|    Mar 23 Thu, 2017 5:40 am
FLASH NEWS

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

Published : 4th November 2015 | Posted By: SMR

ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യാ മഹാരാജ്യത്തെ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞുവെന്നു കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80ല്‍ 71 സീറ്റുകളിലും ജയിച്ചു ചരിത്രം സൃഷ്ടിച്ച ബിജെപിയാണ് ഈ തിരഞ്ഞെടുപ്പില്‍ നിലംപരിശായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹം ദത്തെടുത്ത ജയ്പൂര്‍ ഗ്രാമത്തില്‍ പോലും പാര്‍ട്ടി തോറ്റു. മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും ശിവസേനയ്ക്കു പിറകിലാണ് ബിജെപിയുടെ സ്ഥാനം. കോല്‍ഹാപൂര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാകട്ടെ, കോണ്‍ഗ്രസ്സാണ് വലിയ ഒറ്റകക്ഷി. ‘മോദി മാജിക്’ ജനത്തിനു മടുത്തുതുടങ്ങിയെന്നു സാരം.
യുപിയിലെ തിരഞ്ഞെടുപ്പുഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പല തരത്തില്‍ വായിക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മിനുക്കത്തിലും പളപളപ്പിലും വലിയ കമ്പമൊന്നുമില്ലെന്നാണ് സാമാന്യമായി അനുമാനിക്കപ്പെടുന്നത്. അതിതീവ്ര ഹിന്ദുത്വ നിലപാടുകള്‍ വേണ്ടപോലെ പ്രയോഗിച്ചു ജനങ്ങളെ വരുതിയിലാക്കാമെന്ന തന്ത്രവും ഫലിക്കുന്നില്ല. തങ്ങളുടെ പ്രാദേശികവും ജാതീയവും സാമുദായികവുമായ അസ്തിത്വബോധങ്ങളെ കുടഞ്ഞുതെറിപ്പിക്കാന്‍ ആളുകള്‍ തയ്യാറല്ല.
യുപിയില്‍ വലിയ ഒരളവോളം നേട്ടമുണ്ടാക്കിയത് മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്. പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യമാണ് ഈ പാര്‍ട്ടിക്കുള്ളത്. പക്ഷേ, എല്ലാവരെയും അമ്പരപ്പിക്കുന്നത് ബിഎസ്പി നടത്തിയ മുന്നേറ്റമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും മായാവതിയുടെ പാര്‍ട്ടിക്കു ലഭിച്ചിരുന്നില്ല. ആ സമയത്ത് ബിഎസ്പി അമ്പേ തകര്‍ന്നുവെന്നു പറഞ്ഞവര്‍, പക്ഷേ ഒരു കാര്യം മനസ്സിലാക്കിയിരുന്നില്ല: അന്നും വോട്ട് ശതമാനത്തില്‍ ബിഎസ്പി ഏറെയൊന്നും പിറകിലായിരുന്നില്ല. ഈ ജനസ്വാധീനത്തെ കൃത്യമായ രാഷ്ട്രീയതന്ത്രങ്ങള്‍ വഴി ഉപയോഗപ്പെടുത്തി പ്രായോഗിക വിജയം നേടുകയാണ് മായാവതിയും കൂട്ടരും ചെയ്തത്. ഒരു കാര്യം തീര്‍ച്ചയാണ്: എസ്പിയും ബിഎസ്പിയും ഒരു ഐക്യനിര രൂപപ്പെടുത്തുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അമ്പേ തകര്‍ന്നുപോവും.
അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ഈ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഹൈദരാബാദിന്റെ ചുറ്റുവട്ടത്തുനിന്ന് അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്കു ചിറകുകള്‍ വ്യാപിപ്പിക്കാനുള്ള ഉവൈസിയുടെ ശ്രമങ്ങള്‍ നേരിയ തോതിലെങ്കിലും വിജയിക്കുന്നുവെന്നാണ് ന്യായമായും കരുതേണ്ടത്.
തിരഞ്ഞെടുപ്പു ഫലങ്ങള്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസ്, ബിജെപി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നീ ദേശീയ കക്ഷികള്‍ പ്രാദേശിക-സാമുദായിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് അപ്രസക്തമാകുന്നു എന്നുതന്നെയാണ് കരുതേണ്ടത്.

(Visited 57 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക