|    May 29 Mon, 2017 5:53 am
FLASH NEWS

താഴെഅങ്ങാടി ഡിപ്പോ പറയുന്നത് അഴിമതിയുടെ കഥകള്‍

Published : 7th May 2016 | Posted By: SMR

വടകര: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വലിയ രീതിയില്‍ വടകര താഴെഅങ്ങാടിയില്‍ പെയ്തിറക്കിയിട്ടുണ്ടെന്ന് പറയുന്ന യുഡിഎഫും, എംഎല്‍എ എന്ന നിലയില്‍ വികസനങ്ങള്‍ തന്റേതാണെന്ന അവകാശവാദം മുഴക്കുന്ന പ്രതിപക്ഷ എംഎല്‍എയും കെഎസ്ആര്‍ടിസി ഡിപ്പോയുടെ നിര്‍മാണത്തിലെ അഴിമതികള്‍ കണ്ടില്ലെന്ന് നടക്കുകയാണ്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കിയാണ് പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മിച്ച കെട്ടിടവും ചുറ്റുമതിലുമല്ലാതെ വേറെ ഒന്നും തന്നെ ഡിപ്പോയില്‍ ഇല്ലെന്നെതാണ് വസ്തുത.
ഏകദേശം 140ഓളം ജോലിക്കാരാണ് ഈ ഡിപ്പോയില്‍ വന്നു പോവുന്നത്. ഇതില്‍ 40ഓളം സ്ത്രീ തൊഴിലാളികളുമുണ്ട്. തൊഴില്‍ കഴിഞ്ഞ് വരുന്ന ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ഇവിടെ സൗകര്യങ്ങളില്ല. ഒരു ഏക്കറോളമുള്ള സ്ഥലത്താണ് ഡിപ്പോ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് ഭാഗങ്ങളിലായി ചുറ്റു മതിലും ബസ്സുകളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി മേല്‍ ഭാഗം ഷീറ്റിട്ട ഒരു കെട്ടിടവുമാണ് ഉള്ളത്.
മാത്രമല്ല ഡിപ്പോയിലേക്ക് ബസ്സുകള്‍ പ്രവേശിക്കുന്ന റോഡിന്റെ അവസ്ഥ വളരെയധികം പരിതാപകരമാണ്. ദിവസേന മുപ്പതോ അതില്‍ കൂടുതലോ ബസ്സുകള്‍ കയറി വരുന്ന ഡിപ്പോയാണിത്. ടാര്‍ ചെയ്യുന്നത് പോയിട്ട് നിലം മണ്ണിട്ട് സമപാതയാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കനത്ത് ചൂടും വന്നതോടെ നിലത്ത് ചെമ്മണ്ണ് ആയതിനാല്‍ പൊടി പടലം കൊണ്ട് നാട്ടുകാര്‍ക്കും ബുദ്ധിമുട്ടേല്‍ക്കുകയാണ്.
സ്ഥലത്തെ പടിഞ്ഞാറ് ഭാഗം ഉപയോഗ ശൂന്യമായി ഇപ്പോഴും കിടക്കുകയാണ്. പ്രവൃത്തിക്കായി കൊണ്ടിട്ട കല്ലുകള്‍ ഈ ഭാഗത്തായാണ് കൊണ്ടിട്ടിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞുവര്‍ഷം കഴിഞ്ഞിട്ടും ഇത് നീക്കം ചെയ്തിട്ടില്ല.
ഇനി മഴകാലം വരുന്നതോടെ അവസ്ഥ വീണ്ടും പ്രശ്‌നം തന്നെ. കുളമേത് വഴിയേത് എന്ന് മനസ്സിലാവാന്‍ വളരെ പണിപ്പെടും. കുണ്ടും കുഴിയും നിറഞ്ഞ ഇവിടെ വെള്ളം കയറി ചെളി നിറയുന്ന രൂപത്തിലായി മാറിയത് കഴിഞ്ഞ വര്‍ഷവും കണ്ട കാഴ്ചയാണ്.
ബസ്സുകള്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെളി നിറയുകയും ബസ്സുകള്‍ പ്രവേശിച്ചാല്‍ തന്നെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലും ചെളിയാണ് ഇവിടെ ഉണ്ടാവുക.
അമ്പത് ലക്ഷം രൂപ അനുവദിച്ച എം.എല്‍.എയോട് അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യം ചോദിച്ചാല്‍ ‘ഞാന്‍ വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്, ഫണ്ട് പാസ്സാക്കുകയല്ലാതെ വേറൊന്നും എനിക്കറിയില്ലെന്ന മുടന്തന്‍ ന്യായവുമാണ് മറുപടി. ഡിപ്പോയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരങ്ങള്‍ നടത്തിയിരുന്നു. ഇതൊന്നും തന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് മാത്രമല്ല വികസനം ഓരോരുത്തരുടെ അക്കൗണ്ടിലേക്ക് വരവുവയ്ക്കാനുള്ള തത്രപ്പാടിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day