|    Nov 18 Sun, 2018 3:43 pm
FLASH NEWS

താവം മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ ഉടന്‍ കടത്തിവിടും

Published : 28th August 2018 | Posted By: kasim kzm

പഴയങ്ങാടി: നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായ താവം റെയില്‍വേ മേല്‍പാലം ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇതുസംബന്ധിച്ച് സ്ഥലം എംഎല്‍എ ടി വി രാജേഷ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയില്‍നിന്ന് രേഖാമൂലം അനുമതി വാങ്ങി
. കെഎസ്ടിപി അധികൃതരും സമ്മതമറിയിച്ചിട്ടുണ്ട്. കെഎസ്ടിപി റോഡിലെ താവം മേല്‍പാലം ഈ ഓണത്തിനെങ്കിലും തുറക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു നിരാശയാണ് ലഭിച്ചത്. കെഎസ്ടിപിയുടെ പിലാത്തറ-പീരക്കാംതടം-പാപ്പിനിശ്ശേരി റോഡ് നവീകരണത്തോടൊപ്പം പാപ്പിനിശ്ശേരി, താവം റെയില്‍വേ മേല്‍പാലം പണിയും ഉണ്ടായിരുന്നു. ഇതില്‍ പാപ്പിനിശ്ശേരി മേല്‍പാലം വഴി വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. താവം മേല്‍പാലം പണി അനന്തമായി നീളുകയായിരുന്നു. നിലവില്‍ പാലംപണി പൂര്‍ത്തിയായി. ചെറിയ ജോലികള്‍ മാത്രമാണു ശേഷിക്കുന്നത്. പാലത്തിലെ വളവില്‍ ലൈറ്റും സിഗ്‌നലും സ്ഥാപിക്കണം. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും പ്രളയക്കെടുതി കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. സാധനസാമഗ്രികള്‍ എത്തിക്കാനായില്ല. കനത്ത മഴ പെയിന്റിങും റോഡ് മാര്‍ക്കിങും അവതാളത്തിലാക്കി. രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള മരണപ്പാച്ചില്‍ പലപ്പോഴും അപകടത്തിനിടയാക്കാറുണ്ട്. ട്രെയിന്‍ ഗതാഗതത്തെപ്പോലും ബാധിക്കുന്ന തരത്തിലാണ് താവം റെയില്‍വേ ഗേറ്റിലെ കുരുക്ക്. ഇതുകാരണം ഗേറ്റടക്കാന്‍ പലപ്പോഴും ഗേറ്റ് കീപ്പര്‍മാര്‍ ബുദ്ധിമുട്ടുന്നുണ്ട്.
പാലം ഉടന്‍ തുറന്നുകൊടുത്ത് ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന് യാത്രക്കാര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതു പരിഗണിച്ചാണ് ലൈറ്റും സിഗ്‌നലും ഉടന്‍ സ്ഥാപിച്ച് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തത്വത്തില്‍ ധാരണയിലെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss