|    Jun 25 Mon, 2018 3:42 pm
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മലേഗാവ് കേസിലെ പ്രതിയും

Published : 21st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി റിട്ട. മേജര്‍ രമേശ് ഉപാധ്യായ ഉത്തര്‍പ്രദേശില്‍ നിന്ന് മല്‍സരിക്കുന്നു. സ്വന്തം മണ്ഡലമായ ഭൈര്യയയില്‍ നിന്നാണ് 64കാരനായ രമേശ് ജനവിധി തേടുന്നത്. പ്രചാരണത്തില്‍ സംബന്ധിക്കാനായി കഴിഞ്ഞദിവസം എന്‍ഐഎയുടെ പ്രത്യേക കോടതി രമേശിനു ജാമ്യവും നല്‍കി. ഒരുമാസത്തേക്കാണ് രമേശിന് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥപ്രകാരം ഫെബ്രുവരി നാലുമുതല്‍ മാര്‍ച്ച് നാലുവരെ അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തില്‍ പ്രചാരണം നടത്താം. മണ്ഡലം വിട്ടുപോവാന്‍ പാടില്ല. അടുത്തമാസം ആദ്യവാരമാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങുക. ഇതേ മണ്ഡലത്തില്‍ 2012ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ അഖിലഭാരതീയ ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച രമേശ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയോടു പരാജയപ്പെടുകയായിരുന്നു. ഇത്തവണ ഏതുപാര്‍ട്ടിക്കു വേണ്ടിയാണ് മല്‍സരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. രമേശിനു സീറ്റ് ലഭ്യമാക്കാനായി മകന്‍ വിശാല്‍ പ്രാദേശിക ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടുവരികയാണ്. സാധാരണ ജാമ്യം കിട്ടി മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരുമായും സംവദിക്കാനും പിന്തുണ ചോദിക്കാനും അദ്ദേഹത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശാല്‍ പറഞ്ഞു. കഴിഞ്ഞതവണ അദ്ദേഹത്തിനു ലഭിച്ച ജനപിന്തുണയാണ് ഇക്കുറിയും മല്‍സരിക്കാന്‍ പ്രചോദനമാവുന്നതെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ രമേശിന്റെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഹിന്ദുമഹാസഭയുടെ പേരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് രമേശ് ആലോചിക്കുന്നത്. മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കാനായി പുറത്തിറങ്ങും. യുപിയില്‍ ഹിന്ദുമഹാസഭ മല്‍സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടുസ്ഥാനാര്‍ഥികളില്‍ ഒരാളാണ് രമേശ്. മലേഗാവില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസില്‍ 2008ലാണ് അദ്ദേഹം അറസ്റ്റിലായത്. പ്രധാനപ്രതി കേണല്‍ പ്രസാദ് പുരോഹിതുമായി ചേര്‍ന്ന് രാജ്യത്തു പ്രത്യേക ഹിന്ദുരാഷ്ട്രത്തിനുള്ള ഭരണഘടന തയ്യാറാക്കാനും മുസ്്‌ലിംകളോട് പ്രതികാരം ചെയ്യാനും ആസൂത്രണം ചെയ്‌തെന്നതാണ് രമേശിനെതിരായ കുറ്റം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss