|    Sep 23 Sun, 2018 6:39 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

തിരഞ്ഞെടുപ്പ് കമ്മീഷനോ, അതെന്തുവാ?

Published : 17th January 2017 | Posted By: fsq

നാട്ടുകാര്യം

കുന്നത്തൂര്‍  രാധാകൃഷ്ണന്‍

തിരഞ്ഞെടുപ്പു കാലത്ത് മാത്രം പൊട്ടിമുളയ്ക്കുകയും വോട്ടെണ്ണലോടെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന അസാധാരണവും അസുലഭവുമായ ഒരു ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നെഹ്‌റുവിന്റെ കാലത്തോളം പഴക്കമുണ്ടെങ്കിലും കമ്മീഷന്‍ എന്ന വിചിത്രവസ്തു ജീവിച്ചിരിപ്പുണ്ടെന്ന് മാലോകര്‍ക്ക് മനസ്സിലായിട്ട് അധികകാലമായിട്ടില്ല. തനി പാലക്കാടന്‍ പട്ടരായ ടി എന്‍ ശേഷന്‍ എന്ന ഉഗ്രപ്രതാപി തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെയാണ് സംഗതിക്ക് പുലിസ്വഭാവമുണ്ടെന്ന് ജനം പറയാന്‍ തുടങ്ങിയത്. തലങ്ങും വിലങ്ങും നിറംനോക്കാതെയുള്ള അടിയായിരുന്നു ശേഷന്‍ അങ്ങുന്നിന്റെ ഇഷ്ടവിനോദം. ശേഷം സ്‌ക്രീനില്‍ എന്നപോലെ ഒരു സസ്‌പെന്‍സിന്റെ നിഗൂഢത ആശാന്റെ കൂടപ്പിറപ്പായിരുന്നു. എന്നോടാരാ ചോദിക്കാന്‍ എന്ന മട്ടില്‍ അതുവരെ വിലസിയിരുന്ന രാഷ്ട്രീയകക്ഷികള്‍ പകച്ചുനിന്ന നാളുകളായിരുന്നു അത്. ”അന്നെ ഇപ്പം ശരിയാക്കിത്തരാം” എന്ന മട്ടിലായിരുന്നു ശേഷന്‍ കൊമ്പനാനയെപ്പോലെ തലയുയര്‍ത്തി നിന്നത്. അടുത്ത തല അന്റെയോ ഇന്റെയോ എന്ന് നേതാക്കള്‍ ചോദിച്ചിരുന്ന കാലം. പട്ടര് അതിരുകടക്കുന്നുവെന്ന് തോന്നിയപ്പോള്‍ വികെഎന്‍ ശൈലിയില്‍ പറയുകയാണെങ്കില്‍ സുപ്രിംകോടതി ‘എടപെട്ടളഞ്ഞു.’ കമ്മീഷണറുടെ അമിതാധികാരപ്രയോഗത്തെ പലവട്ടം കണ്ണുരുട്ടി ശാസിച്ചു. പട്ടരുണ്ടോ വഴങ്ങുന്നു? പോനാല്‍ പോകട്ടും പോടാ എന്ന മട്ടില്‍ കോടതിയുടെ ശാസന പാലക്കാടന്‍ മട്ടില്‍ തട്ടിത്തെറിപ്പിച്ചു. ശേഷന്‍ അതിവെളവനാണെന്നു നിരൂപിച്ച കോടതി രണ്ട് കമ്മീഷണര്‍മാരെ കൂടി നിയമിക്കാന്‍ ഉത്തരവിട്ടു. അങ്ങനെ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി. സഹായികളായി രണ്ടു കമ്മീഷണര്‍മാര്‍ നിയമിതരായി. കോടതി ശേഷന്റെ ചിറകരിഞ്ഞു എന്നായിരുന്നു പത്രങ്ങളിലെ തലയില്‍ക്കെട്ട്. എന്നാല്‍, ശേഷന്‍ മറ്റ് കമ്മീഷണര്‍മാരെ മൈന്‍ഡ് ചെയ്തില്ല. ഫയലുകളെല്ലാം തനിച്ച് മേശയിലിട്ടു പൂട്ടി താക്കോല്‍ അരയില്‍ തിരുകി. പുതിയ കമ്മീഷണര്‍മാര്‍ നോക്കുകുത്തികളായതോടെ സുപ്രിംകോടതി വാളും പരിചയുമായി വീണ്ടും കളത്തിലിറങ്ങി ശേഷനെ പേടിപ്പിച്ചു. ”തീരുമാനങ്ങളെടുക്കും മുമ്പ് മറ്റ് കമ്മീഷണര്‍മാരുമായി ശേഷന്‍ ചര്‍ച്ചചെയ്യണം. ഇല്ലെങ്കില്‍ ശിക്ഷ ഭയാനകമായിരിക്കും.” ഇതുസംബന്ധിച്ച് തലസ്ഥാന നഗരിയിലെ ഭീമന്‍ പരുന്തുകള്‍ ചോദ്യമുതിര്‍ത്തപ്പോള്‍ ആംഗ്യഭാഷയിലായിരുന്നു ശേഷന്റെ മറുപടി. അങ്ങനെ തട്ടിമുട്ടി ശേഷന്‍ സ്ഥാനമൊഴിഞ്ഞു. രാഷ്ട്രപതിസ്ഥാനത്തേക്കു മല്‍സരിച്ച് തോറ്റമ്പി എന്നത് മറ്റൊരു വിശേഷം. എന്നാല്‍, അതിനുശേഷം കമ്മീഷന് ഉശിരും പുളിയും പോയി. കമ്മീഷണര്‍മാര്‍ ഊഴമിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്നല്ലാതെ മറ്റ് അദ്ഭുതങ്ങളൊന്നും സമീപകാലത്ത് സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ കമ്മീഷന്‍ വീണ്ടും സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. തിരഞ്ഞെടുപ്പു മാമാങ്കത്തിന്റെ കാലമായല്ലോ! വിദ്വേഷപ്രസംഗത്തിന്റെ ആചാര്യനായ സാക്ഷി മഹാരാജിന് കഴിഞ്ഞ ദിവസം കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ചങ്ങായ് വര്‍ഗീയ വിഷം തൂറ്റി നാറ്റിച്ചതിനായിരുന്നു നോട്ടീസ്. സ്വയം ന്യായീകരണക്കസര്‍ത്ത് കാണിച്ചുകൊണ്ടാണ് വര്‍ഗീയകോമരം ചേട്ടന്‍ കാരണംകാണിക്കലിന് മറുപടി നല്‍കിയത്. കമ്മീഷന്‍ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. മഹാരാജാവായ സാക്ഷിയെ ശാസിക്കുകയും ചെയ്തു. ഇനി കോമരം തുള്ളിയാല്‍ നടപടിയെടുക്കുമെന്നാണ് കമ്മീഷന്റെ താക്കീത്. മനസ്സാക്ഷിയില്ലാത്ത സാക്ഷിയെ നിലയ്ക്കുനിര്‍ത്താന്‍ കമ്മീഷന് സാധിക്കുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സാക്ഷി പ്രതിയായി പ്രസംഗിക്കുന്നത് തടയാമായിരുന്നു. അതു ചെയ്തില്ല. പകരം താക്കീത്. സാക്ഷി ആദ്യമായിട്ടല്ല വര്‍ഗീയകോമരത്തിന്റെ വേഷം കെട്ടുന്നത് എന്ന് കമ്മീഷന് അറിയാന്‍ പാടില്ലാത്തതല്ല. പിന്നെ എന്തുകൊണ്ട് കര്‍ക്കശമായ നടപടിയില്ല? ആ രഹസ്യം കമ്മീഷനു മാത്രമേ അറിയാവൂ. ശേഷനെപ്പോലെ ഇടംവലം നോക്കാതെ ആഞ്ഞുവെട്ടാന്‍ മ്മളില്ലേ എന്നാണോ കമ്മീഷന്‍ സൂചിപ്പിക്കുന്നത്. അതോ കാലം മാറിയതിനാലോ? നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍പമ്പുകളിലെ പരസ്യങ്ങളില്‍ രക്ഷകനായ മോദിയുടെ ചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അവ നീക്കംചെയ്യാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ആമയുടെ വേഗത്തിലേ ആ പണി നടക്കൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മോദി രക്ഷകനായി തന്നെ തുടരുമെന്നാണ് ദുസ്സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss