|    Aug 15 Wed, 2018 2:54 am
FLASH NEWS

താലൂക്ക് യോഗങ്ങളുടെ മിനുട്ട്‌സ് നല്‍കാന്‍ വൈകുന്നതായി പരാതി

Published : 10th August 2018 | Posted By: kasim kzm

വടകര: താലൂക്കിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നടക്കുന്ന യോഗങ്ങളുടെ മിനുട്ട്‌സ് അതാത് ഓഫീസ് മേധാവികള്‍ക്ക് അയുക്കുന്നത് വൈകുന്നതായി പരാതി. ഇത് മൂലം പല യോഗങ്ങളും നടക്കാതെ പോകുന്നതോടൊപ്പം പൊതുജനങ്ങളുടെ പ്രതിഷേധമടക്കമുള്ള പ്രശ്‌നങ്ങളില്‍ നടപടി വൈകുന്നതായി ആക്ഷേപം.
വകുപ്പ് മേധാവികളടക്കമുള്ളവര്‍ ഉടന്‍ തന്നെ പരിഹാരം കാണേണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വൈകുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം 20ന് നടന്ന ഒവി തോട്, കരിമ്പന തോട് മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ വേണ്ടി സികെ നാണു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാങ്കേതിക പഠനത്തിനായി സമിതിയെ രൂപീകരിച്ച് ഒരു മാസം കൊണ്ട് പഠനം നടത്തി റിപോര്‍ട്ട് നല്‍കണമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഈ യോഗത്തിന്റെ മിനുട്ട്‌സ് നഗരസഭയില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്.
20ന് നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ഒരു മാസം കൊണ്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും മിനുട്ട്‌സ് വൈകിയെത്തിയതോടെ പഠനം തുടങ്ങാന്‍ ദിവസങ്ങള്‍ വീണ്ടുമെടുക്കേണ്ട അവസ്ഥയാണ്. രണ്ട് തോടിലും മാലിന്യം കുമിഞ്ഞ് കൂടിയത് കാരണം പ്രദേശവാസികള്‍ ഏറെ ദുരിതം നേരിടുകയാണ്. മാത്രമല്ല ഈ രണ്ട് തോടിലേക്കും മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 4ന് ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ വടകരയിലെ ട്രാഫിക് സംവിധാനത്തെ കുറിച്ച് ആലോചിക്കാന്‍ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് തീരുമാനിച്ചത്.
യോഗത്തെ കുറിച്ച് ചെയര്‍മാനോട് അന്വേഷിച്ചപ്പോള്‍ അത്തരമൊരു തീരുമാനം കൈകൊണ്ടതായി അറിയില്ലെന്നാണ് മറുപടി ലഭിച്ചത്. യോഗത്തില്‍ റവന്യു, പോലിസ്, ആര്‍ടിഒ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളടക്കം പങ്കെടുക്കണമെന്നും തീരുമാനിച്ചിരുന്നു. നഗരത്തില്‍ നിലവില്‍ ഗതാഗക്കുരുക്ക് രൂക്ഷമാണ്, ഇതോടൊപ്പം ഓണം, പെരുന്നാള്‍ കൂടി വന്നുചേരുന്നതോടെ വാഹങ്ങള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന് യോഗം വിലയിരുത്തി. നഗരത്തില്‍ തോന്നിയത് പോലെ വാഹങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇക്കാര്യം പരിഹരിക്കാനാണ് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യോഗം ചേരുന്നതിനെ കുറിച്ച് അറിയില്ലെന്ന നഗരസഭ ചെയര്‍മാന്റെ മറുപടി ഏറെ ആശങ്കയുളവാകുന്നതാണ്. താലൂക്കില്‍ നടക്കുന്ന യോഗങ്ങളുടെ പ്രസ്തുത തീരുമാനങ്ങള്‍ യോഗത്തിന്റെ അടുത്ത ദിവസം തന്നെ അതാത് ഓഫീസ് മേധാവികള്‍ക്കോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ അയക്കണമെന്നാണ് നിയമം. എന്നാല്‍ വടകരയില്‍ ഇതെല്ലാം താളംതെറ്റുകയാണ്. കഴിഞ്ഞ പല താലൂക്ക് വികസന സമിതി യോഗങ്ങളിലും എടുക്കുന്ന തീരുമാനങ്ങള്‍ മിക്കതും ഇപ്പോഴും നടപ്പാക്കാത്ത അവസ്ഥയാണ്. പല തീരുമാനങ്ങളും തുടര്‍ച്ചയായുള്ള യോഗങ്ങളിലും ഉന്നയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss