|    Dec 15 Fri, 2017 5:52 am
FLASH NEWS

തിരഞ്ഞെടുപ്പില്‍ അലിക്കെതിരേ പ്രവര്‍ത്തിക്കും

Published : 4th May 2016 | Posted By: SMR

പെരിന്തല്‍മണ്ണ: അലി ഫാന്‍സ് തിരിഞ്ഞുകുത്തുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മഞ്ഞളാംകുഴി അലിയുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച അലി ഫാന്‍സ് പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ ഇന്നലെ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്നാണ് ഈ തിരഞ്ഞെടുപ്പില്‍ അലിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികള്‍ നടത്തിയാണ് അലി പെരിന്തല്‍മണ്ണയില്‍ വിജയിച്ചതെന്ന് അവര്‍ ആരോപിച്ചു. മന്ത്രി എന്ന നിലയില്‍ കെട്ടിട നിര്‍മാണ നിയമത്തില്‍ അയവുവരുത്തിയതിലും ശുചിത്വമിഷന്‍ പ്രവര്‍ത്തനത്തിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മുസ്‌ലിംലീഗിനോട് മഞ്ഞളാംകുഴി അലി നീതി പുലര്‍ത്തിയിട്ടില്ല. സ്വന്തം ശരീരത്തോട് മാത്രമാണ് അലിക്ക ്‌നീതിബോധമുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുനേടാന്‍ ഓഫറുകള്‍ നല്‍കുകയും പിന്നീട് അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശ വേളയില്‍ ബോധപൂര്‍വം ചിലര്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തി പോലിസ് ലാത്തിച്ചാര്‍ജുണ്ടാക്കി സഹതാപ വോട്ട് നേടിയ കഥയും പ്രാസംഗികന്‍ വിശദീകരിച്ചു. മഞ്ഞളാംകുഴി അലി നടത്തിയ കോടികളുടെ അഴിമതികളുടെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ അവ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം യോഗത്തില്‍ വിശദീകരിച്ചു. പൊതു ജീവനത്തില്‍ വിശുദ്ധി സൂക്ഷിക്കാത്ത ആളാണ് അലിയെന്നും അവര്‍ പറഞ്ഞു. താന്‍ ഇപ്പോഴും ലീഗുകാരനാണെന്നും പക്ഷെ അലിയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അലിയെ എതിര്‍ക്കുന്നുവെന്നും മുന്‍ താഴേക്കോട് പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് എം കെ യൂസഫ് ഹാജി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ അലിയെ പരാജയപ്പെടുത്താന്‍ സര്‍വശക്തിയും ഉപയോഗിക്കുമെന്ന് കണ്‍വന്‍ഷന്‍ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അലിക്കുവേണ്ടി പ്രവര്‍ത്തിച്ച അതേ പഞ്ചായത്തുകളില്‍ ഇത്തവണ അലിക്കെതിരെ പ്രവര്‍ത്തിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ കുംഭാരന്‍മാര്‍ക്ക് വന്‍ ആനുകൂല്യങ്ങ ള്‍ നല്‍കുമെന്ന് പറഞ്ഞ് തന്നെ കൊണ്ട് കുംഭാരകോളനികളില്‍ പ്രസംഗിപ്പിച്ചിട്ട് പിന്നീട് വഞ്ചിച്ച കാര്യം കുംഭാര സമാജം സംസ്ഥാന സെക്രട്ടറി നാരായണന്‍ പറഞ്ഞു. കണ്‍വന്‍ഷനില്‍ സി പി ഹംസ ചെയര്‍മാനും പി ടി ബഷീര്‍ കണ്‍വീനറും അലി കുട്ടക്കാടന്‍ ഖജാഞ്ചിയുമായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പെരിന്തല്‍മണ്ണയില്‍ ജനകീയ ബദല്‍ എന്ന പേരിലാണ് മുന്‍ അലി ഫാന്‍സ് പ്രവര്‍ത്തകര്‍ ടൗണ്‍ ഹാളില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്.
കണ്‍വന്‍ഷനില്‍ സി പി ഹംസ അധ്യക്ഷതവഹിച്ചു. പി ടി ബഷീര്‍, അലി കുട്ടക്കാടന്‍, എം കെ യൂസഫ് ഹാജി, കബീര്‍ പുത്തൂര്‍, പാങ്ങില്‍ കൊലചെയ്യപ്പെട്ട സാജിതയുടെ പിതാവ് മൂസ, സഹോദരന്‍ സുലൈമാന്‍, പി അബ്ദുല്‍ അസീസ് എന്ന കുഞ്ഞു, കുംഭാര സമാജം നേതാവ് നാരായണന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക