|    Apr 25 Wed, 2018 12:10 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

താല്‍പര്യങ്ങള്‍ സംവരണത്തെ വിഴുങ്ങുമോ?

Published : 3rd November 2015 | Posted By: swapna en

വി എം ഫഹദ്
ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സംവരണം വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ നടപ്പാക്കണമെന്നു പറഞ്ഞാല്‍ നമുക്ക് മനസ്സിലാകും. എന്നാല്‍, ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സംവരണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നു പറഞ്ഞാല്‍ അല്‍പം ഞെട്ടലോടെയല്ലാതെ ഒരു ജനാധിപത്യ വിശ്വാസിക്കും ശ്രവിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. പ്രസ്തുത പ്രഖ്യാപനം നടത്തുന്നത് പരമോന്നത നീതിപീഠമാണെങ്കില്‍ പ്രത്യേകിച്ചും. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അങ്ങനെയൊരു ദേശീയ താല്‍പര്യം സൃഷ്ടിച്ചെടുത്തത്.രാജ്യം സാമ്പത്തികരംഗത്ത് കുതിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കോടിക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ തുടരുന്നതും അനേകര്‍ പട്ടിണി കിടന്നു മരിക്കുന്നതും എന്തുകൊണ്ടാണെന്നു സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. അപ്പോഴാണ് പിന്നാക്കാവസ്ഥയൊക്കെ ഇപ്പോഴുമുണ്ടോ, സംവരണത്തിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന മട്ടില്‍ ചില ‘ദേശസ്‌നേഹികള്‍’ പ്രത്യക്ഷപ്പെടുന്നത്. ലോകത്തെ അംഗീകൃത ഏജന്‍സികളുടെ പഠനങ്ങളിലൊക്കെ സാമൂഹിക പിന്നാക്കാവസ്ഥയുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളുടെ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം.സാമൂഹിക പിന്നാക്കാവസ്ഥയുടെ പ്രധാന ഘടകം വിദ്യാഭ്യാസമാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് പിന്നാക്കവിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ 27 ശതമാനം സംവരണം സുപ്രിംകോടതിയിലെ ഭരണഘടനാ ബെഞ്ച് ശരിവച്ചിട്ടുള്ളതാണ്.യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്, കഴിഞ്ഞ 13 വര്‍ഷമായി 27 ശതമാനം സംവരണമുണ്ടായിട്ടും വര്‍ഷംതോറും പ്രാതിനിധ്യം കുറയുന്നുവെന്നാണ്. 1990ല്‍ 12.55 ശതമാനമായിരുന്നത് 2005ല്‍ 5.21 ആയി. 12 ശതമാനം സംവരണം ലഭിക്കേണ്ട മുസ്‌ലിം സമുദായത്തിനു മെറിറ്റിലും സംവരണത്തിലും കൂടി ആകെ കിട്ടിയത് 9 ശതമാനം മാത്രമാണ്. 4 ശതമാനം സംവരണം ലഭിക്കേണ്ട ലത്തീന്‍ കത്തോലിക്കക്കാര്‍ക്ക് മെറിറ്റിലും സംവരണത്തിലും കൂടി കിട്ടിയത് ആകെ 3 ശതമാനവും. അപ്പോള്‍ സംവരണമല്ല സംവരണ അട്ടിമറിയാണ് കാര്യമായി നടക്കുന്നത്.സംവരണം സാമൂഹിക സമത്വത്തിനു വേണ്ടി ഭരണഘടനയില്‍ വിവേകശാലികള്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ്. അന്നു മുതല്‍ തന്നെ അതിനെ എതിര്‍ക്കുന്ന ചെറു ന്യൂനപക്ഷ സവര്‍ണ വിഭാഗവും ഇവിടെയുണ്ട്. ഭരണഘടനയുടെ 15(4) വകുപ്പു പ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കാണ് സംവരണം. ഈ അവകാശം നിരന്തര സമരത്തിന്റെ ആവശ്യാര്‍ഥം രൂപപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിലേക്ക് നാം പ്രവേശിക്കുന്നത് കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയെ നേരിട്ടുകൊണ്ടാണ്. ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന് ഭരണത്തിലോ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലോ വിദ്യാഭ്യാസമേഖലയിലോ മതിയായ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്. ആ കാരണങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് സംവരണം ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തത്. സംവരണം ഭൂതകാല അനീതിയോടും വിവേചനത്തോടും ബന്ധിതമാണ്. അതിന്റെ പരിഹാരം വര്‍ത്തമാനത്തില്‍ നീതിയും സമത്വവും വരുത്തിയാണ് ചെയ്യേണ്ടതെന്ന് ഭരണഘടനാ ശില്‍പികള്‍ വിശ്വസിച്ചു. അതുകൊണ്ടാണ് സംവരണം ചരിത്രപരമായി പ്രതിഷ്ഠ നേടിയ ഒരു സമരതന്ത്രമാണെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത്. തികച്ചും ഏകപക്ഷീയമാണ് കോടതി സംവരണവിഷയത്തില്‍ പലപ്പോഴും ഇടപെട്ടിട്ടുള്ളത്. സാമ്പത്തിക സംവരണം ഏറ്റവും നല്ല ഉദാഹരണമാണ്. സാമ്പത്തിക സംവരണവും ക്രീമിലെയറും കോടതിവിധിയിലൂടെ അടിച്ചേല്‍പിക്കുകയായിരുന്നു. സംവരണത്തിനെതിരായ പല നീക്കങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഒരിക്കല്‍ 4 ശതമാനം സംവരണം നല്‍കാനുള്ള ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്നാം തവണയും റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞത് സംവരണം നല്‍കുന്നത് മതപരിവര്‍ത്തനത്തിനു കാരണമാകുമെന്നാണ്. ഇപ്പോള്‍ യോഗ്യതയുടെ പേരു പറഞ്ഞാണ് സംവരണത്തെ എതിര്‍ക്കുന്നത്. യോഗ്യത സംവരണവിരുദ്ധര്‍ പണ്ടുമുതലേ പ്രചരിപ്പിക്കുന്ന ആയുധമാണ്. സംവരണം യോഗ്യതയെ അട്ടിമറിക്കുന്നുവെന്നു തെളിയിക്കുന്ന ഒരു സ്ഥിതിവിവരവും നമ്മുടെ പക്കലില്ല. മാത്രമല്ല, യോഗ്യതയെന്നത് ചരിത്രപശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അത് ഒരു വിഭാഗത്തിനു നൂറ്റാണ്ടുകളായി തടഞ്ഞുവച്ച ചരിത്രമാണ് ഇന്ത്യയുടേത്. സാമൂഹികശാസ്ത്രപരമായി യോഗ്യത ജീവിതചുറ്റുപാടുമായി ബന്ധപ്പെട്ടാണുള്ളത്. യോഗ്യത ഏതെങ്കിലും വംശ-വര്‍ണവിഭാഗത്തിനു ജന്മസിദ്ധമാണെന്നു വാദിച്ച പാശ്ചാത്യ സിദ്ധാന്തങ്ങള്‍ക്കൊന്നും ശാസ്ത്രീയാടിത്തറയില്ല. സംവരണവിരുദ്ധരുടെ ഈ പ്രചാരണായുധമാണ് ഇപ്പോള്‍ കോടതിയും നടത്തിയിരിക്കുന്നത്. സംവരണം യോഗ്യതയെ വിഴുങ്ങുമെന്നാണ് കോടതി പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss