|    Sep 24 Mon, 2018 7:05 am
FLASH NEWS
Home   >  Editpage  >  Article  >  

തിരഞ്ഞെടുപ്പു സംവിധാനം കുറ്റമറ്റതാക്കണം

Published : 9th January 2018 | Posted By: kasim kzm

കെ  എം  സലീം പത്തനാപുരം

നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പുകള്‍ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഭരണഘടനയുടെ അനുച്ഛേദം 324 അനുസരിച്ച് തിരഞ്ഞെടുപ്പു കമ്മീഷനുള്ളത്. എന്നാല്‍, തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി എന്‍ ശേഷന്‍ 1990 ഡിസംബര്‍ 12ന് ഇന്ത്യയുടെ 10ാമത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ ചുമതലയില്‍ എത്തുന്നതു വരെ കമ്മീഷന്റെ ഉത്തരവാദിത്ത നിര്‍വഹണങ്ങള്‍ സംബന്ധിച്ചു സമ്മതിദായകര്‍ക്കിടയില്‍ കാര്യമായ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പുകളിലെ അധികച്ചെലവിനും അഴിമതികള്‍ക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന നിയന്ത്രണങ്ങളും സുപ്രധാനമായ ചില പരിഷ്‌കാരങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. അതുപോലെ തന്നെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളാണെന്ന പൊതുജന ധാരണയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുത്തി.ഇന്ത്യയില്‍ ഇപ്പോള്‍ പാര്‍ലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കെല്ലാം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പാര്‍ലമെന്റ് 1989ല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിനു നിയമപ്രാബല്യം നല്‍കി. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ യന്ത്രം ഉപയോഗിക്കുകയും ചെയ്തു. 2004ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ വ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. പുതിയ സംവിധാനം സമ്മതിദായകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ സൗകര്യപ്രദമായിരുന്നുവെങ്കിലും അതിന്റെ വിശ്വാസ്യതയില്‍ ആശങ്കകളും നിലനിന്നിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പൂര്‍ണമായും വിശ്വസനീയവും കുറ്റമറ്റതുമാണെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം നിലനില്‍ക്കുമ്പോഴും ഈ യന്ത്രം കുറ്റമറ്റതാണെന്നു പറയാന്‍ പറ്റില്ലെന്ന വാദം ഉണ്ടായിരുന്നു.ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ഏറെ മുന്‍പന്തിയിലുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം ഉപയോഗിക്കാതിരിക്കുകയോ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുകയോ ചെയ്തു. യുഎസില്‍ പോലും പൂര്‍ണമായും ഇലക്ട്രോണിക് രീതി പിന്തുടരുന്നില്ല. എന്നാല്‍, വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നു പരസ്യമായി തെളിയിക്കപ്പെടേണ്ടതാണെന്ന രാജ്യത്തെ പല പ്രധാന രാഷ്ട്രീയകക്ഷികളുടെയും ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കിലെടുത്തിരുന്നില്ല. ഏതാനും വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി ഒരു യന്ത്രം വിട്ടുനല്‍കണമെന്ന ഗവേഷകന്റെ ആവശ്യവും കമ്മീഷന്‍ നിരാകരിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പുകള്‍ കുറ്റമറ്റതായിരിക്കണമെന്ന് ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായവരില്‍ നിന്നു തന്നെ വരുന്ന ഈ നടപടികള്‍ ജനങ്ങളുടെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. നിലവിലെ വോട്ടിങ് യന്ത്രം ഉദ്യോഗസ്ഥരുടെ സഹായത്താല്‍ കൃത്രിമം നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണെന്ന് ഡല്‍ഹി നിയമസഭയില്‍ പരസ്യമായി പ്രവര്‍ത്തിപ്പിച്ച് പൊതുജനങ്ങളെയും തിരഞ്ഞെടുപ്പു കമ്മീഷനെയും ബോധ്യപ്പെടുത്താന്‍ എഎപി സാമാജികര്‍ക്കു സാധിച്ചു. എന്നിട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാത്രം അത് അംഗീകരിക്കാനോ വിശ്വസിക്കാനോ തയ്യാറാവുന്നില്ല. നിലവിലെ കമ്മീഷണര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാന്‍ നിര്‍ബന്ധിതനായിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ് കരുതേണ്ടത്. എതിര്‍പ്പ് രൂക്ഷമായപ്പോഴാണ് കമ്മീഷന്‍ വിവിപാറ്റ് സമ്പ്രദായം കൊണ്ടുവന്നത്. അതുപ്രകാരം വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അച്ചടിച്ച ചെറിയ കടലാസ് സമ്മതിദായകനു ലഭിക്കുന്നു. അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം വോട്ടര്‍ക്ക് കാണാന്‍ കഴിയും. അത് പിന്നീട് യന്ത്രത്തിനുള്ളിലേക്ക് തന്നെ വീഴുന്നതാണ് വിവിപാറ്റ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ 36 ബൂത്തുകളില്‍ ഇതുപ്രകാരം വോട്ടെടുപ്പ് നടന്നു.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പാര്‍ട്ടികളെ ഏറെ പിന്നിലാക്കിക്കൊണ്ട് വര്‍ഗീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താന്‍ സാധിച്ചതിന്റെ പ്രധാന കാരണം വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ കൃത്രിമമാണെന്നു പലരും കരുതുന്നു. അതിനാല്‍, പുതിയ വോട്ടിങ് യന്ത്രങ്ങളിലും യഥേഷ്ടം കൃത്രിമം ചെയ്യാനാവുമെന്ന സംശയം ബാക്കിനില്‍ക്കുന്നു.സമ്മതിദായകരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്ന മൂര്‍ച്ചയേറിയ ആയുധങ്ങളായിരുന്നു അടുത്തകാലം വരെയുള്ള ബാലറ്റ് പേപ്പറുകളും പരിഷ്‌കരിച്ച വോട്ടിങ് യന്ത്രങ്ങളും. എന്നാല്‍ ഇക്കാലമത്രയും അധികാരത്തിലെത്തുന്നതിന് വേണ്ടി തെറ്റായ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നവര്‍ ഇന്നു തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയാണ് സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്.  തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനം ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളായി മാറിത്തുടങ്ങിയാല്‍ നഷ്ടപ്പെടാന്‍ പോവുന്നത് രാജ്യത്തെ ജനങ്ങള്‍ ജീവന്‍ ബലിയര്‍പ്പിച്ചു നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളുമാണ്.                               ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss