|    Nov 16 Fri, 2018 8:58 am
FLASH NEWS

തിരക്ക് നിയന്ത്രണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി പോലിസ്

Published : 29th June 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം കുറ്റമറ്റരീതിയില്‍ നടത്തുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി പോലിസ് ആസ്ഥാനത്തേക്ക് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായി പ്രത്യേക പദ്ധതികളും തയ്യാറാക്കുന്നുണ്ട്. സന്നിധാനത്തെ വടക്കേനടയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനങ്ങള്‍ പോലിസ് ഒരുക്കും. ഇതിനുള്ള വിശദമായ ശുപാര്‍ശ ദേവസ്വംബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത് പോലിസ് ആസ്ഥാനത്തേക്ക് അംഗീകാരത്തിനായി നല്‍കി. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലയിലെ നോഡല്‍ ഓഫിസറായി ആംഡ് പോലിസ് അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെ നിയമിച്ചിട്ടുള്ളതായും ജില്ലാ പോലിസ് മേധാവി പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ സന്നിധാനത്ത് 2000 പോലിസുകാരുടെയും പമ്പയില്‍ 1500 പോലിസുകാരുടെയും സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ സ്ഥലം ഉപയോഗിക്കുന്നതിന് അനുമതി ആവശ്യമുള്ള വകുപ്പുകള്‍ എത്ര സ്ഥലം ആവശ്യമുണ്ടെന്നും എന്ത് ആവശ്യത്തിനാണ് എന്നും കാണിച്ച് വിശദമായ ശുപാര്‍ശ തയ്യാറാക്കി നല്‍കിയാ ല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നും താല്‍ക്കാലിക അനുമതി ലഭ്യമാക്കി സ്ഥലം വിട്ടുനല്‍കുവാന്‍ കഴിയൂവെന്ന് റാന്നി ഡിഎഫ്ഒ അറിയിച്ചു. പ്ലാപ്പള്ളിയില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്ന 70 സെന്റ് സ്ഥലം ഇപ്പോള്‍ കെഎസ്ആര്‍ടിസി ഉപയേഗിക്കുന്നില്ല. ഇത് പോലിസും വനം വകുപ്പുമാണ് ഉപയോഗിക്കുന്നത്. ളാഹ മുതല്‍ പമ്പ വരെയുള്ള പ്രദേശത്ത് 23 പോയിന്റുകള്‍ ആനകള്‍ റോഡ് മുറിച്ചുകടക്കുന്നവയാണ്. ഇരുചക്ര, മുച്ചക്രവാഹനങ്ങളിലുള്ള തീര്‍ഥാടകരുടെ യാത്ര സുരക്ഷിതത്വം മുന്‍നിര്‍ത്തി നിയന്ത്രിക്കണം. പമ്പയില്‍ ദേവസ്വം ബോര്‍ഡിന് പാര്‍ക്കിംഗിനായി 10 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ലീസ് പുതുക്കണം.
സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. മാലിന്യം പലപ്പോഴും ഓവര്‍ഫ്‌ളോ ചെയ്തും പ്ലാന്റിലെത്താതെയും ഞുണങ്ങാര്‍ വഴി പമ്പയിലെത്തുന്നുണ്ട്.
സന്നിധാനത്തെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാ ന്റില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളുടെ നെറ്റ്‌വര്‍ക്ക് സീസണിന് മുമ്പ് പരിശോധന നടത്തണം. എരുമേലി അഴുതക്കടവ് വഴി പമ്പയിലേക്കുള്ള 21 കിലോമീറ്റര്‍ പരമ്പരാഗത പാതയില്‍ രാത്രികാലത്ത് തീര്‍ഥാടകരെ കയറ്റി വിടുന്നത് തടയണം. കഴിഞ്ഞ വര്‍ഷം വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നതായി പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.  കഴിഞ്ഞ തീര്‍ഥാടന കാലത്ത് ശുചീകരണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കിലും സീസണിന് ശേഷം ഊര്‍ജിത ശുചീകരണം നടക്കാതിരുന്നതുമൂലം പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്. നിലയ്ക്കലില്‍ 260 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡിന് പാര്‍ക്കിങിനും മറ്റുമായി വിട്ടനല്‍കിയിട്ടുണ്ട്.
ഇതില്‍ 60 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ പാര്‍ക്കിങിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ബാക്കി 200 ഏക്കര്‍ സ്ഥലം റബര്‍ പ്ലാന്റേഷനാണ്. ഇവിടെ കൂടുതല്‍ സ്ഥലം താല്‍ക്കാലികമായി പാര്‍ക്കിങിനും മറ്റ് ആവശ്യങ്ങള്‍ക്കും നല്‍കുകയാണെങ്കില്‍ പമ്പയിലെ ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss