|    Oct 15 Mon, 2018 3:55 pm
FLASH NEWS

താല്‍ക്കാലിക ജീവനക്കാരുടെ നിയമനം വൈകുന്നു; തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങി

Published : 26th September 2017 | Posted By: fsq

 

വെള്ളമുണ്ട: എല്‍ഡിഎഫ് ഭരിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തില്‍ ഭരണസമിതിയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കനാവാതെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം താളം തെറ്റുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒഴിവ് വന്ന തസ്തികകളിലേക്ക് ഇന്റര്‍വ്യു നടത്തി ആളെ കണ്ടത്തിയെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിയമനമെന്നാരോപിച്ച് വൈസ് പ്രസിഡന്റും പ്രതിപക്ഷത്തുള്ള യുഡിഎഫ് അംഗങ്ങളും അനുകൂലിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. പഞ്ചായത്തില്‍ മാസങ്ങളോളമായി ഒഴിഞ്ഞുകിടക്കുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ നിയമനമാണ് രാഷ്ട്രീയ വടം വലികാരണം നീണ്ടു പോകുന്നത്. രണ്ടു മാസം മുമ്പ് രണ്ട് തസ്തികളിലേക്കും ഏഴംഗ കമ്മറ്റി ഇന്റര്‍വ്യു നടത്തുകയുണ്ടായി. ഇതില്‍ എ ഇ തസ്തികയിലേക്ക് ഇരുവിഭാഗവും ഐക്യകണ്ഡേനെ നേരത്തെ ജോലി ചെയ്തു വന്നിരുന്ന ഒരാളെ അംഗീകരിച്ചു. എന്നാല്‍ ഓവര്‍സിയര്‍ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും രണ്ടു തട്ടിലാണ്. നേരത്തെ മുസ്ലിം യൂത്ത് ലീഗില്‍ നിന്നും രാജിവെച്ച് ഡിവൈഎഫ്‌ഐ യില്‍ ചേര്‍ന്ന ഒരാളെയാണ് കമ്മറ്റി തിരഞ്ഞെടുത്തത്. എന്നാല്‍ ഇയാള്‍ക്ക് മുന്‍പരിചയം തീരെയില്ലെന്ന ആരോപണവുമായി യുഡിഎഫ് എതിര്‍ക്കുകയാണ്. ഭരണ സമിതിയില്‍ നിലവിലെ വൈസ്പ്രസിഡന്റ് യുഡിഎഫി നൊപ്പം നില്‍ക്കുന്നതിനാല്‍ നിയമിക്കുവാനുള്ള ഭൂരിപക്ഷം എല്‍ ഡിഎഫിനില്ല. പതിനാറംഗ ഭരണ സമിതിയില്‍ ഏഴംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. ഭരണസമിതി യോഗത്തിന്റെ അംഗീകാരമില്ലാതെ നിയമനം നടത്താന്‍ സെക്രട്ടറി ഒരുക്കവുമല്ല. ഈ വിഷയം കഴിഞ്ഞ രണ്ട് ഭരണസമിതി യോഗത്തിലും ചര്‍ച്ചക്ക് വന്നെങ്കിലും ഭൂരിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന അംഗീകാരം നേടിയെടുക്കാനായില്ല. ഇതോടെയാണ് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് മേഖല സതംഭിച്ചത്. നിലവില്‍ മുവ്വായിരത്തോളം തൊഴിലാളികളാണ് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രായോജകരായിട്ടുള്ളത്. അടുത്ത മാര്‍ച്ച് 31 നകം 150 തൊഴില്‍ ദിനങ്ങളായിരുന്നു ഇവര്‍ക്ക് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഇതിനോടകം ലഭിക്കേണ്ടിയിരുന്ന 60 തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് പരമാവധി 24 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് ലഭിച്ചത്. തൊഴിലാളികളുടെ എണ്ണവും തൊഴില്‍ ദിനങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് മേറ്റുമാര്‍ സമര്‍പ്പിച്ചിട്ടും ഇതംഗീകരിച്ച് സൈറ്റ് ഡയറിയും എസ്റ്റിമേറ്റും ബില്ലും തയ്യാറാക്കി മസ്റ്ററോള്‍ നല്‍കാന്‍ വകുപ്പില്‍ ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതോടെ ഭൂരിഭാഗം വരുന്ന ആദിവാസികളടങ്ങുന്ന തൊഴിലാളികള്‍ നിത്യ വൃത്തിക്കുള്‍പ്പെടെ പ്രതിസന്ധിയിലുമായി. പടിഞ്ഞാത്തറ പഞ്ചായത്തിലെ രാഷ്ട്രീയ വടം വലികള്‍ക്ക് നിത്യ ജീവിതത്തിന് വഴിതേടുന്ന തൊഴിലാളികളെ ബലിയാടാക്കുകയാണെന്നാണ് ആരോപണം. ഇതിനെതിരെ ഇന്നലെ രാവിലെ തൊഴിലാളികള്‍ സംയുക്തമായി പഞ്ചായത്ത് ഓഫിസ് തുറക്കാനനുവദിക്കാതെ ഉപരോധിക്കുകയായിരുന്നു. ഉത്തരവാദപ്പെട്ടവരില്‍ നിന്നും ഉറപ്പ് ലഭിച്ചാല്‍ മാത്രമെ സമരം അവസാനിപ്പുക്കുകയുള്ളുവെന്നായിരുന്നു സമരക്കാരുടെ നിലപാട്. 10.45 ഓടെ പഞ്ചായത്ത് ആരോഗ്യകാര്യ സമിതി ചെയര്‍മാനായ നൗഷാദ് സ്ഥലത്തെത്തി തൊട്ടടുത്ത ദിവസം തന്നെ ജീവനക്കാരെ നിയമിക്കുമെന്നും ഒക്ടോബര്‍ മൂന്നിനകം പ്രശ്‌നത്തിന് പരിഹാരമാവുമെന്നും ഉറപ്പ് നല്‍കിയതോടെ താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിക്കുകയുമായിരുന്നു. വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഷരീഫ്, പടിഞ്ഞാറത്തറ സബ് ഇന്‍സ്‌പെക്ടര്‍ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തുണ്ടായിരുന്നു. എന്‍ ആര്‍എംഇജി മേറ്റുമാരായ റീനാജോസഫ്, രമാ ഗോപി, മറിയം മത്തായി, മാലിനി മണി, മുണ്ടത്തിയമ്മ, ലത,നാരായണി തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss