|    Mar 24 Fri, 2017 1:44 pm
FLASH NEWS

തിരഞ്ഞെടുപ്പില്‍ മദ്യത്തിന് താരപദവി

Published : 8th April 2016 | Posted By: SMR

slug-madhyamargamഏതൊരു തിരഞ്ഞെടുപ്പിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സില്‍ബന്തികള്‍ക്കും ചര്‍ച്ചചെയ്യാന്‍ പലപല വിഷയങ്ങളു ണ്ടാവും. പ്രാദേശികവും ദേശീയവും സാര്‍വദേശീയവുമായ വിഷയങ്ങള്‍ തലനാരിഴകീറി വിലയിരുത്താനുള്ള സുവര്‍ണാവസരമാണത്രെ തിരഞ്ഞെടുപ്പുകള്‍. പലപല വിഷയങ്ങളുടെ കൂട്ടത്തില്‍ ആരോരുമറിയാതെ ഒരു വിഷയം മുഖ്യ വിഷയമായി മാറും.
ജനമനസ്സുകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ് ഈ മുഖ്യ വിഷയം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഈ മുഖ്യന്‍ കടന്നുവരാറുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് ബഹളത്തിനിടയില്‍ മുഖ്യനെ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കാറില്ല. ജനജീവിതത്തില്‍ വിലക്കയറ്റം, അഴിമതി, അക്രമം തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായത് എന്നാണു മിക്കവരും ധരിക്കുന്നത്. അഞ്ചുവര്‍ഷത്തെ ഒരു ഭരണം കഴിഞ്ഞാല്‍ ഭരണവിരുദ്ധ വികാരം അലയടിക്കാറുണ്ട്. അല്ലെങ്കില്‍ അലയടിപ്പിക്കാന്‍ എതിര്‍പക്ഷം പരിശ്രമിക്കും. ഭരണനേട്ടങ്ങളും വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. നേതാക്കളുടെ പ്രതിച്ഛായയുമായി ബന്ധപ്പെട്ടും ചില വിഷയങ്ങള്‍ പൊന്തിവരാറുണ്ട്. അതിനെ പൊതുവെ ആദര്‍ശവിഷയങ്ങള്‍ എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്താറുള്ളത്. തിരഞ്ഞെടുപ്പ് വേളകളില്‍ നടക്കുന്ന അക്രമങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവ ഗൗരവ വിഷയങ്ങളായി ചൂടോടെ ചര്‍ച്ചചെയ്യാറുണ്ട്.
വിഷയങ്ങള്‍ പലതുണ്ടെങ്കിലും മുഖ്യവിഷയം ഏതാണെന്നു കണ്ടുപിടിക്കണമെങ്കില്‍ ജനങ്ങളുടെ ഇടയില്‍ നല്ല വേരോട്ടം വേണം. മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന വിഷയങ്ങളൊന്നും മുഖ്യ വിഷയങ്ങളാവാറില്ല.
ആസന്നമായ കേരള തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ഏതാണ്? ഒരു സംശയവും വേണ്ട, മദ്യം തന്നെ. മലയാളികള്‍ക്കിടയില്‍ മദ്യത്തിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത താരപദവിയാണ് ലഭിച്ചിട്ടുള്ളത്. മുന്നണികള്‍ക്ക് വോട്ടുവേട്ടയ്ക്ക് ഇത്ര അനുകൂലമായ വിഷയം വേറെയില്ല.
ഒരുകൂട്ടര്‍ മദ്യനിരോധനത്തെക്കുറിച്ചും വേറൊരു കൂട്ടര്‍ മദ്യവര്‍ജനത്തെക്കുറിച്ചും പറയുന്നു. ഈ ചര്‍ച്ച മുറുകുന്നതിനിടയില്‍ സാധാരണ ജനങ്ങള്‍ വിഷമത്തിലാവുകയാണ്. യുഡിഎഫ് ഭരണത്തിന്‍കീഴില്‍ ഇവിടെ മദ്യനിരോധനമാണെന്ന മട്ടിലാണു പ്രചാരണം മുന്നേറുന്നത്. ബാര്‍ ഹോട്ടലുകള്‍ പൂട്ടിയപ്പോള്‍ സര്‍ക്കാര്‍ വക ബിവറേജസ് പാര്‍ലറുകളിലൂടെ മദ്യം വില്‍പന നടത്തുന്നത് നേതാക്കള്‍ മറച്ചുവയ്ക്കുന്നു. ബാര്‍ ഹോട്ടലുകളില്‍ മദ്യം കഴിക്കാന്‍ ഇടത്തരക്കാരും അതിനു മുകളിലുള്ളവരുമായ ഒരു വിഭാഗം മാത്രമേ മുമ്പ് പോയിരുന്നുള്ളൂ. അവരാണെങ്കില്‍ ബിവറേജസില്‍ നിന്നു കുപ്പി വാങ്ങി വീടുകളിലും മറ്റു സ്വകാര്യ കേന്ദ്രങ്ങളിലും വച്ച് സേവിക്കുന്നു.
ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതിനാല്‍ ബിവറേജസില്‍ തിരക്ക് കൂടി. അതിനാല്‍ കുടിയന്മാര്‍ക്ക് അധികസമയം ക്യൂ നില്‍ക്കേണ്ടിവരുന്നു. ബാര്‍ പൂട്ടിപ്പോയതിനാല്‍ പല വീടുകളും ബാറുകളായി മാറിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാധാനം തീര്‍ത്തും നഷ്ടപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആദര്‍ശ മദ്യനയത്തിന്റെ ഫലമായി കുടിനിര്‍ത്തിയ ആരെയും കണ്ടെത്താനായിട്ടില്ല. ബാറുകള്‍ പൂട്ടിയതുകൊണ്ട് വാറ്റുകാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ നിലയ്ക്ക് പോയാല്‍ വാറ്റ് വലിയ ഒരു കുടില്‍വ്യവസായമായി മാറിയേക്കാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യവര്‍ജന നയമാണെങ്കില്‍ കുടിയന്മാര്‍ക്ക് രക്ഷയാണ്. പൂട്ടിയ ബാറുകള്‍ തുറക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കും. വേണ്ടിവന്നാല്‍ റേഷന്‍ ഷാപ്പുകളിലൂടെ മദ്യവില്‍പന നടത്തും. അതേസമയം, കുടിക്കരുത് എന്ന സന്ദേശം സര്‍ക്കാര്‍ തലത്തില്‍ പ്രചരിപ്പിക്കും. പാര്‍ട്ടിതലത്തിലാണെങ്കില്‍ കുടിക്കെതിരേ പ്രമേയം പാസാക്കുകയും ചെയ്യും. മദ്യം ആരോഗ്യത്തിനു ഹാനികരം എന്ന ലേബല്‍ ഒട്ടിച്ച കുപ്പികളില്‍നിന്നാണ് മലയാളികള്‍ മദ്യം കഴിക്കുന്നത്. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് മദ്യപാനം ഉപേക്ഷിച്ച ആരെയും കണ്ടുപിടിക്കാന്‍ കഴിയില്ല. ഏതായാലും ആരോഗ്യത്തിന് ഹാനികരമായ മദ്യം തിരഞ്ഞെടുപ്പിലും താരപദവിയിലെത്തി. ഏതു മുന്നണി അധികാരത്തില്‍ വന്നാലും മദ്യത്തെ ഈ പദവിയില്‍നിന്നു താഴേക്ക് ഇറക്കാന്‍ കഴിയില്ല.

(Visited 73 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക