|    Sep 24 Sun, 2017 5:48 pm
FLASH NEWS

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് പദവി; കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം രൂക്ഷം

Published : 30th November 2016 | Posted By: SMR

പയ്യോളി: തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് പദവിക്ക് വേണ്ടിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫിലെ ധാരണപ്രകാരം ജെഡിയുവിനായിരുന്നു ആദ്യത്തെ ഒരു വര്‍ഷത്തെ പ്രസിഡന്റ് പദവി. ഇത് പ്രകാരം കാലാവധി പൂര്‍ത്തിയാക്കി പ്രസിഡന്റ് എം കെ പ്രേമന്‍ കഴിഞ്ഞ 23ന് രാജിവെച്ചിരുന്നു. പിന്നാലെ, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച കോണ്‍ഗ്രസിലെ രമ ചെറുകുറ്റിയും രാജിവച്ചിരുന്നു. ശേഷം പദവി തീരുമാനിക്കുന്നതിന് വേണ്ടി യുഡിഎഫ് യോഗം ചേര്‍ന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. പ്രസിഡന്റ് പദവി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്. ആദ്യത്തെ ഒരു വര്‍ഷം ജെഡിയുവിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. മണ്ഡലം നേതാക്കളെ മുറിയിലിട്ട് പൂട്ടിയത് ഏറെ വിവാദമായിരുന്നു. അടുത്ത രണ്ടു വര്‍ഷം കോണ്‍ഗ്രസിന് ലഭിക്കാനിരിക്കെയാണ് ലീഗ് അവകാശവാദവുമായി രംഗത്തെത്തിയത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളില്‍ ഏതെങ്കിലുമൊന്നില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് പദവി കോണ്‍ഗ്രസിനു ലഭിക്കുകയാണെങ്കില്‍ തിക്കോടിയില്‍ ആദ്യതവണ പ്രസിഡന്റ് സ്ഥാനം നല്‍കുമെന്ന ധാരണ ഉണ്ടായതായി ലീഗ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ജെഡിയു ആവശ്യപ്പെട്ട് കഴിഞ്ഞു. പരിഹാരത്തിനായി യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം വരാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഘടകകക്ഷികള്‍. പഞ്ചായത്തില്‍ 17 സീറ്റുകളില്‍ യുഡിഎഫില്‍ കോണ്‍ഗ്രസിന് ആറും ലീഗിനു നാലും ജെഡിയുവിന് രണ്ടും സീറ്റുകളാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക