|    Oct 21 Sat, 2017 6:54 am
FLASH NEWS
Home   >  Todays Paper  >  page 9  >  

താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്നവര്‍ക്കിടയില്‍ രോഗബാധ രൂക്ഷം; കോളറ ഭീഷണിയില്‍ യമന്‍

Published : 9th October 2016 | Posted By: SMR

സന്‍ആ: യമന്‍ കോളറ ഭീഷണിയിലെന്ന് യൂനിസെഫ്. രോഗബാധ രാജ്യത്തെ കുട്ടികള്‍ക്ക് അപകടത്തിനു കാരണമാവുമെന്നും യൂനിസെഫ് മുന്നറിയിപ്പു നല്‍കി.
യമനിലെ കുട്ടികള്‍ അനുഭവിക്കുന്ന ക്ലേശങ്ങളുടെ കൂട്ടത്തിലേക്ക് കോളറ കൂടി വന്നുചേര്‍ന്നിരിക്കുകയാണെന്ന് യൂനിസെഫ് പ്രതിനിധി ജൂലിയന്‍ ഹാര്‍നെയ്‌സ് അഭിപ്രായപ്പെട്ടു. ആഭ്യന്തരസംഘര്‍ഷം തുടരുന്നതിനിടെ യമനിലെ ആരോഗ്യസംവിധാനങ്ങള്‍ തകരുകയാണ്. ഇതാണ് കുട്ടികളുടെ അവസ്ഥ അപായകരമായി മാറുന്നതിനുള്ള കാരണം. തലസ്ഥാനമായ സന്‍ആയുടെ സമീപത്ത് കഴിഞ്ഞ ദിവസം പത്തോളം കുട്ടികള്‍ക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. കടുത്ത നിര്‍ജലീകരണം അനുഭവിക്കുന്ന ഇവരെ സന്‍ആയിലെ അല്‍ സബൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യതയില്ലായ്മ, വൃത്തിഹീനമായ സാഹചര്യങ്ങള്‍ എന്നിവ രോഗബാധ വരുന്നതിനു കാരണമാവുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പലായനം ചെയ്ത് താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്നവര്‍ക്കിടയിലാണ് രോഗബാധ രൂക്ഷമായത്.  കോളറബാധയുടെ കാരണം വിലയിരുത്തുന്നതിന് യമനിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച തുടരുകയാണെന്നും രാജ്യത്തെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് ആഗോളതലത്തില്‍ ധനസഹായം ആവശ്യപ്പെടുന്നതായും യൂനിസെഫ് വ്യക്തമാക്കി. യമനില്‍ 30 ലക്ഷം പേര്‍ക്ക് അടിയന്തര ഭക്ഷ്യസഹായം ആവശ്യമാണെന്നും യൂനിസെഫ് അറിയിച്ചു. 15 ലക്ഷം കുട്ടികളാണ് രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. ഇതില്‍ 3.7 ലക്ഷം കുട്ടികളുടെ സ്ഥിതി പ്രതിരോധശേഷി നശിച്ചുപോവുന്ന തരത്തില്‍ ഗുരുതരമാണ്.
യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്ന സൈന്യവും ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതരും തമ്മിലെ സംഘര്‍ഷം ഹാദി സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള അറബ് സഖ്യസേനയുടെ ഇടപെടലിനെത്തുടര്‍ന്നാണ് രൂക്ഷമായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറബ് സഖ്യസേന ആക്രമണം ആരംഭിച്ചതുമുതല്‍ 6700ഓളം പേരാണ് യമനില്‍  സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. 30 ലക്ഷത്തിലധികം പേരാണ് ഇക്കാലയളവില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക