|    May 24 Thu, 2018 1:16 pm
FLASH NEWS

തിരഞ്ഞെടുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍

Published : 15th April 2017 | Posted By: G.A.G

     

നാധിപത്യ മതേതര ചേരിക്കു നിരാശ നല്‍കിക്കൊണ്ട് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. പഞ്ചാബില്‍ ഭരണപങ്കാളിത്തം നഷ്ടപ്പെട്ട ബിജെപി ഗോവയില്‍ അധികാരം നിലനിര്‍ത്തി. മണിപ്പൂരില്‍ ആദ്യമായി അവര്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ആനുകൂല്യമോ ഇല്ലാതിരുന്നിട്ടും രണ്ടു സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ ബിജെപിക്കു കുതിരക്കച്ചവടത്തിന് അവസരം നല്‍കുകയാണു ചെയ്തത്. കോണ്‍ഗ്രസ്സിലെ പടലപ്പിണക്കം ഉത്തരാഖണ്ഡില്‍ അവര്‍ക്കു വിനയായി മാറി. പഞ്ചാബില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ആം ആദ്മി പാര്‍ട്ടിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പതിപ്പായി മാറി യുപിയിലെ തിരഞ്ഞെടുപ്പു ഫലം. വോട്ടുവിഹിതം കുറവായിരിക്കെത്തന്നെ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു. വിലകൊടുത്തു വാങ്ങിയത് എന്നു സംശയിക്കപ്പെടുന്ന എക്‌സിറ്റ് പോള്‍ ഫലത്തെ പോലും കടത്തിവെട്ടിയ ഫലം. വ്യക്തിപ്രഭാവം സ്വാധീനം ചെലുത്തുന്ന പുതിയ ജനാധിപത്യ പ്രവണതയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിക്കു സാധിക്കാതെ വന്നത് അവര്‍ക്കു ദോഷം ചെയ്യുമെന്നു കണക്കുകൂട്ടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പുഫലത്തെ അതു ബാധിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവര്‍  അവസാനിപ്പിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്. 3000ഓളം മുഴുസമയ പ്രവര്‍ത്തകരെ ആ സമയം അവര്‍ സംസ്ഥാനത്തു വിന്യസിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ക്കു മുമ്പേ ബിജെപിയും ആര്‍എസ്എസ്സും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിത്തട്ടില്‍ ഒച്ചപ്പാടില്ലാതെ അവര്‍ അതു നിര്‍വഹിച്ചു. ഫലം കൊയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോള്‍ മുസ്‌ലിം വോട്ടുകളുടെ വിഭജനത്തെക്കുറിച്ചു വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നു. വോട്ടര്‍മാരില്‍ നല്ലൊരു ഭാഗം മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വോട്ടുകള്‍ രാഷ്ട്രീയ പൊതുധാരയില്‍ ചേര്‍ന്നുകിടക്കുകയാണെന്ന് അറിയാത്തവരല്ല ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. ബിഎസ്പിയിലും എസ്പിയിലും കോണ്‍ഗ്രസ്സിലും മറ്റു ചെറുകിട പാര്‍ട്ടികളിലും മുസ്‌ലിം വോട്ടുകള്‍ ചിതറിക്കിടക്കുകയാണ്. ഈ പാര്‍ട്ടികളുടെ നിലപാടല്ലാത്ത മറ്റൊന്നു ഫലവത്തായ മുസ്‌ലിം നിലപാടായി വോട്ടര്‍മാര്‍ പരിഗണിക്കുന്ന രാഷ്ട്രീയാന്തരീക്ഷം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇല്ല. വോട്ടുബാങ്കുകളുടെ അരികുപിടിച്ച സ്വാധീനം മാത്രമേ മുസ്‌ലിം പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും അവകാശപ്പെടാന്‍ കഴിയൂ. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ പല മണ്ഡലങ്ങളിലും വേവ്വേറെ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിഎസ്പിയും എസ്പിയും ബിജെപിയുടെ വഴി സുഗമമാക്കുകയാണുണ്ടായത്. മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ടു ബിഎസ്പിയും എസ്പിയും നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ ഒരുമിച്ചു നേടിയ വോട്ടുകള്‍ 15 മണ്ഡലങ്ങളിലെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ മതിയായതായിരുന്നു.
തിരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയത്ത് മുസ്‌ലിം വോട്ടുകളുടെ ഏകീകരണ ശ്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ സാധാരണമാണ്. മുന്‍പരിചയമോ വ്യക്തമായ രാഷ്ട്രീയ മേല്‍വിലാസമോ ഇല്ലാത്ത ചില വ്യക്തികള്‍ ആ സമയത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചില മീറ്റിങുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ആരുടെ താല്‍പ്പര്യമാണ് അതിനു പിറകിലെന്നു പലപ്പോഴും സംശയിക്കേണ്ടിവരുന്നു. ഒറ്റയ്‌ക്കൊരു മല്‍സരം ജയിക്കാന്‍ മതിയായ തരംഗം സൃഷ്ടിക്കാന്‍ ഈ ശ്രമങ്ങള്‍ മതിയായതല്ല എന്ന കാര്യം വ്യക്തമായിരിക്കെ, ഏതെങ്കിലും ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുകയാണു മുന്നിലുള്ള ഏകവഴി. അത് ഏതു പാര്‍ട്ടിക്ക് എന്നു വ്യക്തമാക്കാനുള്ള സുതാര്യത ഈ ശ്രമങ്ങളില്‍ കാണാറില്ല. അതിലൊരു ഏകീകരണം കൊണ്ടുവരാനുള്ള ചര്‍ച്ചകളും ഉണ്ടാവാറില്ല. ലക്ഷ്യം നിഗൂഢമാണ് എന്നൊരു തോന്നലുണ്ടാവുന്നതു കാരണം കൈയും മെയ്യും മറന്ന് ഈ ശ്രമങ്ങളോടു സഹകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നു.
പതിവിനു വിപരീതമായി ഇത്തവണ മഹാരാഷ്ട്രക്കാരനൊരാള്‍ രണ്ടുവര്‍ഷം മുമ്പുതന്നെ ഇത്തരം ചില ശ്രമങ്ങള്‍ തുടങ്ങിയതായി കണ്ടു. മുസ്‌ലിംലീഗ്, എംഐഎം, അസമിലെ എഐയുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, പീസ് പാര്‍ട്ടി, ഐഎന്‍എല്‍, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളെ ദേശീയതലത്തില്‍ യോജിച്ചൊരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. വ്യക്തിപ്രഭാവമോ രാഷ്ട്രീയസാമൂഹികാടിത്തറയോ ഇല്ലാതെ ഒരു വ്യക്തിക്ക് ഇതിനു കഴിയുമോയെന്ന് ആദ്യമേ ഞാനദ്ദേഹത്തോടു ചോദിച്ചതാണ്. തനിക്കു പലരെയും പരിചയമുണ്ടെന്ന ശുഭാപ്തിവിശ്വാസമായിരുന്നു അദ്ദേഹത്തിന്.

അതു കണ്ടപ്പോള്‍ ഞാന്‍ നിരുല്‍സാഹപ്പെടുത്തിയില്ല. കാത്തിരുന്നുകാണാമെന്നു കരുതി. ഹൈദരാബാദില്‍ എംഐഎമ്മിന്റെ നേതൃത്വത്തെ കാണാന്‍ കഴിഞ്ഞെങ്കിലും അപമാനവും ഇറക്കിവിടലുമായിരുന്നു അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. മൗലാനാ ബദറുദ്ദീന്‍ അജ്മല്‍ വീട്ടിലുണ്ടായിരുന്നിട്ടും സ്ഥലത്തില്ല എന്നുപറഞ്ഞ് ഒഴിവാക്കാന്‍ ശ്രമം നടത്തി. ആള്‍ അകത്തുണ്ടെന്നു മനസ്സിലാക്കി കാത്തുനിന്ന ആ മനുഷ്യനു സ്വാഭാവികമായും അവഗണനതന്നെയാണ് കിട്ടിയത്. പീസ് പാര്‍ട്ടിയും സഹകരിച്ചില്ല. ഡല്‍ഹിയില്‍ ഇ അഹമ്മദ് സാഹിബിനെ കാണുകയും സഹകരിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്നു കേള്‍ക്കാന്‍ കഴിഞ്ഞു. പിന്നീടൊന്നും അറിഞ്ഞില്ല.
യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തന്റെ ശ്രമങ്ങളുമായി സഹകരിക്കാമെന്ന് പീസ് പാര്‍ട്ടിയും എംഐഎമ്മും സമ്മതിച്ചിട്ടുണ്ടെന്ന് ആറുമാസം മുമ്പ് അദ്ദേഹം വിളിച്ചുപറഞ്ഞു. ലഖ്‌നോവില്‍ ഒരു കൂടിച്ചേരല്‍ സംഘടിപ്പിക്കുകയും ചെയ്തു. എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് അതില്‍ പങ്കെടുത്തിരുന്നു. ഒരു കമ്മിറ്റിയുണ്ടാക്കി എന്നല്ലാതെ രാഷ്ട്രീയനയം രൂപീകരിക്കാന്‍ ആ കൂടിച്ചേരലിനും കഴിഞ്ഞില്ല. എല്ലാവര്‍ക്കും തങ്ങളുടേതു മാത്രമായ അജണ്ടയുള്ളതുപോലെ തോന്നി. ആ യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ക്കു ബിജെപിയുടെയും ശിവസേനയുടെയും നേതാക്കളുമായി ഉണ്ടെന്നു സംശയിക്കുന്ന പിന്നാമ്പുറ ബന്ധങ്ങള്‍ പുതുതായി രൂപംകൊണ്ട മുന്നണിയില്‍ കരിനിഴല്‍ വീഴ്ത്തി. ഭാരവാഹികളെ പ്രഖ്യാപിച്ച ഒരു പത്രസമ്മേളനത്തിനപ്പുറം മുന്നോട്ടുപോവാന്‍ അതിനു കഴിഞ്ഞുമില്ല. പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, എംഐഎം, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ഒറ്റതിരിഞ്ഞാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. എംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതിനാലാണു ചിലയിടങ്ങളിലെങ്കിലും ബിജെപിക്കു മുന്നില്‍ എസ്പി, ബിഎസ്പി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.
ശക്തി തെളിയിച്ചാല്‍ തന്നെയും മുസ്‌ലിം പാര്‍ട്ടികളെയോ കൂട്ടായ്മകളെയോ തങ്ങളോടൊപ്പം മുന്നണിചേര്‍ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുവേ തയ്യാറാവാറില്ല. ആ വഴിയിലൊരു വിലപേശലിനു മുസ്‌ലിംകള്‍ക്ക് അവസരം നല്‍കരുതെന്ന് അവര്‍ക്കിടയില്‍ പരസ്പരധാരണയുള്ളതുപോലെ തോന്നും. പല പ്രാവശ്യങ്ങളിലായി യുപിയില്‍ ശക്തിതെളിയിച്ച പീസ് പാര്‍ട്ടിയെ ഒരു മുന്നണിയിലേക്കും ഇതുവരെ പരിഗണിച്ചുകണ്ടില്ല. രാഷ്ട്രീയ ഉലമാ കൗണ്‍സിലിന്റെ കാര്യവും അങ്ങനെത്തന്നെ. രാഷ്ട്രീയ ഉലമാ കൗണ്‍സില്‍ ഇത്തവണ ബിഎസ്പിക്കു നല്‍കിയ പിന്തുണ ഏകപക്ഷീയമായിരുന്നു. സീറ്റ് നല്‍കുന്നതു പോവട്ടെ, ഒരുമിച്ചൊരു കാംപയിന്‍ നടത്താന്‍ പോലും ബിഎസ്പി തയ്യാറായിരുന്നില്ല. മായാവതിയുടെ അഹങ്കാരമാണ് തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമെന്ന് ഉലമാ കൗണ്‍സില്‍ നേതാവ് ആമിര്‍ റഷാദി പറയുകയും ചെയ്തു.
സമാജ്‌വാദി പാര്‍ട്ടിയോടുള്ള വ്യക്തിപരമായ വൈരാഗ്യം മാത്രമാണ് ഡല്‍ഹി ഇമാമും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സെക്രട്ടറിമാരിലൊരാളും ബിഎസ്പിക്കു പിന്തുണ പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്. വോട്ടര്‍മാര്‍ക്കിടയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ ആ പ്രഖ്യാപനത്തിനു കഴിഞ്ഞതുമില്ല. നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ടാംനിര നേതൃത്വവുമായിട്ടെങ്കിലും ഒരു കൂടിക്കാഴ്ചയ്ക്ക് എസ്ഡിപിഐക്ക് അവസരം കിട്ടിയത്. പൊതുനിലപാടില്‍നിന്നു വ്യത്യസ്തമായി ഒരുമിച്ചു വേദികള്‍ പങ്കിടാന്‍ അവര്‍ തയ്യാറായി. അപ്പോഴേക്കും വൈകിപ്പോയിരുന്നു. വ്യാപകമായ കാംപയിന്‍ നടത്താന്‍ സമയമുണ്ടായില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ചര്‍ച്ചയ്ക്കു വരുന്ന ഒന്നാണ് ദലിത്-മുസ്‌ലിം ഐക്യം. ബിഎസ്പി എന്ന ശക്തമായ ദലിത് രാഷ്ട്രീയപ്പാര്‍ട്ടി നിലനില്‍ക്കെതന്നെ ചെറിയ ദലിത് പാര്‍ട്ടികള്‍ വേറെയും യുപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പാര്‍ട്ടികള്‍ പരസ്പരം യോജിക്കാറില്ല. വലിയ അകല്‍ച്ചയും വെറുപ്പും അവര്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നു. മുസ്‌ലിം പാര്‍ട്ടികളുമായി ഒറ്റയ്‌ക്കൊറ്റയ്ക്കു സംസാരിക്കാന്‍ അവര്‍ തയ്യാറാവാറുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടുമാസം മുമ്പ് ബാംസെഫ് എന്ന ദലിത് സംഘടനയുടെ നേതാക്കള്‍ അത്തരമൊരു ശ്രമവുമായി മുന്നോട്ടുവന്നു. ഡല്‍ഹി ഇമാമും സല്‍മാന്‍ നദ്‌വിയുമടക്കം പല നേതാക്കളും തങ്ങളോടു സഹകരിക്കാമെന്നേറ്റിട്ടുണ്ടെന്ന് അവര്‍ പറയുകയും ചെയ്തിരുന്നു. പാര്‍ശ്വഫലം ഉണ്ടാക്കാനേ ഈ കൂട്ടായ്മയ്ക്കും കഴിയൂ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അവരുടെയും രാഷ്ട്രീയ നിലപാട് വ്യക്തമായിരുന്നില്ല. വിശദമായ തിരഞ്ഞെടുപ്പു പത്രികയുമായി വരാമെന്നു പറഞ്ഞു പിരിഞ്ഞുപോയ അവരെ പിന്നീടു കണ്ടിട്ടില്ല.
അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും താല്‍പ്പര്യപ്പെട്ടു രൂപംനല്‍കിയ മുന്നണി മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ആരോഗ്യകരമായ നീക്കം. അതാവട്ടെ അവരുടെ വ്യക്തിപരമായ നീക്കം മാത്രമായി അവശേഷിക്കുകയും ചെയ്തു. മുലായംസിങ് യാദവ് മനസ്സുകൊണ്ട് ഈ കൂട്ടുകെട്ടിനെ അംഗീകരിച്ചില്ല എന്നു മാത്രമല്ല പലപ്പോഴും അതിനു തുരങ്കംവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളെ പ്രചാരണരംഗത്തു കാണാന്‍ കഴിഞ്ഞില്ല. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവുമായി സംസാരിച്ചപ്പോള്‍ വെറുമൊരു തമാശയായി മാത്രമേ അവരൊക്കെ ഈ മുന്നണിയെ കണ്ടിട്ടുള്ളൂവെന്നു മനസ്സിലായി.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ദരിദ്രന്റെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളുടെ പൂര്‍ണ പരിഹാരമാണ് എന്ന നിലപാട് എസ്ഡിപിഐക്ക് ഇല്ല. അതേസമയം, ഫാഷിസ്റ്റ് മുന്നേറ്റത്തിനെതിരെ ഈ തിരഞ്ഞെടുപ്പില്‍ കണ്ട ഏകനീക്കം എന്ന സവിശേഷത ആ പാര്‍ട്ടികളുടെ മുന്നണിചേരലില്‍ കാണാന്‍ കഴിഞ്ഞു. എസ്ഡിപിഐ അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അതു ശരിയായിരുന്നു എന്ന് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തെക്കുറിച്ചു സംശയങ്ങളും പരാതികളും നിലനില്‍ക്കെത്തന്നെ ഈ കാര്യങ്ങള്‍കൂടി തിരഞ്ഞെടുപ്പു വിശകലനത്തില്‍ വരേണ്ടതുണ്ട്.
മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ വര്‍ഗീയചേരിയില്‍ അമിതാവേശം കണ്ടുതുടങ്ങിയിരിക്കുന്നു. മുസ്‌ലിംകള്‍ നാടുവിടണമെന്ന ആഹ്വാനം ചില ഗ്രാമങ്ങളില്‍ വാള്‍പോസ്റ്ററുകളിലൂടെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പള്ളികളുടെ മുകളില്‍ കാവിക്കൊടി നാട്ടി വര്‍ഗീയാക്രമണത്തിനു കാരണമുണ്ടാക്കാനുള്ള ശ്രമവും ഉണ്ടായി. അയോധ്യയില്‍ പള്ളിപൊളിച്ച സ്ഥലത്തു ക്ഷേത്രം പണിയാന്‍ വര്‍ഗീയവാദികള്‍ കൂടുതല്‍ കാത്തുനില്‍ക്കാനിടയില്ല. ബിജെപി കൂടുതല്‍ അപകടകാരികളാവാന്‍ പോവുന്നു എന്നര്‍ഥം. ജനാധിപത്യമര്യാദകളും നിയമങ്ങളും ലംഘിച്ചു ശീലമുള്ള നേതൃത്വത്തിനു കീഴില്‍ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും രണ്ടാംനിര നേതൃത്വത്തിന്റെ സംസാരവും പെരുമാറ്റരീതിയും ഈ അപകടം വിളിച്ചോതുന്നു. തികഞ്ഞ വര്‍ഗീയവാദിയും മതഭ്രാന്തനുമായ യോഗി ആദിത്യനാഥിനെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. തീവ്രമായ ഹിന്ദുത്വ നിലപാടാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ സ്ഥാപകന്‍. പല സായുധ ആക്രമണങ്ങളുടെയും ഗോസംരക്ഷണ സംഘര്‍ഷങ്ങളുടെയും ലൗ ജിഹാദ് പ്രചാരണത്തിന്റെയും പിറകില്‍ പ്രവര്‍ത്തിച്ച വ്യക്തി; നിയുക്ത മുഖ്യമന്ത്രിയുടെ പല വിശേഷണങ്ങളില്‍ ചിലതാണ് ഇതെല്ലാം. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അജണ്ട എന്ത് എന്നകാര്യം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു.
ജനാധിപത്യമാണ് നമ്മുടെ മുന്നിലുള്ള വഴി. അതിനെ കാര്യക്ഷമമാക്കണം. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള ജനവിരുദ്ധ ഫാഷിസ്റ്റ് അജണ്ടകള്‍ നമ്മുടെ രാജ്യത്ത് സ്വാധീനമുറപ്പിക്കാന്‍ തുടങ്ങിയിട്ട് കുറെയേറെ വര്‍ഷങ്ങളായി. അജ്ഞാത കേന്ദ്രങ്ങളില്‍ രൂപംകൊള്ളുന്ന പദ്ധതികള്‍ ഭരണയന്ത്രത്തിലൂടെ ഇന്ത്യയില്‍ നടപ്പാക്കിയത് ബിജെപി മാത്രമല്ല. പക്ഷേ, അതിന്റെ വിളവെടുപ്പു നടത്തുന്നത് അവരാണ്. ആഗോള ഫാഷിസവും ഇന്ത്യന്‍ ഫാഷിസവും ഒന്നുചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നില്‍ ഇപ്പോള്‍ ഫണമുയര്‍ത്തി നില്‍ക്കുന്നു. അവരുടെ പ്രവര്‍ത്തന അജണ്ടയുടെ ചുരുക്കപ്പട്ടിക ഇങ്ങനെ തയ്യാറാക്കാം.
1) ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുതലാളിത്തവല്‍ക്കരണം, മുതലാളിത്ത സംസ്‌കാരം. 2) വര്‍ഗീയത, വെറുപ്പിന്റെ രാഷ്ട്രീയം. 3) മുസ്‌ലിംവേട്ട, മുസ്‌ലിം മേല്‍വിലാസത്തില്‍ കൃത്രിമ സംഭവങ്ങള്‍, മുസ്‌ലിംകളുടെ സാമൂഹിക ബഹിഷ്‌കരണം. 4) സംസ്‌കാരത്തകര്‍ച്ച.
രാജ്യത്തിന്റെ ക്ഷേമരാഷ്ട്രസങ്കല്‍പ്പവും സമത്വഭാവനയും സാഹോദര്യവും ദുര്‍ബലരുടെ നിലനില്‍പ്പും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷിതത്വവും അതുകാരണം അപകടത്തിലാണ്. ജനം ഭയത്തിന് അടിമപ്പെടുന്നു.

ഇതിന്റെ പരിഹാരം താനെ ഉണ്ടാവുമെന്ന പ്രതീക്ഷ മൗഢ്യമാണ്. ജനാധിപത്യത്തില്‍ ഓരോ വ്യക്തിക്കും പങ്കാളിത്തമുണ്ട്, അവകാശമുണ്ട്, ഉത്തരവാദിത്തമുണ്ട്. അതു നിര്‍വഹിക്കാന്‍ യോജിച്ചു മുന്നോട്ടിറങ്ങുകയാണ് വേണ്ടത്. സത്യവും അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് അന്തിമവിജയം ലഭിക്കും.             ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss