|    May 29 Mon, 2017 4:55 pm
FLASH NEWS

തിമിരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയം; നേതാക്കള്‍ക്കെതിരേ നടപടിക്ക് സാധ്യത

Published : 30th September 2016 | Posted By: Abbasali tf

നചെറുവത്തൂര്‍: സിപിഎം ശക്തികേന്ദ്രമായ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 15ാം വാര്‍ഡായ തിമിരിയില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പരാജയപ്പെട്ട സംഭവത്തില്‍ ജില്ലാകമ്മിറ്റിയംഗം വി പി ജാനകിയുള്‍പ്പെടെ നാലുനേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇതിന്റെ മുന്നോടിയായി വി പി ജാനകി, ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വല്‍സലന്‍, ഏരിയാകമ്മിറ്റിയംഗം എം അമ്പൂഞ്ഞി, തിമിരി ലോക്കല്‍ സെക്രട്ടറി പി കമലാക്ഷന്‍ എന്നിവര്‍ക്ക് സിപിഎം ജില്ലാനേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.തിമിരി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഈ നാലുനേതാക്കള്‍ക്കാണെന്നാണ് നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്റെ റിപോര്‍ട്ട് കഴിഞ്ഞ ദിവസം സിപിഎം ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്യുകയും ആരോപണവിധേയരായ നേതാക്കള്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് ആദ്യമായി പഞ്ചായത്തില്‍ ഒരു സീറ്റ് നേടുകയും ചെയ്തു. തങ്ങളുടെ ഉരുക്കുകോട്ടയില്‍ കോണ്‍ഗ്രസ് നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. തിമിരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി വി മുകുന്ദനെ 93 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. പാര്‍ട്ടി വോട്ടുകള്‍ മറിച്ചുനല്‍കിയതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനിടയാക്കിയതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. തിമിരിയില്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന വിഭാഗീയപ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായത്. കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന വി പി ജാനകി അടക്കമുള്ള നേതാക്കള്‍ തിമിരിയില്‍ സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിയ ശ്രമം പോലും നടത്തിയിരുന്നില്ലെന്നാണ് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരുന്നത്.മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് തിമിരിയിലെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day