, ടൈംസ് നൗ-സിഎന്‍എക്‌സ്, ഇന്ത്യാ ടുഡേ, ഇന്ത്യ ന്യൂസ് എംപി ഫലങ്ങളാണ് പുറത്തുവന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. 119-141 സീറ്റ് കോണ്‍ഗ്രസ് നേടുമ്പോള്‍ ബിജെപി 55-72 സീറ്റും മറ്റുള്ളവര്‍ 4-11 സീറ്റും നേടുമെന്നാണ് ഇവരുടെ പ്രവചനം.
ബിഎസ്പിക്ക് സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനാവില്ലെന്നും സര്‍വേ പറയുന്നു. അതേസമയം, കോണ്‍ഗ്രസ് 105 സീറ്റും ബിജെപി 85ഉം ബിഎസ്പി 2 സീറ്റും മറ്റുള്ളവര്‍ ഏഴ് സീറ്റും നേടുമെന്നാണ് ടൈംസ് നൗ-സിഎന്‍എക്‌സ് പറയുന്നത്.
മധ്യപ്രദേശില്‍ ഇന്ത്യ ന്യൂസ് എംപി, ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് പ്രവചിക്കുന്നു. റിപബ്ലിക് ടിവി-ജന്‍കി ബാത് സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസ് 95-115 സീറ്റ്, ബിജെപി 108-128, മറ്റുള്ളവര്‍ ഏഴ് സീറ്റ് എന്ന കണക്കാണ് നല്‍കുന്നത്.
ടൈംസ് നൗ-സിഎന്‍എക്‌സ് ഫലങ്ങള്‍പ്രകാരം ബിജെപി 126ഉം കോണ്‍ഗ്രസ് 89ഉം ബിഎസ്പി ആറും മറ്റുള്ളവര്‍ 9 സീറ്റും നേടും.
ഛത്തീസ്ഗഡില്‍ റിപബ്ലിക്-സീ വോട്ടര്‍, ന്യൂസ് നേഷന്‍ എന്നിവര്‍ കോണ്‍ഗ്രസ്സിനാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ടൈംസ് നൗ-സിഎന്‍എക്‌സ് ഫലങ്ങള്‍ ഭരണം ബിജെപി നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. ഇവരുടെ ഫലങ്ങള്‍പ്രകാരം ബിജെപി 46 സീറ്റാകും നേടുക.
കോണ്‍ഗ്രസ് 35, ബിഎസ്പി 7, മറ്റുള്ളവര്‍ രണ്ടു സീറ്റും നേടുമെന്നാണ് ഫലങ്ങള്‍. എന്നാല്‍, റിപ്ലബ്ലിക് ടിവി ഫലങ്ങള്‍ കോണ്‍ഗ്രസ് 40 മുതല്‍ 50 സീറ്റ് വരെയും ബിജെപി 35-43 സീറ്റും നേടുമെന്നാണ് പറയുന്നത്. ന്യൂസ് നാഷന്‍ സര്‍വേ ഫലങ്ങളും കോണ്‍ഗ്രസ് 40-44 സീറ്റ് നേടുമെന്ന് പറയുന്നു. ബിഎസ്പി 4-8 സീറ്റ് സ്വന്തമാക്കും.
അതേസമയം, തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നാണ് ഫലങ്ങള്‍. ടിഡിപി-കോണ്‍ഗ്രസ് സഖ്യത്തിന് ചെറിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ 119 സീറ്റില്‍ 66 ഇടത്ത് ടിആര്‍എസും കോണ്‍ഗ്രസ് സഖ്യം 37 സീറ്റും ബിജെപി ഏഴും മറ്റുള്ളവര്‍ 9 സീറ്റും നേടുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ് പറയുന്നു. മിസോറാമില്‍ മിസോ നാഷനല്‍ ഫ്രണ്ട് അധികാരത്തില്‍ എത്തിയേക്കുമെന്നാണ് സൂചന. സീവോട്ടര്‍ ഫലപ്രകാരം കോണ്‍ഗ്രസ് 14-18 സീറ്റും മിസോ നാഷനല്‍ ഫ്രണ്ട് 16-20 സീറ്റും മറ്റുള്ളവര്‍ 3, സൊറം പീപ്പിള്‍സ് മൂവ്‌മെന്റ് 3-7 സീറ്റും നേടും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമാണ് മിസോറാം. സംസ്ഥാനം പാര്‍ട്ടിയെ കൈവിടുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss