|    Aug 18 Fri, 2017 6:51 am
FLASH NEWS

തിരഞ്ഞെടുപ്പ് : കാംപസുകളില്‍ ഇന്ന് തീപാറും പോരാട്ടം

Published : 10th August 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലെ കാംപസുകള്‍ ഇന്ന് വിധിയെഴുത്തും. സര്‍വകലാശാലയൂനിയന്‍ ഭരണം നിലനിര്‍ത്തുന്നതിന് എസ്എഫ്‌ഐയും ഭരണം തിരിച്ചുപിടിക്കുന്നതിന് എംഎസ്എഫ്-കെഎസ്‌യു സഖ്യവും തമ്മില്‍ തീപാറും പോരാട്ടമാണ്  നടക്കുന്നത്. കഴിഞ്ഞ തവണയുള്ളതിനേക്കാള്‍ എസ്എഫ്‌ഐക്ക് സീറ്റുകളുണ്ടാവുമെന്നും സര്‍വകലാശാല യൂനിയന്‍ ഭരണം ഈ തവണയും തങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു. അക്കാദമിക് താല്‍പര്യങ്ങളെക്കാള്‍ പാര്‍ട്ടിതാല്‍പര്യങ്ങളാണ് വിദ്യാഭ്യാസ മേഖലഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളിലും നടപ്പാക്കുന്നതിനാല്‍ കുത്തഴിഞ്ഞ വിദ്യാഭ്യാസ നയത്തിനെതിരെയും രാജ്യത്തുള്ള വര്‍ഗീയവല്‍ക്കരണത്തിനെതിരെയുമുള്ള കാംപസുകളുടെ പ്രതികരണമാണ് എംഎസ്എഫിന്റെ വിജയമെന്നും സര്‍വകലാശാല യൂനിയന്‍ ഭരണം എംഎസ്എഫ് കെഎസ്‌യു സഖ്യം തിരിച്ചുപിടിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, വയനാട്, ജില്ലകളില്‍ എസ്എഫ്‌ഐ നില മെച്ചപ്പെടുത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, പ്രൊവിഡന്‍സ് വുമന്‍സ് കോളജ് എന്നിവിടങ്ങളില്‍ നാക് ടീം സന്ദര്‍ശിക്കുന്നതിനാല്‍ ഇന്നത്തെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയിലെ പത്ത് ഗവ. കോളജുകളില്‍ ഒമ്പതിലും എസ്എഫ്‌ഐ ആയിരുന്നു വിജയിച്ചത്. ജില്ലയിലെ ആറ് പ്രധാന എയ്ഡഡ് കോളജുകളില്‍ മുന്‍ തവണ എസ്എഫ്‌ഐക്കൊപ്പമായിരുന്നു. കഴിഞ്ഞതവണത്തെപോലെ ഫാറൂഖ് കോളജ് എംഎസ്എഫിനൊപ്പമാണ്.  ഈപ്രാവശ്യവും ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ എംഎസ്എഫിനാണ് ഭൂരിപക്ഷം. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തവണ 31 കോളജുകളില്‍ 27എണ്ണം എസ്എഫ്‌ഐ ക്കായിരുന്നു. ഈ തവണ 38 കോളജുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഭൂരിപക്ഷവും എസ്എഫ്‌ഐക്കായിരിക്കുമെന്നാണ് ഇവരുടെ പ്രവചനം. വിടിബി കോളജ് ശ്രീകൃഷ്ണപുരം, നേതാജി കോളജ് നെന്മാറ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ്, ഡബ്ല്യുഎംഒ മുട്ടില്‍, എംഇഎസ് മണ്ണാര്‍ക്കാട്, കോട്ടക്കല്‍ ഫാറൂഖ് കോളജ് എന്നിവിടങ്ങളില്‍ എംഎസ്എഫ്, കെഎസ്‌യു, എസ്എഫ്‌ഐ എന്നിങ്ങനെ ത്രികോണമല്‍സരമാണ് നടക്കുന്നത്. മലപ്പുറം ജില്ലയാണ് എംഎസ്എഫിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ത്. സ്വാശ്രയ കോളജുകള്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് നടത്താതെ സംസ്ഥാനത്ത് ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് യുയുസി മാരുടെ പേരുകള്‍ എഴുതിക്കൊടുക്കുകയാണ് പതിവ്. കെഎസ്‌യുവിന് പുതിയ കമ്മിറ്റികള്‍ വന്നെങ്കിലും കോളജുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിന് മുന്നൊരുക്കങ്ങളൊന്നും ഇവര്‍ നടത്തിയിട്ടില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് ഫലത്തിലും കെഎസ്‌യു നേതാക്കള്‍ക്ക് വലിയ പ്രതീക്ഷയില്ല. പിജിക്കാര്‍ക്ക് വോട്ടവകാശമില്ലാത്ത തിരഞ്ഞെടുപ്പാണ് ഈ തവണത്തേതെന്ന പ്രത്യേകതയുമുണ്ട്. സംഘര്‍ഷങ്ങള്‍ തടയുന്നതിന് പോലിസ് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക