|    Mar 25 Sat, 2017 7:33 am
FLASH NEWS

തിരഞ്ഞെടുപ്പ് ഒരു വ്യവസായം

Published : 24th April 2016 | Posted By: sdq

hridaya thejas
വോട്ടെടുപ്പ് അടുത്തുവരുകയാണ്. തിരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ആരുമുണ്ടാവുകയില്ല. രാഷ്ട്രീയമാറ്റത്തിന്റെ സമരായുധമാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ച്, രാഷ്ട്രീയ നേതൃത്വങ്ങളെ കുറിച്ച്, ഭരണനിര്‍വഹണത്തെ കുറിച്ച് വിശകലനം നടത്താനും അപഗ്രഥിക്കാനും ജനങ്ങള്‍ക്കു ലഭ്യമാവുന്ന അവസരം. പുനരാലോചനയ്ക്കും പുനസ്സംവിധാനത്തിനും ജനങ്ങള്‍ക്കു കിട്ടുന്ന ഊഴം. എന്നാല്‍, ഇത്തരമൊരു ചിന്താഗതിയാണോ തിരഞ്ഞെടുപ്പുകാലത്ത് നമ്മെ സ്വാധീനിക്കുന്നത്? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നമ്മുടെ ചര്‍ച്ചകളുടെയും വാദങ്ങളുടെയും മര്‍മം ജനകീയ താല്‍പര്യങ്ങളോ ജനക്ഷേമമോ ആണോ? തികച്ചും ജനവിരുദ്ധരെന്നും സാമൂഹിക വിരുദ്ധരെന്നും പിന്തിരിപ്പന്മാരെന്നും ബോധ്യപ്പെട്ട വ്യക്തികളെയെങ്കിലും ഭരണരംഗങ്ങളില്‍ നിന്നു തൂത്തെറിയാനുള്ള സന്ദര്‍ഭമായിട്ടാണോ നമ്മില്‍ അധികപേരും വോട്ടെടുപ്പിനെ ഉപയോഗപ്പെടുത്തുക. തെറ്റാവട്ടെ, ശരിയാവട്ടെ എന്റെ പാര്‍ട്ടി, എന്നതല്ലേ നമ്മുടെ മുദ്രാവാക്യങ്ങളുടെയും രാഷ്ട്രീയ പ്രമേയങ്ങളുടെയും ആകത്തുക.
എന്താണ് ജനാധിപത്യം? ജനങ്ങളുടെ വോട്ട് കൊണ്ട് ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന ഭരണവ്യവസ്ഥയെന്ന് ആ പദത്തിന് അര്‍ഥം പറയാറുണ്ട്. പക്ഷേ, അങ്ങനെ തിരഞ്ഞെടുക്കുന്നവരൊക്കെയും ജനാധിപത്യ വിശ്വാസികളാവണമെന്നതിന് യാതൊരുറപ്പുമില്ലെന്ന് നിരവധി അനുഭവങ്ങള്‍ തെളിവു നല്‍കുന്നുണ്ട്. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ചാന്‍സലറായിത്തീര്‍ന്നത് ഭരണഘടനാനുസൃതമായ തിരഞ്ഞെടുപ്പിലൂടെ തന്നെയായിരുന്നില്ലേ? ജനങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിച്ച പാര്‍ട്ടിയുടെ നേതാവ് എന്ന നിലയ്ക്ക് തന്നെയായിരുന്നല്ലോ ആ അധികാരാരോഹണം. ഈ ദുസ്ഥിതി നമ്മുടെ സ്ഥലത്തും സമയത്തും സംഭവിക്കുന്നില്ലേ?
തിരഞ്ഞെടുപ്പ് നമുക്ക് ഒരു സമരായുധമാവുന്നില്ല. രാഷ്ട്രീയ പ്രമേയങ്ങളോ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോ അല്ല തിരഞ്ഞെടുപ്പുവേളകളില്‍ വിഷയങ്ങളായിത്തീരുന്നത്. പണം നിക്ഷേപിച്ചു കൂടുതല്‍ പണം കൊയ്‌തെടുക്കാനുള്ള ഒരു വ്യവസായമായി അത് തരംതാണു കഴിഞ്ഞിരിക്കുന്നു. സാധ്യമായതെന്തും ചെയ്യാന്‍ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും പേടിയോ നാണമോ ഇല്ലാത്ത ഒരു പരിധിയിലേക്ക് തിരഞ്ഞെടുപ്പുരംഗം തരംതാഴ്ന്നിട്ടുണ്ട്. രാഷ്ട്രീയമായ നിലപാടുകളുടെ പേരില്‍ വോട്ടഭ്യര്‍ഥിക്കുന്ന കാലം കഴിഞ്ഞുപോയി.
ഓഫ് ഇലക്ഷനീറിങ്, കറപ്ഷന്‍ ആന്റ് പൊളിറ്റിക്കല്‍ മാഫിയോസി എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ ആന്റ് വേള്‍ഡ് ദൈ്വവാരികയില്‍ (ഡിസംബര്‍ 16,1993) കെ പി പ്രകാശം എഴുതിയ ലേഖനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ആശ്ചര്യകരമായ ഒരു കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ സുബ്രഹ്മണ്യം എന്നു പേരായ ഒരു പരിചയക്കാരനുണ്ടായിരുന്നു അദ്ദേഹത്തിന്. ഇലക്ഷന്‍ കാലത്ത് അയാള്‍ക്ക് വമ്പിച്ച തിരക്കായിരിക്കും. ഒരു ഇലക്ഷന്‍ സീസണില്‍ ഒരു വര്‍ഷത്തേക്കുവേണ്ട വരുമാനം അയാള്‍ സമ്പാദിച്ചിരിക്കും. 200 പേരുടെ ഒരു സംഘം അയാളോടൊപ്പമുണ്ടാവും. അവരില്‍ പുരുഷന്മാര്‍ക്ക് 30 രൂപ വീതവും സ്ത്രീകള്‍ക്ക് 20 രൂപ വീതവുമാണ് പ്രതിഫലം. സുബ്രഹ്മണ്യം രാവിലെ ഒരു പാര്‍ട്ടിയുടെ പ്രചാരണത്തിനായി തന്റെ സംഘത്തെ നിയോഗിക്കും. വൈകുന്നേരം തന്റെ സംഘത്തെ ഏര്‍പ്പെടുത്തുക മറ്റൊരു പാര്‍ട്ടിയുടെ പ്രചാരണത്തിനുവേണ്ടിയാവും. രണ്ടുമണിക്കൂര്‍ നേരത്തെ പ്രചാരണപരിപാടിക്ക് 10,000 രൂപവരെ വാങ്ങിക്കും. മതിയായ തുക കൊടുക്കുകയാണെങ്കില്‍ പ്രചാരണം കൊഴുപ്പിക്കാനായി സുബ്രഹ്മണ്യം ലാത്തിച്ചാര്‍ജും കല്ലേറും അതുപോലുള്ളവയും സംഘടിപ്പിച്ചുകൊടുക്കും.’
മറുചേരിയിലുള്ളവര്‍ക്കെതിരില്‍ എത്ര ഗുരുതരമായ ആരോപണവും ഉന്നയിക്കാന്‍ തിരഞ്ഞെടുപ്പ് രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ക്കു യാതൊരു വൈമുഖ്യവുമില്ല. വാഗ്ദാനങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാവുകയില്ല. ഇതിനൊക്കെ അപവാദങ്ങളുണ്ടാവാം. പണ്ടുകാലങ്ങളില്‍ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും മാന്യതയും സത്യസന്ധതയും പുലര്‍ത്തിയവര്‍ ധാരാളം പേരുണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് എം റഷീദ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും തോല്‍ക്കുമെന്നു കരുതിയ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിക്കാനായി അദ്ദേഹം ബ്രിട്ടിഷുകാരനായ കോമണ്‍വെല്‍ത്ത് കമ്പനിക്കാരനായ വോട്ടറെ കണ്ടു. അദ്ദേഹം വോട്ട് അഭ്യര്‍ഥിച്ചത് ഇങ്ങനെ: ‘എന്റെ പേര് മുഹമ്മദ് അബ്ദുറഹിമാന്‍. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ നിന്നു ഞാന്‍ മല്‍സരിക്കുന്നു. കൗണ്‍സിലറാവാന്‍ ഞാന്‍ യോഗ്യനാണെങ്കില്‍ എനിക്കു വോട്ടു ചെയ്യണം’. ഈ രീതി ശരിയല്ലെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അങ്ങനെയേ ഞാന്‍ വോട്ടു പിടിക്കൂ എന്നായിരുന്നു സാഹിബിന്റെ മറുപടി. 

(Visited 84 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക