|    Nov 21 Wed, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗം: സിപിഎമ്മില്‍ ഭിന്നത

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്തണോ എന്ന കാര്യത്തിലും സിപിഎമ്മില്‍ ഭിന്നത. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു വോട്ടെടുപ്പ് വേണ്ടെന്ന തീരുമാനമാണു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയ്ക്കുള്ളത്.
എന്നാല്‍, ബാലറ്റിനെ തള്ളിപ്പറയാതെ തീരുമാനം തിരഞ്ഞെടുപ്പു കമ്മീഷനെടുക്കട്ടെ എന്ന നിലപാടാണു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. വോട്ട് രേഖപ്പെടുത്തിയതിന്റെ രശീതി ലഭിക്കുന്ന വിവി പാറ്റ് മെഷീനുകള്‍ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് ഇന്നലെ യെച്ചൂരി പറഞ്ഞത്. ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടും. എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള വോട്ടെടുപ്പു രീതിയിലേക്കു മടങ്ങിപ്പോവണമെന്നു സിപിഎമ്മിന് അഭിപ്രായമില്ലെന്നും യെച്ചൂരി പറഞ്ഞു. ബാലറ്റ് പേപ്പറിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
അതേസമയം, വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ബാലറ്റ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തോടു യെച്ചൂരി പ്രതികരിച്ചില്ല. കൂടിയാലോചനകള്‍ നടക്കുന്ന വേളയില്‍ പ്രതിപക്ഷത്തിന്റെ തീരുമാനം ഉണ്ടാവുമെന്നായിരുന്നു പിന്നീട് യെച്ചൂരി പറഞ്ഞത്. എന്നാല്‍, വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുമെന്ന് 2009ല്‍ ബിജെപി നേതാവ് എല്‍ കെ അഡ്വാനി പോലും പരാതി ഉന്നയിച്ചിരുന്നുവെന്നു യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പു നടത്തിപ്പിന്റെ വിശ്വാസ്യത പുനസ്ഥാപിക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരായിരുന്ന മൂന്നു പേര്‍ അടുത്തിടെ തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസ്യത ഉറപ്പുവരുത്താന്‍ കമ്മീഷന് ബാധ്യതയുണ്ട്.
തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നു പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിച്ച് യെച്ചൂരി ആവശ്യപ്പെട്ടു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള വേെട്ടടുപ്പ് ഒരേ സമയം നടത്തുകയെന്ന സര്‍ക്കാരിന്റെ അഭിപ്രായം പോളിറ്റ് ബ്യൂറോ തള്ളി.
ഇതു ജനാധിപത്യ വിരുദ്ധമായ നീക്കമാണ്.തിരഞ്ഞെടുപ്പു പരിഷ്‌കരണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ സിപിഎം കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ട അതിക്രമം തടയാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണം. സുപ്രിംകോടതി ദുര്‍ബലപ്പെടുത്തിയ പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പുനസ്ഥാപിച്ചാല്‍ മാത്രം പോര, കോടതിയുടെ പരിശോധന പാടില്ലാത്ത വിധം ഈ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍പ്പെടുത്തണമെന്നും പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss