|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പു ചെലവായി പരിഗണിക്കും: കമ്മീഷന്‍

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ക്ക് എതിരേയുള്ള ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനുള്ള ചെലവ് തിരഞ്ഞെടുപ്പു ചെലവായി കണക്കാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍. ഈ ചെലവ് സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും വഹിക്കേണ്ടിവരുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണമെന്ന സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഇതു മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്താനുള്ള ചെലവ് തിരഞ്ഞെടുപ്പു ചെലവായി കണക്കാക്കുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് 20 ലക്ഷം മുതല്‍ 28 ലക്ഷം വരെയാണ് ചെലവഴിക്കാനാവുക. എന്നാല്‍, പാര്‍ട്ടികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം ക്രിമിനല്‍ കേസുകളില്‍ മാറ്റമുണ്ടായാല്‍ അക്കാര്യം റിട്ടേണിങ് ഓഫിസറെ അറിയിക്കുകയും അതു പരസ്യപ്പെടുത്തുകയും വേണം. ഇതിനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേക ഫോര്‍മാറ്റുകള്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന് സപ്തംബര്‍ 25നു സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസിന്റെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ നല്‍കണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്നും അന്നത്തെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെബ്‌സൈറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പ്രദര്‍ശിപ്പിക്കണം. മാധ്യമങ്ങള്‍ മുഖേന സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss