|    Oct 18 Thu, 2018 5:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് നിര്‍ണായകം

Published : 30th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിനെന്നപോലെ പ്രതിപക്ഷത്തിനും നിര്‍ണായകം. 2019ല്‍ നടക്കേണ്ട പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിപക്ഷ നിര എത്രമാത്രം ബദലാവുമെന്നതിന്റെ സൂചനകൂടിയായി തിരഞ്ഞെടുപ്പുഫലങ്ങള്‍ മാറും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കാണു തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാവുന്നത്. അധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന മുറവിളി നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും യുപിഎ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണു രാഹുല്‍ മാറിനിന്നത്. സോണിയ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നു മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ വൈകാതെതന്നെ രാഹുലിന് സ്ഥാനം ഏറ്റെടുക്കേണ്ടിവരും. രാഹുല്‍ തീരുമാനിക്കുന്ന ഏതു നിമിഷവും അധികാര കൈമാറ്റത്തിനു വേദിയൊരുക്കാന്‍ സോണിയയും പാര്‍ട്ടിയും തയ്യാറാണെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പിന്നാലെ സ്ഥാനാരോഹണമെന്നതാണു രാഹുലിന്റെ ആഗ്രഹം. ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് ഉത്തേജനം നല്‍കാന്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിനു സാധിക്കുമെന്നാണു രാഹുലിന്റെ പ്രതീക്ഷ. മുസ്‌ലിം, ദലിത്, യാദവ വോട്ടുകള്‍ സഖ്യത്തിന്റെ ബലത്തില്‍ പെട്ടിയിലാക്കാന്‍ സാധിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം അധികാരം പങ്കിടാന്‍ സാധിക്കുമെന്നും രാഹുല്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം കണക്കാക്കിയാലും രാഹുലിനു പ്രതീക്ഷയ്ക്കു വകയുണ്ട്. അതേസമയം രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും ഉള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ സീറ്റ് വിഭജനത്തില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് അന്തിമ തീരുമാനത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സഹോദരി പ്രിയങ്കയും അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.  പ്രിയങ്ക തിരഞ്ഞെടുപ്പ് പര്യടനത്തിനും സഖ്യചര്‍ച്ചകള്‍ക്കും സജീവമായി രംഗത്തിറങ്ങുന്നുവെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഉപദേശക സംഘത്തിലടക്കം യുവാക്കള്‍ക്കു പ്രാധാന്യം നല്‍കി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പു രൂക്ഷമാണ്. പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന താല്‍പര്യമാണ് അവര്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ പ്രിയങ്ക പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷകഘടകമായാല്‍ ദോഷം ചെയ്യുമെന്ന് രാഹുലിനു വ്യക്തമാണ്. രാഹുലിനെ മറികടന്ന് പ്രിയങ്ക രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് സോണിയക്കും താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്കയുടെ പ്രചാരണം ഏതാനും മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുമെന്നാണു സൂചന. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവുമൊത്ത് വേദി പങ്കിടുന്ന തരത്തിലും പ്രചാരണ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.പഞ്ചാബില്‍ അഞ്ചുവര്‍ഷംവീതം അകാലിദള്‍- ബിജെപി സഖ്യവും കോണ്‍ഗ്രസ്സും അധികാരം പങ്കിടുന്ന രീതിക്കു മാറ്റംവരികയും കഴിഞ്ഞ തവണ അകാലിദള്‍ സഖ്യം അധികാരം നിലനിര്‍ത്തുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധ വികാരം അതിശക്തമാണെന്നതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇവിടെ വിജയം ഉറപ്പിക്കുന്നു. എന്നാല്‍ ഇതിനിടയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ആംആദ്മി പാര്‍ട്ടി എത്ര ശതമാനം വോട്ട് നേടുമെന്നത് കോണ്‍ഗ്രസ്സിന്റെ വിജയത്തെ സ്വാധീനിക്കുന്ന ഘടകവുമാണ്. പരമ്പരാഗത കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്ക് ഇപ്പോഴും നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടില്ല. അകാലിസഖ്യത്തിന്റെ അഴിമതി അടക്കമുള്ള പ്രധാന പ്രചാരണമാക്കി മാറ്റിയ ആപ്പിന് അകാലി സ്വാധീന മേഖലയിലാണ് സ്വാധീനമുള്ളതെന്നതു കോണ്‍ഗ്രസ്സിന് ആശ്വാസം പകരുന്നുണ്ട്.ബിജെപിയില്‍ നിന്നു കൂടുമാറിയെത്തിയ നവ്‌ജ്യോത്‌സിങ് സിദ്ദുവും കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ അമരിന്ദര്‍ സിങും തമ്മില്‍ അധികാരവടംവലിയുണ്ടാവുമെന്നും വിമത നീക്കങ്ങള്‍ ശക്തമായിരിക്കുമെന്നുമുള്ള പ്രചാരണം സജീവമായിരുന്നു. രാഹുല്‍ തന്നെ അമരിന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എതിരാളികളുടെ ഈ പ്രചാരണ തന്ത്രത്തിനു തടയിടുകയായിരുന്നു. രാഷ്ട്രീയ നാടകങ്ങള്‍ പലവട്ടം വേദിയായ ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ച നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് രാഹുലിന് പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും മിന്നുംവിജയം അനിവാര്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss