|    Oct 17 Tue, 2017 3:13 pm
Home   >  Todays Paper  >  Page 5  >  

തിടമ്പ്‌നൃത്ത വിവാദത്തില്‍ ആര്‍എസ്എസ് മുതലെടുപ്പ്

Published : 28th August 2016 | Posted By: SMR

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ചട്ടമ്പി സ്വാമി ജയന്ത്രി റാലിയോടനുബന്ധിച്ച് സിപിഎം ബക്കളത്ത് സംഘടിപ്പിച്ച നമ്മളൊന്ന് സാംസ്‌കാരിക റാലിയില്‍ തിടമ്പ് നൃത്തം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ വിവാദം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ആര്‍എസ്എസ് രംഗത്ത്. ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ച് വിവിധ ഹൈന്ദവ സംഘടനകളെ സംഘടിപ്പിച്ച് കണ്‍വന്‍ഷന്‍ നടത്താനാണ് ആര്‍എസ്എസ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഈമാസം 30നു വൈകീട്ട് 4.30നു തളിപ്പറമ്പില്‍ ഹിന്ദു ആചാര സംരക്ഷണ കണ്‍വന്‍ഷനും പൊതുസമ്മേളനവും വിളിച്ചിട്ടുണ്ട്. സംഘപരിവാരവുമായി ബന്ധമുള്ള സന്യാസിമാരെയും ക്ഷേത്രാചാര്യന്‍മാരെയുമാണു കൂടുതലായും പരിപാടിയിലേക്കു ക്ഷണിച്ചിട്ടുള്ളത്.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരിയാണു ഹിന്ദു ആചാര സംരക്ഷണ സമിതിയുടെ കണ്‍വീനര്‍. പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്‌ജെആര്‍ കുമാര്‍, സംഘപരിവാര സംഘടനകളുമായി അടുപ്പം പുലര്‍ത്തുന്ന സ്വാമി അമൃതാനന്ദപുരി, സ്വാമിനി അപൂര്‍വാനന്ദ സരസ്വതി, തന്ത്രിമാരായ പുടയൂര്‍ കുബേരന്‍ നമ്പൂതിരി, വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് തുടങ്ങിയവരോടൊപ്പം സാമുദായിക നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരെയും പങ്കെടുപ്പിക്കാനാണു നീക്കം. ഇതിനു പുറമെ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 300 കേന്ദ്രങ്ങളില്‍ ഹിന്ദു ജാഗ്രതാ സദസ്സ് എന്ന പേരില്‍ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തിടമ്പ് നൃത്തവിവാദത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ആര്‍എസ്എസ് പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതിന്റെ ജാള്യം മറയ്ക്കാനുമാണെന്നാണ് സിപിഎമ്മിന്റെ വാദം.
ഇതിനിടെ, ശ്രീകൃഷ്ണജയന്തി ആഘോഷ വിവാദങ്ങള്‍ കണ്ണൂരില്‍ സ്‌ഫോടനാത്മകമായ സ്ഥിതിക്കു കാരണമാക്കുന്നതായി പോലിസിലെ രഹസ്യാന്വേഷണ വിഭാഗവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലിസ് കാവലില്‍ റാലികള്‍ സമാധാനപരമായി നടന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടത്തും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ഇതിന്റെ തെളിവായി പോലിസ് ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ ആഘോഷങ്ങളിലൂടെയും ക്ഷേത്രഭരണത്തിലൂടെയും ഹിന്ദുമത വിശ്വാസികളില്‍ രാഷ്ട്രീയ ധ്രുവീകരണം നടത്തുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം വിവിധ പേരുകളില്‍ ശ്രീകൃഷ്ണജയന്തിയും ഗണേശോല്‍സവവുമെല്ലാം സംഘടിപ്പിക്കുന്നത്. ഇത്തരം പരിപാടികള്‍ വരുംവര്‍ഷങ്ങളിലും സംഘടിപ്പിക്കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഹൈന്ദവാഘോഷങ്ങള്‍ സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള രാഷ്ട്രീയ പകപോക്കലുകളുടെ വേദികൂടിയായി മാറുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക