|    Dec 12 Wed, 2018 2:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തിംബുക്തു ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവം: മാലിയിലെ സായുധ സംഘനേതാവ് മാപ്പു ചോദിച്ചു

Published : 23rd August 2016 | Posted By: SMR

ബമാകോ: മാലിയിലെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട തിംബുക്തു ആരാധനാലയങ്ങള്‍ നശിപ്പിച്ചതില്‍ ഇസ്‌ലാമിക സായുധസംഘം ഖേദം രേഖപ്പെടുത്തി.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) നടന്ന വിചാരണയ്ക്കിടെയാണ്  അന്‍സാറുദ്ദീന്‍ സംഘത്തിന്റെ നേതാവ് അഹ്മദ് അല്‍ ഫകി അല്‍ മഹ്ദി ഖേദപ്രകടനം നടത്തിയത്. തിംബുക്തുവിലെ ശില്‍പങ്ങളും മറ്റും നശിപ്പിക്കുന്നതിന് സംഘത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നയാളാണ് അല്‍ മഹ്ദി.
ഇതാദ്യമായാണ് പൈതൃകപ്പട്ടികയിലുള്‍പ്പെട്ട മേഖലയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കുന്നത്. ഒരു ഇസ്‌ലാമിക സായുധപ്രവര്‍ത്തകന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കു മുമ്പില്‍ വിചാരണ നേരിടുന്നതും മാപ്പു ചോദിക്കുന്നതും ഇതാദ്യമാണ്. അന്‍സാറുദ്ദീന്‍ എന്ന സായുധസംഘത്തിലെ അംഗമാണിയാളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
പുരാതനമായ നിരവധി കൈയെഴുത്തുപ്രതികളും ശില്‍പങ്ങളും ഉള്‍പ്പെടെയുള്ളവ 2012ലാണ് സംഘം നശിപ്പച്ചത്. ഒന്‍പത് ശവകുടീരങ്ങളും പള്ളികളും നശിപ്പിച്ചതിന്റെ പേ രില്‍ ഇയാള്‍ക്കെതിരേ യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രാദേശികര്‍ ഇവിടെ ആരാധന നടത്തുന്നതിനെ വിലക്കാനായിരുന്നു സംഘം ഇവിടെ ആക്രമിച്ചത്. വിഗ്രഹാരാധനയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. താന്‍ ചെയ്തതു പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ലോകത്തിലെ എല്ലാ മുസ്‌ലിംകളോടും ആവശ്യപ്പെടുകയാണ്. കാരണം അത്തരം പ്രവൃത്തികളിലൂടെ നന്മയിലെ ത്താന്‍ സാധിക്കില്ല- അല്‍ മഹ്ദി പറഞ്ഞു.  വിചാരണ ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 30 വര്‍ഷം തടവു വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
മണ്ണുകൊണ്ടും മരം കൊണ്ടും നിര്‍മിച്ച ശില്‍പങ്ങളുടെ പേരില്‍ പ്രസിദ്ധമാണ് തിംബുക്തു. 13 മുതല്‍ 17ാം നൂറ്റാണ്ടിനിടയിലുള്ള ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന തിംബുക്തുവിനെ 1988ലാണ് ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss