|    Dec 17 Sun, 2017 9:36 am
Home   >  Todays Paper  >  Page 4  >  

തിയേറ്റര്‍ ഉടമകള്‍ വീണ്ടും സമരത്തിലേക്ക്‌

Published : 30th March 2016 | Posted By: RKN

കൊച്ചി: തിയേറ്റര്‍ ഉടമകളില്‍ നിന്നു മൂന്നു രൂപ സെസ് പിരിക്കാനുളള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഏഴിന് സംസ്ഥാനത്തെ എ ക്ലാസ്് തിയേറ്ററുകള്‍ അടച്ചിട്ട് സൂചനാ സമരം നടത്താനും മെയ്് രണ്ടു മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാനും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗം തീരുമാനിച്ചു. നേരത്തേ മൂന്നു രൂപ സെസ് പിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഇതിനെതിരേ 2015 ഡിസംബര്‍ 14ന്് തിയേറ്റര്‍ ഉടമകള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി ചില മാറ്റങ്ങള്‍ വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചിരുന്നതാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അന്ന് തീരുമാനിച്ച അഞ്ചുരൂപ  സെസ് നടപ്പില്‍ വരുത്തുമ്പോള്‍ കൂടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വയ്ക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍  ഈ വര്‍ഷം ജനുവരി 12 ന് മൂന്നു രൂപ സെസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ നാളിതുവരെ അഞ്ചുരൂപ പിരിക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടുമില്ല. മൂന്നുരൂപ സെസ്സ് പിരിക്കുന്നത് നിയമസഭയില്‍ പാസ്സായതുകൊണ്ട് അസംബ്ലിയില്‍ വച്ചുതന്നെ ഇതിന് ഭേദഗതി ചെയ്യണമെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. അതിന്‌ശേഷം നടന്ന നിയമസഭാ സമ്മേളനത്തില്‍ ഈ നിയമം ഭേദഗതി ചെയ്യാന്‍ വേണ്ട യാതൊരു നടപടിയും എടുത്തിട്ടില്ല. തുടര്‍ന്ന് മന്ത്രി മഞ്ഞളാംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയുടെ  അടിസ്ഥാനത്തില്‍  ഇലക്ഷന്‍ കഴിയുന്നതുവരെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒരു നോട്ട് മാര്‍ച്ച് 14 ന് തദ്ദേശ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് അയക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതിന് മുമ്പായി മാര്‍ച്ച് 11ന് മുഹമ്മദ് ഹനീഷിന്റെ ഒപ്പിട്ടിട്ടില്ലാത്ത ഒരു സര്‍ക്കുലര്‍ കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്ക് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൂന്നു രൂപ സെസ്സ് പിരിക്കാന്‍ തിയേറ്റര്‍ ഉടമകളെ ഇവര്‍ നിര്‍ബന്ധിക്കുകയാണെന്നും  ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതുകൂടാതെ മെയ് രണ്ടിനു മുമ്പായി കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വയ്ക്കണമെന്ന ഉത്തരവും മുഹമ്മദ് ഹനീഷ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ടിക്കറ്റ് മെഷീന്റെ ഉടമസ്ഥത ഐനെറ്റ് വിഷന്‍ ആന്റ് സിസ്റ്റംസ് എന്ന കമ്പനിക്കാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതിന്റെ പാര്‍ട്‌ണേഴ്‌സായി ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡില്‍പ്പെട്ടവരും ഒരു നിര്‍മാതാവും മന്ത്രി മുനീറിന്റെ കുടുംബക്കാരും ഉണ്ടെന്നാണ് അറിയുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ഇതിനാലാണ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാതെ നിയമവിരുദ്ധമായി അനുമതി നല്‍കിയതെന്നും കോടിക്കണക്കിന് രൂപയുടെ ഈ ഇടപാടിനെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണത്തിനായി കേസ് ഫയല്‍ ചെയ്യുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss