|    Jan 17 Tue, 2017 2:33 pm
FLASH NEWS

താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍: സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആക്ഷേപം. ജീവനക്കാരുടെ സംഘടനയായ ന്യൂ ട്രേഡ് യൂനിയന്‍ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജില്‍ ദീര്‍ഘനാളായി സമരം നടത്തിവരുന്നത്. നിലവില്‍ ജോലിചെയ്തുവരുന്ന 260 ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യൂനിയന്‍ പ്രതിനിധികള്‍ ആരോപിക്കുന്നു.
80 പേരെയാണ് പുതുതായി നിയമിക്കുന്നത്. ഇതിനു മുന്നോടിയായി 30 ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തി. എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്കുള്ള നിയമനം എന്ന പേരില്‍ എംപ്ലോയ്‌മെന്റ് വഴിയാണ് പുതിയ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ളവര്‍ വരെ പുതിയ നിയമനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറുമാസം കഴിഞ്ഞാല്‍ ഇവര്‍ സ്ഥിരപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി ഇതേ തസ്തികയില്‍ ജോലിചെയ്തുവന്നിരുന്ന ജീവനക്കാര്‍ സമരത്തിലേക്കു നീങ്ങിയത്.
ജൂലൈ 16 മുതല്‍ സമരം ചെയ്ത 61 സ്ത്രീകളെ ആഗസ്ത് 31ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം എടുക്കാന്‍ കൂട്ടാക്കാതെ സമരം തുടരുമെന്നു പറഞ്ഞ അവരില്‍ 56 പേരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് യൂനിയന്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. സപ്തംബര്‍ ഏഴിന് ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് അറിയിച്ചിരുന്നുവെന്ന് യൂനിയന്‍ ഭാരവാഹി യശോദരദേവി പറഞ്ഞു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടാവാത്തതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളെ യൂനിയന്‍ ഇടപെട്ട് ഒമ്പതിന് ജാമ്യത്തിലിറക്കുകയും ചെയ്തു. ഇക്കാര്യത്തിലും രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് അവര്‍ പറയുന്നു.
തിരുവനന്തപുരത്തുനിന്ന് ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതിയില്‍ എത്തിച്ച സ്ത്രീകളെ ജാമ്യമെടുത്തശേഷം മോചിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അതനുസരിച്ച് നേരത്തേ തന്നെ ജയില്‍സൂപ്രണ്ടിനോട് യൂനിയന്‍ അനുമതിയും വാങ്ങിയിരുന്നു. എന്നാല്‍, ജാമ്യമെടുത്തിട്ടും സ്ത്രീകളെ വിട്ടയക്കാന്‍ പോലിസ് അനുമതി നല്‍കിയില്ല. അവരെ തിരികെ തിരുവനന്തപുരത്തെത്തിച്ച് ജയിലില്‍നിന്ന് റിലീസ് ചെയ്യണമെന്നാണ് പോലിസ് അറിയിച്ചത്. ഇതുപ്രകാരം യൂനിയന്‍ പ്രതിനിധികള്‍ മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചെങ്കിലും പോലിസ് വാഹനം ആലപ്പുഴയില്‍ തന്നെ തുടരുകയും വൈകീട്ടോടെ ആശുപത്രിയില്‍ സ്ത്രീകളെ ഇറക്കുകയും ചെയ്തു.
സാധാരണക്കാരായ സ്ത്രീകളോട് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് അവര്‍ ആരോപിക്കുന്നു. കൂടാതെ ഏഴിനു ചര്‍ച്ച നടക്കാത്ത വിവരമറിഞ്ഞ് സ്ത്രീകള്‍ ജയിലിനുള്ളില്‍ നിരാഹാരം നടത്തിയ വിവരം അധികൃതര്‍ കാര്യമാക്കിയില്ല.
വിവരം വാര്‍ത്തയാവാതിരിക്കാന്‍ ഉദ്യോഗസ്ഥരും ശ്രമിച്ചു. ഇതെല്ലാം പുതിയ നിയമനത്തിനുവേണ്ടിയാണെന്നും യൂനിയന്‍ ആരോപിക്കുന്നു. നിയമനത്തോട് എതിര്‍പ്പില്ല, മറിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയി ല്‍ വിളിച്ചുചേര്‍ത്ത യോഗത്തി ല്‍ താല്‍ക്കാലിക ജീവനക്കാരെ സീനിയോറിറ്റി അനുസരിച്ച് സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കണം.
എന്നാല്‍, അതിനു വിപരീതമായി എല്ലാവരെയും പിരിച്ചുവിടുന്ന ഏകപക്ഷീയ തീരുമാനം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതിനായി മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക