|    Jan 24 Tue, 2017 8:32 am

തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കും

Published : 17th October 2015 | Posted By: RKN

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഗണിക്കാമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഎസ്ആര്‍ടിഇഎ (സിഐടിയു), ടിഡിഎഫ് സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എംപാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നകാര്യം ഗൗരവമായി പരിഗണിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എംപാനല്‍ ജീവനക്കാരുടെയും സിഎല്‍ആര്‍ വര്‍ക്കര്‍മാരുടെയും ദിവസവേതനത്തില്‍ 30 രൂപ വര്‍ധനവ് വരുത്തിയിരുന്നു. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും ശമ്പളവര്‍ധനവ് പരിഗണിക്കുന്നത്. ഒരുദിവസത്തെ പണിമുടക്കിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെങ്കിലും പണിമുടക്ക് നടന്നാല്‍ തലേദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും കലക്ഷനെ ബാധിക്കും.

ഈ സാഹചര്യത്തില്‍ 20ന് പ്രഖ്യാപിച്ച പണിമുടക്കില്‍നിന്ന് പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുള്ള തീവ്രശ്രമമാണ് കെഎസ്ആര്‍ടിസിയില്‍ നടന്നുവരുന്നത്. 627 കോടിയുടെ വാര്‍ഷിക കടം 305 കോടിയായി കുറച്ചു. കോര്‍പറേഷന്‍ എടുത്തിട്ടുള്ള വായ്പയിന്‍മേലുള്ള പലിശയുടെ തോത് കുറയ്ക്കാനും നടപടി സ്വീകരിച്ചു. പ്രതിമാസ ചെലവും വരവും തമ്മിലുള്ള അന്തരം 105 കോടി രൂപയില്‍നിന്ന് 42 കോടിയായി കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതിനായി പ്രതിദിന കലക്ഷന്‍ ഏഴുകോടിയാക്കണം. 92 ഡിപ്പോകളില്‍ ഇതിനായി ക്വാട്ട നിശ്ചയിക്കും. ഇതിനിടെ തന്നെ ഒരുദിവസം 7.10 കോടി രൂപയുടെ കലക്ഷന്‍ ലഭിച്ചിരുന്നു. പുതിയ ബസ്സുകളുടെ 740 പുതിയ ചെയ്‌സുകള്‍ വാങ്ങിയിരുന്നു.

ഇവയില്‍ 512 ബസ്സുകള്‍ ബോഡി നിര്‍മാണം കഴിഞ്ഞ് നിരത്തിലിറക്കി. 228 എണ്ണം കൂടി ഇറങ്ങാനുണ്ട്. ഇതുകൂടി കഴിയുന്നതോടെ ഏഴുകോടി പ്രതിദിന വരുമാനത്തിലേക്ക് എത്താനാവുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.കെയുആര്‍ടിസി സര്‍വീസ് നടത്തുന്ന ജന്റം ബസ്സുകളുടെ വരുമാനവും ചെലവും തമ്മില്‍ വലിയതോതിലുള്ള അന്തരമില്ല. കെയുആര്‍ടിസിയുടെ ഇതേ മാതൃകയില്‍ കെഎസ്ആര്‍ടിസിയെ എത്തിക്കുകയാണു ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് ഡിമാന്‍ഡ് കിട്ടുന്ന മുറയ്ക്ക് ചര്‍ച്ചകള്‍ ആരംഭിക്കും. ക്ഷാമബത്ത കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്ന ആവശ്യവും പരിഗണിക്കും. ബാങ്കുകളില്‍നിന്നു വായ്പ ലഭിക്കുന്ന മുറയ്ക്ക് കെടിഡിഎഫ്‌സിയുടെ വായ്പ അടച്ചുതീര്‍ക്കും. ഇതോടെ പ്രതിമാസം വായ്പാ പലിശനിരക്കില്‍ രണ്ടുശതമാനത്തിന്റെ കുറവുണ്ടാവും. തമ്പാനൂര്‍, തിരുവല്ല, അങ്കമാലി, കോഴിക്കോട് ബസ് ടെര്‍മിനലുകളുമായി ബന്ധപ്പെട്ട് ഓപണ്‍ ടെന്‍ഡര്‍ വിളിച്ച് മുന്നോട്ടുപോവുമെന്നും മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക