|    Jan 18 Wed, 2017 9:52 am
FLASH NEWS

തിരഞ്ഞെടുപ്പു വരുമ്പോഴുള്ള മല്‍സരയിനങ്ങള്‍

Published : 21st December 2015 | Posted By: SMR

സപ്താദ്ഭുതങ്ങള്‍ക്കുശേഷം ഉണ്ടായ എട്ടാമത്തെ അദ്ഭുതം കേരളത്തിലെ കോണ്‍ഗ്രസ് ഒരൊറ്റ പാര്‍ട്ടിയായി നിലനില്‍ക്കുന്നതാണെന്ന് ജനങ്ങള്‍ ചിന്തിച്ചുപോവാറുണ്ട്. കോണ്‍ഗ്രസ്സുകാര്‍ പരസ്പരം നടത്തുന്ന ഓണത്തല്ലുകള്‍ എത്രയോ കാലമായി കേരളത്തിലെ ജനങ്ങളുടെ വിരസതയകറ്റുന്ന വഴിയോരക്കാഴ്ചകളിലൊന്നാണ്. 10 കോണ്‍ഗ്രസ്സുകാര്‍ ഒന്നിച്ചിരിക്കുന്ന ഏതൊരു വേദിയിലും ഒരു തല്ലിന്റെ സാധ്യത ജനങ്ങള്‍ പ്രതീക്ഷിക്കാറുണ്ട്. ഇത് എന്തുകൊണ്ടാണെന്നതിന് വലിയ ഗവേഷണങ്ങളൊന്നും ആവശ്യമില്ല. മനുഷ്യസഹജമായ, കാമക്രോധമോഹങ്ങള്‍കൊണ്ടല്ലാതെ ഏതെങ്കിലും തരത്തിലുള്ള ആദര്‍ശപരതയുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തുന്നവര്‍ എത്രപേരുണ്ടാവും എന്ന് അന്വേഷിക്കുന്നത് കോണ്‍ഗ്രസ്സുകാര്‍ക്കു കൗതുകകരമായിരിക്കും. അത്തരമൊരു ആഭ്യന്തര സാഹചര്യമുള്ള പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടിയേക്കാള്‍ കൊഴുത്ത നേതാക്കള്‍ പെരുകിയാലുണ്ടാവുന്ന അസ്‌ക്യത ഊഹിക്കാവുന്നതേയുള്ളൂ.
ഈ തിക്കും തിരക്കും കണ്ട് മനസ്സലിയുമ്പോഴാണ് കരുണാവാരിധിയായ ഹൈക്കമാന്‍ഡ് ചിലരെ ഡല്‍ഹിയിലേക്ക് എടുത്ത് ഠാ വട്ടത്തിലുള്ള കേരളപ്രദേശില്‍ ശ്വാസമെടുക്കാന്‍ ഇത്തിരി ഇടം ഉണ്ടാക്കുന്നത്. മോഹസാഫല്യങ്ങളുടെ ഇത്തരം ചില ഇടവേളകളില്‍ കോണ്‍ഗ്രസ്സിനെ ഒരൊറ്റ പാര്‍ട്ടിയായി കണ്‍പാര്‍ക്കാനുള്ള ഭാഗ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സുകാരുടെ ഭാഷയിലുള്ള ഈ ‘ഉള്‍പാര്‍ട്ടി ജനാധിപത്യം” പൊതുവെ അരസികമായ രാഷ്ട്രീയഭൂമികയെ രസസാന്ദ്രമാക്കുന്നു എന്ന് സമ്മതിച്ചേ പറ്റൂ.
സുധീരന്‍, സോളാര്‍, കള്ള്, ബാര്‍ കോഴ തുടങ്ങിയ മല്‍സരയിനങ്ങള്‍ക്കുശേഷം ഒരു കത്തുപാട്ടിന്റെ ഈണത്തിലാണ് കോണ്‍ഗ്രസ്സിലെ പോര് ഇപ്പോള്‍ മുറുകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതൃമാറ്റം ഉണ്ടാവണമെന്നും മാറിവരുന്നത് മേല്‍ജാതി ഹിന്ദുനേതൃത്വം ആവണമെന്നും രമേശ് ചെന്നിത്തല ഹൃദയംപൊട്ടി ഇ-മെയില്‍ വഴി എഴുതിയ കത്തില്‍ പറയുന്നുവെന്നാണ് ആരോപണം.
ഇത്തരമൊരു കത്ത് താനെഴുതിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല ആണയിടുമ്പോഴും കത്ത് വ്യാജമാണെങ്കിലും അതില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന തീര്‍ത്തും തത്ത്വചിന്താപരമായ വിശദീകരണവുമായിട്ടാണ് ഒരുവിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. ഭാരതീയ തത്ത്വചിന്തപ്രകാരം എല്ലാം മായയാണെങ്കിലും കോണ്‍ഗ്രസ്സിനുള്ളിലെ മറിമായങ്ങള്‍ നല്‍കുന്ന ചില സൂചനകള്‍ അത്ര ശുഭകരമാണെന്നു പറയാന്‍ കഴിയില്ല. നേതൃത്വത്തോടുള്ള കൊതി നിയമവിരുദ്ധമല്ലെങ്കിലും വാസ്തവവിരുദ്ധമായ പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭീതികള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. ന്യൂനപക്ഷാധിപത്യത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന ഉല്‍ക്കണ്ഠകളിലെ യാഥാര്‍ഥ്യങ്ങള്‍ ഇഴപിരിച്ച് പരിശോധിക്കാന്‍ കൂട്ടത്തല്ലിനിടയിലാണെങ്കിലും കോണ്‍ഗ്രസ്സുകാര്‍ സമയം കണ്ടെത്തുന്നത് സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നല്ലതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക