|    Feb 26 Sun, 2017 8:57 am
FLASH NEWS

താഴെഅങ്ങാടി കെഎസ്ആര്‍ടിസി ഡിപ്പോ അഴിമതി; സെന്ററില്‍ വിജിലന്‍സ് പരിശോധന

Published : 30th November 2016 | Posted By: SMR

വടകര: വടകര താഴെഅങ്ങാടിയിലെ കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് വിജലന്‍സ് ആന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കോഴിക്കോട് വിജിലന്‍സ് സി ഐ കെ സി സുഭാഷ് ബാബുവും സംഘവും സെന്ററിലെത്തി പരിശോധന നടത്തിയത്. പ്രാഥമിക തെളിവെടുപ്പിനായി വന്ന സമയത്ത് നിര്‍മാണപ്രവൃത്തി സംബന്ധിച്ചുള്ള ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് നിര്‍മാണത്തില്‍ അഴിമതിയിള്ളതായി സംശയം തോന്നിയതും അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും വിജിലന്‍സ് സംഘം പറഞ്ഞു. വടകര എംഎല്‍എ സി കെ നാണുവിന്റെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തി 2013ലായിരുന്നു ഡിപ്പോ നിര്‍മാണത്തിനായി തറക്കല്ലിട്ടത്. തുടര്‍ന്ന് 2015ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ അന്ന് മുതല്‍ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. വിവിധ കോണില്‍ നിന്നും പരാതികള്‍ ലഭിച്ചെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പരാതിന്‍മേലുള്ള ആക്ഷേപം അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല. അമ്പത് ലക്ഷം രൂപ ചിലവില്‍ പ്രസ്തുത സ്ഥലത്ത് ആകെ നിര്‍മിച്ചത് ബസ് ഓപറേറ്റ് ചെയ്യാവുന്ന ഒരു ഷീറ്റിട്ട മൂന്ന് ഭാഗം കെട്ടിയ ഷെഡും, പിന്നെ രണ്ടിടത്തായി ചുറ്റുമതിലുമാണ്. പടിഞ്ഞാറ് ഭാഗത്തായി സ്ഥലത്തെ ചുറ്റുമതില്‍ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വടകര നഗരസഭ കെട്ടിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചുറ്റു മതിലിനും, കെട്ടിയ ഷെഡിനും കൂടി അമ്പത് ലക്ഷം ചിലവായതെന്ന കാര്യത്തില്‍ പ്രദേശവാസികള്‍ക്കും മറ്റും അന്നേ സംശയം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ എംഎല്‍എ സി കെ നാണുവിന്റെ പരാതി പ്രകാരം ആഴ്ചകള്‍ക്ക് മുമ്പ് ധനകാര്യ വകുപ്പിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഡിപ്പോയിലെത്തി ഫയലുകള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ 30 ലക്ഷം രൂപയുടെ നിര്‍മാണ ബില്ല് കണ്ടെടുക്കുകയും ബാക്കി തുകയെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നുമാണ് അറിയിച്ചത്. ഡിപ്പോ വരുന്നതിനായി അന്നത്തെ യുഡിഎഫ് ഭരണകാലത്ത് പ്രദേശത്തെ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി അബ്ദുല്‍ ശരീഫ് എന്ന വ്യക്തിക്കാണ് നിര്‍മാണം നല്‍കിയിരുന്നത്. എന്നാല്‍ നിര്‍മാണം കഴിഞ്ഞെന്നുള്ള റിപോര്‍ട്ട് നല്‍കിയെന്നതല്ലാതെ ബില്ലുകള്‍ ഇതുവരെ തീര്‍പ്പു കല്‍പിച്ചിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയില്‍ സിവില്‍ വര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയവയെ കുറിച്ച് അതത് വകുപ്പ് മേധാവികളെ കൊണ്ട് പരിശോധന നടത്തിക്കുമെന്ന് വിജിലന്‍സ് സി ഐ പറഞ്ഞു. ഡിപ്പോ നിര്‍മ്മാണത്തിനായി വകയിരുത്തിയ അടങ്കല്‍ തുക 50 ലക്ഷമെന്നിരിക്കെ പൂര്‍ത്തീകരിച്ച പണികളുടെ അടിസ്ഥാനത്തില്‍ അഴിമതി ഉണ്ടെന്നാരോപിച്ചാണ് സ്വകാര്യ വ്യക്തി മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, കോഴിക്കോട് ജില്ലാ കലക്ടര്‍, വിജിലന്‍സ് സൂപ്രണ്ട് കോഴിക്കോട് എന്നിവര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വിളിപ്പിക്കുകയും തന്റെ കൈയിലുള്ള രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.  ഇന്നലെ നടത്തിയ പരിശോധനയില്‍ സിഐയോടൊപ്പം പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.പ്രശാന്ത്, സി.പി.ഒമാരായ പ്രവീണ്‍കുമാര്‍, പി.വിനോദ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക