|    Jun 19 Tue, 2018 2:52 am
Home   >  Editpage  >  Editorial  >  

തിരഞ്ഞെടുപ്പും റിസര്‍വ് ബാങ്കും

Published : 31st January 2017 | Posted By: fsq

 

സാധാരണനിലയില്‍ നാട്ടിലെ തിരഞ്ഞെടുപ്പുകളിലും  രാഷ്ട്രീയകാര്യങ്ങളിലും റിസര്‍വ് ബാങ്ക് പോലുള്ള ഒരു സ്ഥാപനം ചെന്നുചാടേണ്ട കാര്യമില്ല. പക്ഷേ, ഇന്ത്യയിലെ കേന്ദ്രബാങ്ക് സമീപകാലത്ത് ദൈനംദിന രാഷ്ട്രീയകാര്യങ്ങളുടെ ചതിക്കുഴിയില്‍ നിരന്തരം പെട്ടുപോവുകയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കേണ്ട ഈ മുഖ്യ ഭരണഘടനാസ്ഥാപനം ഇത്തരം ചതിക്കുഴികളില്‍ ചെന്നുചാടുന്നത് രാജ്യനന്മയ്ക്ക് അനുഗുണമല്ല എന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. മറ്റൊരു ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കും തമ്മിലാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഫെബ്രുവരി നാലു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കുകയും ചെയ്യും. അതുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലകളും നിര്‍വഹിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുള്ളതാണ്. സ്ഥാനാര്‍ഥിയുടെ വരവുചെലവു കണക്കുകള്‍ പരിശോധിക്കലും അതില്‍ വരും. ഓരോ സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പ് ആവശ്യത്തിന് ചെലവാക്കാവുന്ന തുക തിരഞ്ഞെടുപ്പു നിയമത്തില്‍ തന്നെ ക്ലിപ്തപ്പെടുത്തിയിട്ടുള്ളതാണ്. അതിനപ്പുറം ചെലവാക്കിയാല്‍ അത് സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്‍പിക്കാന്‍ പോലും കാരണമാവുകയും ചെയ്യും. പക്ഷേ ഇത്തവണ പ്രശ്‌നം, അനുവദിച്ച തുക പോലും ചെലവഴിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് സാധ്യമാവുന്നില്ലെന്നതാണ്. തിരഞ്ഞെടുപ്പു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തന്നെ വേണം. നിലവിലുള്ള അവസ്ഥയില്‍ സ്ഥാനാര്‍ഥിക്ക് മറ്റു പൗരന്‍മാരെപ്പോലെ 24,000 രൂപ മാത്രമാണു പിന്‍വലിക്കാന്‍ കഴിയുന്നത്. അത് ചെലവിനു തികയുകയില്ല. പണം പിന്‍വലിക്കാനുള്ള പരിധി രണ്ടുലക്ഷമാക്കി വര്‍ധിപ്പിച്ചുകൊടുക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം റിസര്‍വ് ബാങ്ക് തള്ളിയിരിക്കുകയാണ്. എന്നുവച്ചാല്‍ നിയമപ്രകാരം അനുവദനീയമായ തുകപോലും ചെലവഴിക്കാന്‍ മിക്ക സ്ഥാനാര്‍ഥികള്‍ക്കും കഴിയാത്ത അവസ്ഥയാണു നിലനില്‍ക്കുന്നത്. ഇത് ഗൗരവതരമായ പ്രശ്‌നം തന്നെയാണ്. സ്ഥാനാര്‍ഥിയാണ് എന്ന് റിട്ടേണിങ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പു കാലപരിധിയില്‍, ചെലവിനു തുക നല്‍കണം എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. റിസര്‍വ് ബാങ്ക് അതു തള്ളിക്കളയുന്നതിന് യാതൊരു ന്യായവുമില്ല. കാരണം, വിവാഹംപോലുള്ള സംഗതികള്‍ക്ക് ഇത്തരത്തിലുള്ള സവിശേഷ പരിഗണനയും ആനുകൂല്യങ്ങളും റിസര്‍വ് ബാങ്ക് നല്‍കിവരുന്നുണ്ട്. വിവാഹങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം പോലും തിരഞ്ഞെടുപ്പിന് റിസര്‍വ് ബാങ്ക് കല്‍പിക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും അദ്ഭുതകരമായ സംഗതി തന്നെയാണ്. അതിനപ്പുറം, ഇത് വലിയൊരു വിവാദവിഷയവും വ്യത്യസ്ത ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയുടെ പ്രശ്‌നവുമായി വളര്‍ന്നുവരാന്‍ സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. അതിനാല്‍ അത് തിരുത്തപ്പെടുക തന്നെ വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss