|    Dec 17 Sun, 2017 1:35 pm
FLASH NEWS

താളംതെറ്റിയ വിദ്യാഭ്യാസം : കലക്ടര്‍ ഇടപെട്ടു; ഡിഡിഇയുടെ ചുമതല ഡിഇഒക്ക്

Published : 15th July 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ കലക്ടറുടെ ഇടപെടല്‍. മാസങ്ങളായി ഒഴിഞ്ഞുകിടന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) അധിക ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് (ഡിഇഒ) നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലയിലെ അധ്യാപക പരിശീലന കോഴ്‌സിലേക്കുള്ള (ഡിഎഡ്) പ്രവേശന അനിശ്ചിതത്വം നീങ്ങി നടപടികള്‍ ആരംഭിച്ചു. ഡിഡിഇ ഓഫിസില്‍ കെട്ടിക്കിടക്കുന്ന അധ്യാപക -അധ്യാപകേതര ജീവനക്കാരുടെ പിഎഫ് വായ്പ, എന്‍ആര്‍എ അപേക്ഷയിലും അധ്യാപകരുടെ സ്‌കൂള്‍ മാറ്റത്തിനായുള്ള അപേക്ഷയിലും നടപടി തുടങ്ങി. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ലാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍, വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉന്നതോദ്യോഗസ്ഥരെ നേരില്‍ കണ്ട് നടപടിയുണ്ടാക്കുമെന്നു നേരത്തെ കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുമായി കലക്ടര്‍ തല്‍സമയം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിവേദനത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കിരുന്നു. സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ നിന്നു നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുക, ജില്ലയിലെ സ്‌കൂളുകളില്‍ ഒഴിവുള്ള വിവിധ ഭാഷാ-വിഷയങ്ങളുടെ കണക്കെടുത്ത് പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാനാവശ്യമായ നിര്‍ദേശം നല്‍കുക, സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപക നിയമനങ്ങളില്‍ സംവരണതത്വം ഉറപ്പാക്കുക, ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി അംഗീകൃത അധ്യാപക സംഘടനകളുടെയും വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും സംയുക്ത  യോഗം വിളിച്ചുചേര്‍ക്കുക, നിയമനാംഗീകാരവുമായി ബന്ധപ്പെട്ട അപ്പീല്‍ ഫയലുകളില്‍ അടിയന്തര നടപടി സ്വീകരിക്കുക, വിദ്യാഭ്യാസ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പിക്കാനായി അദാലത്ത് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്തിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുമായുള്ള ചര്‍ച്ചയില്‍ കെഎസ്ടിയു ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ജില്ലയിലെ താളംതെറ്റിയ വിദ്യാഭ്യാസ രംഗത്തെ കലക്ടറുടെ ഇടപെടല്‍ മാതൃകാപരമാണെന്ന് കെഎസ്ടിയു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഇ ടി റിഷാദ് റിപോര്‍ട്ട് അവതരിപ്പിച്ചു. കെ സിദ്ദീഖ്, കെ നസീര്‍, കെ അബ്ദുസലാം, സി കെ ജാഫര്‍, എം പി മുസ്തഫ, സി അഷ്‌റഫ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss