|    Oct 19 Fri, 2018 2:50 pm
FLASH NEWS

താഴത്തങ്ങാടി മല്‍സര വള്ളം കളി : നടുഭാഗം ചുണ്ടന് ട്രോഫി

Published : 11th September 2017 | Posted By: fsq

 

കോട്ടയം: ഈ വര്‍ഷത്തെ ജലമാമാങ്കങ്ങളുടെ അവസാനം കുറിച്ച് നടന്ന കോട്ടയം മല്‍സരവള്ളം കളിയില്‍ നടുഭാഗം ചുണ്ടന്‍ ട്രേഫിയില്‍ മുത്തമിട്ടു. താഴത്താങ്ങാടിയില്‍ നടന്ന വാശിയേറിയ വള്ളംകളി മല്‍സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനായിരുന്നു ജലരാജാവിന്റെ പട്ടമണിഞ്ഞത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ ഇല്ലിക്കളം ചുണ്ടനും സ്വന്തമാക്കി. ഇരുട്ടുപരന്ന സാഹചര്യത്തില്‍ മീനച്ചിലാറ്റില്‍ നടത്തിയ ഫൈനല്‍ മല്‍സരത്തില്‍ ക്യാപ്ടന്‍ തെക്കേച്ചിറയില്‍ ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പോരിനിറങ്ങിയ നടുഭാഗം അട്ടിമറി വിജയമാണു നേടിയത്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയില്‍ ഫൈനലില്‍ ഇടംനേടിയ ടീമിന്റെ കരുത്തില്‍ ഹീറ്റ്‌സ് മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കാരിച്ചാലിന് അവസാന മല്‍സരത്തില്‍ കാലിടറുകയായിരുന്നു. ഇരുട്ടുകുത്തി എ ഗ്രേഡ് മല്‍സരത്തില്‍ തോപ്പില്‍ വിനോദ്കുമാര്‍ ക്യാപ്ടനായ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറ ഒന്നാമതെത്തി. കുമരകം മൂലേച്ചേരി ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ മാമ്മൂടനാണ് രണ്ടാം സ്ഥാനം. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ ഷെഫീഖ് മന്‍സില്‍ മുഹമ്മദ് നയിച്ച ചെങ്ങളം ഫ്രന്റ്‌സ് ബോട്ട് ക്ലബ്ബിന്റെ ജലറാണി വിജയിച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ കുമ്മനം ബോട്ട് ക്ലബ്ബിന്റെ ദാനിയേലിനെയാണ് തോല്‍പ്പിച്ചത്. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ നമ്പുവാരത്തില്‍ പ്രസാദ് നയിച്ച പരിപ്പ് ഒളശ ഫ്രന്റ്‌സ് ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവന്‍ വിജയിച്ചു. വെളിയനാട് വില്ലേജ് ബോട്ട് ക്ലബിന്റെ മാലിയില്‍ പുളിക്കത്തറ ഷോട്ടിനാണ് രണ്ടാം സ്ഥാനം. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ ജിജി പൂങ്കശ്ശേരില്‍ ക്യാപ്ടനായ കുമരകം സഹൃദയ ബോട്ട് ക്ലബ്ബിന്റെ എബ്രഹാം മൂന്നു തൈക്കല്‍ ഒന്നാമതെത്തി. വേളൂര്‍ ബോട്ട് ക്ലബിന്റെ ഡല്‍ഹിയെ വള്ളപാടുകളുടെ വ്യത്യാസത്തിലാണ് തോല്‍പിച്ചത്. ചുരുളന്‍ വിഭാഗത്തില്‍ രാജധാനി ഹോളിഡേയ്‌സ് റോയി ക്യാപ്ടനായ കോടിമത വിജയിച്ചു. കുമരകം പള്ളിച്ചിറ വേലങ്ങാടന്‍ നോര്‍ത്ത് ബോട്ട് ക്ലബിന്റെ വേലങ്ങാടനാണ് രണ്ടാം സ്ഥാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss