|    Dec 11 Tue, 2018 11:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിയേറ്റര്‍ പരിസരത്തെ കൊലപാതകം: ഏഴുപേര്‍ക്ക് ജീവപര്യന്തം

Published : 1st December 2018 | Posted By: kasim kzm

തലശ്ശേരി: കണ്ണൂരിലെ തിയേറ്ററില്‍ സിനിമ കാണാന്‍ വന്നവര്‍ തമ്മിലുണ്ടായ തര്‍ക്കം പിന്നീടു കൊലയില്‍ കലാശിച്ച കേസില്‍ വിചാരണ നേരിട്ട 12 പേരില്‍ ഏഴു പ്രതികള്‍ക്കു തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ചാേലാട് സ്വദേശികളായ മണ്ടേന്‍ ബവിനീഷ് (28), നിഖില്‍ (31), ടി റിജുല്‍രാജ് (32), ഷഹന്‍രാജ് (29), വി കെ വിനീഷ് (35), വിമല്‍രാജ് (36), ടോണി (28) എന്നിവരാണു ശിക്ഷിക്കപ്പെട്ടത്.
ടി രാജേഷ് (31), ഇര്‍ഷാദ് (30) പി കെ നിഷില്‍ (34), ടി വി ശരത്ത് (35), ലിജില്‍ (29) എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ടവര്‍ ഓരോരുത്തരും ഒരുലക്ഷം രൂപ വീതം പിഴയടയ്ക്കണം.
തുക കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതര്‍ക്കു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം വീതം അധികതടവ് അനുഭവിക്കണം. കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളിയിലെ മാളിയേക്കല്‍ പ്രിന്‍സിയുടെ മകന്‍ ജ്യോതിഷ് (29) കൊല്ലപ്പെട്ട കേസിലാണു വിധി. 2009 സപ്തംബര്‍ 28ന് രാത്രി 10.30ഓടെ കണ്ണൂര്‍ സവിത തിയേറ്ററിന് സമീപമാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ജ്യോതിഷും സൂഹൃത്തുക്കളായ പി ശരത്, അനീഷ് എന്നിവരും രാത്രി സിനിമ കണ്ട് വീട്ടിലേക്ക് പോകവെ ബൈക്കിന്റെ പെട്രോള്‍പൈപ്പ് പൊട്ടിച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടു.
വണ്ടി നിര്‍ത്തി ശരിയാക്കവെ പ്രതികള്‍ ആയുധങ്ങളുമായെത്തി ശരത്തിനെയും അനീഷിനെയും ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
ഗുരുതരമായി പരിക്കേറ്റ ജ്യോതിഷ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കൊലപാതകത്തിന് മുമ്പെ രാത്രി എട്ടിന് ജ്യോതിഷും കേസിലെ ഒന്നാംപ്രതിയായ ബവിനീഷും കവിതാ ടാക്കീസിനടുത്തു വച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തി ല്‍ കലാശിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി ബി ശശീന്ദ്രനും പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി ഹരീന്ദ്രന്‍, അഡ്വ. വിനോദ് ചമ്പളോന്‍ എന്നിവരും ഹാജരായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss