|    Apr 21 Sat, 2018 11:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തിരഞ്ഞെടുപ്പ് തോല്‍വി സംഘടനാദൗര്‍ബല്യം കാരണമെന്ന് കെപിസിസി സമിതി

Published : 4th July 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട ദയനീയപരാജയത്തിനു കാരണം സംഘടനാ ദൗര്‍ബല്യമെന്ന് കെപിസിസി വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യവാരം നെയ്യാര്‍ ഡാമില്‍ നടന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനപ്രകാരം നിയോഗിച്ച നാലു മേഖലാ സമിതിയുടെ റിപോര്‍ട്ട് ഇന്ന് കെപിസിസി നേതൃത്വത്തിന് സമര്‍പിക്കും. നാലുമേഖലാ സമിതികളുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അധ്യക്ഷതയില്‍ ഇന്ദിരാഭവനിലാണ് ചേരുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ തിരഞ്ഞെടുപ്പ് തോല്‍വിയാണ് സമിതി വിലയിരുത്തിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് റിപോര്‍ട്ടിലെ പ്രധാന വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സമയത്ത് സംഘടന നിശ്ചലമായിരുന്നു. ബൂത്തുകമ്മിറ്റികള്‍ നിഷ്‌ക്രിയമായിരുന്നു. കുറേക്കാലമായി നേതൃനിരയിലുള്ളവര്‍ പാര്‍ട്ടിയെ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചു. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടമായി.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന നാടകങ്ങള്‍ പ്രവര്‍ത്തകരെ നിരാശരാക്കി. സ്വീകാര്യരല്ലാത്ത സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടംപിടിച്ചതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ്സിലെ വിവിധ തട്ടിലുള്ള ജംബോ കമ്മിറ്റികള്‍ പ്രഹസനമായി. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മണ്ഡലം, ബ്ലോക്ക്, ഡിസിസി തലങ്ങളില്‍ 30നു മുകളില്‍ അംഗങ്ങളായിരുന്നു കമ്മിറ്റികളിലുണ്ടായിരുന്നത്. തിരുവനന്തപുരത്താവട്ടെ ഇത് 125ന് മുകളിലാണ്. അതുകൊണ്ട് ജംബോ കമ്മിറ്റികള്‍ അടിയന്തരമായി പിരിച്ചുവിടണമെന്നാണ് സമിതികളുടെ ശുപാര്‍ശ. ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ പുനസ്സംഘടിപ്പിക്കണം. നേതൃതലത്തില്‍ മാറ്റമുണ്ടാവണം.
കെപിസിസി അടക്കം പുനസ്സംഘടിപ്പിക്കണമെന്നാണ് അഭിപ്രായമെന്നും എന്നാല്‍, അത് തങ്ങളുടെ പരിധിയില്‍പ്പെടാത്തതിനാലാണ് ശുപാര്‍ശ ചെയ്യാത്തെതന്നുമാണ് ഒരു സമിതിയുടെ കണ്‍വീനര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ്സില്‍ പഴയകാലത്തുണ്ടായിരുന്ന നിയോജകമണ്ഡലം കമ്മിറ്റികള്‍ പുനസ്ഥാപിക്കണം. മുതിര്‍ന്ന നേതാക്കളെ ഓരോസ്ഥലത്തും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. പോഷകസംഘടനകളെ പുനരുജ്ജീവിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
കോണ്‍ഗ്രസ്സിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ന്യൂനപക്ഷ- ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടമായി. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഒന്നാകെ എല്‍ഡിഎഫിലേക്ക് പോയതാണ് കനത്ത തിരിച്ചടിയായത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയ പ്രചാരണം ഫലം കണ്ടു. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്സും പിടിച്ചത് കോണ്‍ഗ്രസ് വോട്ടുകളായിരുന്നു. ചിലയിടങ്ങളില്‍ ഗ്രൂപ്പുപോരും ഫണ്ടുപിരിവും തോല്‍വിക്ക് കാരണമായിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലല്ല, ഗ്രൂപ്പുകള്‍ക്കുള്ളിലായിരുന്നു പ്രശ്‌നം. അതേസമയം, സാധാരണ തിരഞ്ഞെടുപ്പിലുണ്ടാവുന്ന ഗ്രൂപ്പുപോര് ഇത്തവണയുണ്ടായിട്ടില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. തദ്ദേശതിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളുമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാത്തത് നിയമസഭാ തിരഞ്ഞെടുപ്പിലും നിഴലിച്ചു. മലബാര്‍ മേഖലയില്‍ ലീഗുമായുണ്ടായ തര്‍ക്കമാണ് ഇതില്‍ പ്രധാനം. ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥ് അപ്രാപ്യനാണെന്നായിരുന്നു ജനങ്ങളുടെ വികാരം. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിഷ്ണുനാഥ് പരാജയപ്പെട്ടു. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎല്‍എയും തമ്മില്‍ വലിയ അകല്‍ച്ചയായിരുന്നു. മുതിര്‍ന്ന നേതാക്കളുമായിട്ടായിരുന്നു വിഷ്ണുനാഥിന്റെ ബന്ധം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിക്കേണ്ട ബൂത്ത്, ബ്ലോക്കുതല കമ്മിറ്റികള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതിയാണ് സ്ഥാനാര്‍ഥികള്‍ പ്രധാനമായും ഉന്നയിച്ചത്. സ്ഥാനാര്‍ഥികള്‍, സംഘടനാ ഭാരവാഹികള്‍, പരാതിയുള്ളവര്‍ എന്നിവരില്‍നിന്നാണ് മേഖലാ സമിതികള്‍ തെളിവുകള്‍ ശേഖരിച്ചത്. കെപിസിസി ഭാരവാഹികളായ ജോണ്‍സണ്‍ എബ്രഹാം, ഭാരതിപുരം ശശി, സജീവ് ജോസഫ്, വിഎ നാരായണന്‍ എന്നിവരാണ് മേഖലാസമിതികളുടെ കണ്‍വീനര്‍മാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss