|    Jan 16 Tue, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തിരഞ്ഞെടുപ്പായതോടെ ‘രാമന്‍’ ഉത്തര്‍പ്രദേശിലേക്ക് തിരിച്ച് വരുന്നു

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പായതോടെ രാമന്‍ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുവരുന്നു. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയുമാണ് രാമനും രാമായണവുമെല്ലാം തിരഞ്ഞെടുപ്പില്‍ വീണ്ടും വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം അയോധ്യയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ അയോധ്യയില്‍ രാമായണ മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ സരയൂ നദിക്കരയില്‍ രാംലീലാ തീം പാര്‍ക്ക് സ്ഥാപിക്കണമെന്നതാണ് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ആവശ്യം.
അതോടൊപ്പം രാമക്ഷേത്രമെന്ന വിഷയവുമായി വിനയ് കത്യാരെപ്പോലുള്ള നേതാക്കള്‍ വീണ്ടുമെത്തിയിട്ടുണ്ട്. സുബ്രഹ്മണ്യം സ്വാമിയും ആര്‍എസ്എസും ഒരുപോലെ ക്ഷേത്രനിര്‍മാണമെന്ന ആവശ്യത്തിലാണ്. ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ ദേശീയ പാര്‍ട്ടികള്‍ക്ക് പുറമെ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ഒപ്പത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയ ഉത്തര്‍പ്രദേശില്‍ ഇത്തവണ മല്‍സരം കടുത്തതാണ്. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിനിടയാക്കിയാണ് കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ അയോധ്യയില്‍ സന്ദര്‍ശനം നടത്തിയത്.
അയോധ്യയിലെ ഹനുമാന്‍ ഗഡി ക്ഷേത്രം സന്ദര്‍ശിച്ച ശര്‍മ രാമായണ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബറില്‍ അന്താരാഷ്ട്ര രാമായണ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മ്യൂസിയമെന്നത് കുട്ടികളെ കോലുമിഠായി നല്‍കി പറ്റിക്കുന്നത് പോലെയാണെന്നും രാമക്ഷേത്രം സ്ഥാപിക്കുകതന്നെ വേണമെന്ന ആവശ്യമായാണ് ബിജെപി രാജ്യസഭാംഗം കൂടിയായ വിനയ് കത്യാരെത്തിയത്.
ശര്‍മയുടെ അയോധ്യാ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് സരയൂ നദിക്കരയില്‍ രാംലീലാ തീം പാര്‍ക്ക് സ്ഥാപിക്കുകയെന്ന പദ്ധതിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവെത്തിയത്. രാമന്‍ 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ഏറെ മുമ്പ് തന്നെ ബിജെപിയുടെ പ്രചാരണായുധമാണ്.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടം പിടിക്കാറുണ്ടെങ്കിലും പത്തുവര്‍ഷത്തിലധികമായി ബിജെപി അയോധ്യാ പ്രശ്‌നത്തില്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പശു സംരക്ഷണം തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘപരിവാരം ശ്രമിച്ചിരുന്നെങ്കിലും ഗുജറാത്തിലെ ദലിതുകളുടെ പ്രതിഷേധം മൂലം അത് ഫലം കണ്ടിരുന്നില്ല.
ലഖ്‌നോയില്‍ ദസറ ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീരാം വിളിയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ എത്രയും വേഗം തുടങ്ങണമെന്ന് ശിവസേനയും സുബ്രഹ്മണ്യം സ്വാമിയും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയാവട്ടെ നിര്‍ണായകമായ മുസ്‌ലിം വോട്ടുകള്‍ കൈവിട്ടു പോവാതെ ഹിന്ദു വോട്ടുകള്‍ വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day