|    Dec 18 Tue, 2018 6:22 pm
FLASH NEWS

താല്‍ക്കാലിക അധ്യാപക നിയമനം : പ്രഹസനമായി കൂടിക്കാഴ്ചകള്‍

Published : 25th May 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതി. നിലവിലുള്ള അധ്യാപകരുടെ ഒഴിവുകളും ഇന്റര്‍വ്യൂ തിയ്യതിയും കാണിച്ച് പത്രങ്ങളിലൂടെ പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് ജില്ലാ പഞ്ചായത്തും പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും ചേര്‍ന്നാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമായും വിദ്യാലയം ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത്, പ്രവൃത്തിപരിചയം, പരീക്ഷകളില്‍ നേടിയ മാര്‍ക്ക് എന്നിവയാണ് പരിഗണിക്കേണ്ടത്. എന്നാല്‍, സ്ഥലം എംഎല്‍എമാരുള്‍പ്പെടെ ഉദ്യോഗാര്‍ഥികള്‍ക്കായി ശുപാര്‍ശകള്‍ നടത്താറുണ്ട്. ഇതോടെ ഇന്റര്‍വ്യൂ പ്രഹസനമായി നേരത്തെ നിശ്ചയിച്ച ആള്‍ക്ക് ജോലി നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ ജില്ലയില്‍ കണ്ടുവരുന്നത്. എയ്ഡഡ് വിദ്യാലയങ്ങളിലാവട്ടെ, താല്‍ക്കാലിക നിയമനങ്ങള്‍ കേവലം പത്രപരസ്യങ്ങളില്‍ മാത്രമൊതുങ്ങുകയാണ്. മാനന്തവാടി രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി, കണിയാരം ഫാ. ജികെഎം ഹയര്‍ സെക്കന്‍ഡറി, മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ എച്ച്എസ്എസ്ടി മലയാളം, ഹിന്ദി, സീനിയര്‍ വിഭാഗം ഇംഗ്ലീഷ്, കൊമേഴ്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, ജൂനിയര്‍ വിഭാഗം ഇംഗ്ലീഷ്, കൊമേഴ്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് മാനന്തവാടി രൂപതാ കോര്‍പറേറ്റ് വിദ്യഭ്യാസ ഏജന്‍സി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. അപേക്ഷകര്‍ മെയ് 30ന് മുമ്പായി ദ്വാരക കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും  അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അറിയിപ്പ് ശ്രദ്ധയില്‍പെടുന്ന ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുമായി കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഓഫിസില്‍ എത്തുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുന്നത്. അപേക്ഷ വാങ്ങിവയ്ക്കുകയും എന്നാല്‍, നിലവില്‍ എല്ലാ തസ്തികകളിലും മുന്‍വര്‍ഷങ്ങളിലെ താല്‍ക്കാലിക അധ്യാപകര്‍ തന്നെ തുടരുമെന്നും നിങ്ങള്‍ അപേക്ഷ തരുന്നതില്‍ ഒരു കാര്യവുമില്ലെന്നും രൂപതാ പ്രതിനിധികള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തതായി ഒരു ഉദ്യോഗാര്‍ഥി പറഞ്ഞു. ജില്ലയിലെ മിക്ക എയ്ഡഡ് മാനേജ്‌മെന്റുകളുടെയും ശൈലി ഇതു തന്നെയാണ്. ചുരുക്കത്തില്‍ ഉദ്യോഗാര്‍ഥിയുടെ കഴിവോ പരിചയമോ പരിശോധിക്കപ്പെടാതെ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതായാണ് പരാതി. സ്‌കൂളുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് ഓഫിസുകള്‍ വഴി നടത്തണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഇതു നടപ്പാക്കാത്തതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിനയാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss