|    Feb 23 Thu, 2017 5:33 pm

താലൂക്ക് വികസന സമിതി യോഗത്തോട് ജനപ്രതിനിധികള്‍ക്ക് അയിത്തം

Published : 7th November 2016 | Posted By: SMR

കാസര്‍കോട്: ജനപ്രതിനിധികളും ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും താലൂക്ക് വികസന സമിതിയോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. ഇതോടെ താലൂക്ക് വികസന സമിതി യോഗങ്ങള്‍ പ്രഹസനമാകുന്നു. ഓരോ താലൂക്കുകളിലെ വികസന പ്രവര്‍ത്തനങ്ങളും അതിന്റെ കുറവുകളും അവലോകനം ചെയ്യാന്‍ ഓരോ മാസവും വിളിച്ചു ചേര്‍ക്കുന്ന താലൂക്ക് വികസന സമിതി യോഗത്തെയാണ് വകുപ്പ് മേധാവികളും ജനപ്രതിനിധികളും കൈയ്യൊഴിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കാസര്‍കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുത്തത് രണ്ട് ജനപ്രതിനിധികള്‍മാത്രം.
ഉദ്യോഗസ്ഥരാകട്ടെ മൂന്നില്‍ ഒന്നു മാത്രമാണ് പങ്കെടുത്തത്. യോഗങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങളും മറുപടി പറയാന്‍ ആളില്ലാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഇളഭ്യരായി മടങ്ങി വരേണ്ട അവസ്ഥയിലാണ്. ജനപ്രതിനിധികളാണ് നിയമപരമായി വികസന സമിതി യോഗങ്ങളില്‍ അധ്യക്ഷത വഹിക്കേണ്ടത്.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, താലൂക്ക് പരിധിയില്‍ വരുന്ന എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ താലൂക്ക് വികസന സമിതി യോഗത്തിലെ അംഗങ്ങളാണ്. എന്നാല്‍ ചില മാസങ്ങളില്‍ചേര്‍ന്ന കാസര്‍കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ പോലും ഒരു ജനപ്രതിനിധി ഇല്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ജില്ലാ വികസന സമിതി യോഗങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഇതേ അവസ്ഥ തന്നെയായിരുന്നു. എന്നാല്‍ വകുപ്പ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ഇത് ഒരു പരിധി വരെ പരിഹരിക്കാനായിട്ടുണ്ട്.
എന്നാല്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ മാത്രം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായിട്ടില്ല. യോഗത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്തെങ്കിലും ആക്ഷേപമോ ചോദ്യമോ ഉന്നയിച്ചാല്‍ അതിന് മറുപടി പറയാനാകാത്ത അവസ്ഥയാണ് താലൂക്ക് വികസന സമിതി യോഗം വിളിച്ചു ചേര്‍ക്കുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം മുംതാസ് സമീറയാണ് അധ്യക്ഷത വഹിച്ചത്.
ഇവര്‍ക്ക് പുറമേ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. 40 ഓളം വകുപ്പുകള്‍ സര്‍ക്കാരിന് കീഴിലുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്ന വകുപ്പ് മേധാവികള്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിച്ചത്. പ്രധാന വകുപ്പുകളായ ആരോഗ്യം, പൊതുമരമാത്ത് തുടങ്ങിയവയില്‍ നിന്ന് ആരും പങ്കെടുത്തില്ല. വകുപ്പ് മേധാവികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെങ്കിലും അദ്ദേഹം ചുമതലപ്പെടുത്തുന്ന കീഴ് ഉദ്യോഗസ്ഥനും യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.
എന്നാ ല്‍ അതിന് ഒരാളെ ചുമതലപ്പെടുത്താന്‍ പോലും വകുപ്പ് മേധാവികള്‍ താല്‍പര്യം കാണിക്കാറില്ലെന്നുള്ളതാണ് വസ്തുത. യോഗങ്ങളില്‍ ജനപ്രതിനിധികളും വകുപ്പ് അധികാരികളും പങ്കെടുക്കാത്തതിനെതിരെ കഴിഞ്ഞ കാസര്‍കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക