|    Oct 20 Fri, 2017 9:02 am
FLASH NEWS

താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിയുടെ മരണം ; നിരാഹാര സമരവുമായി യുവതിയുടെ ബന്ധുക്കള്‍

Published : 4th August 2017 | Posted By: fsq

 

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മരിച്ച യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം മെയ് 14നാണ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ കൊട്ടാരക്കര മുസ്്‌ലിം സ്ട്രീറ്റില്‍ വിമലാലയത്തില്‍ ബൈജു രാജുവിന്റെ ഭാര്യ സഹിത(31)യും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന സഹിതയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രസവമുറിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് സുഖപ്രസവത്തിനുള്ള മരുന്ന് നല്‍കിയശേഷം വനിതാഡോക്ടര്‍ പുറത്തുപോയി. ഈ സമയം ശാരീരിക അസ്വസ്ഥതയുണ്ടായി യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മരണം സംഭവിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് ഡോക്ടര്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവമറിഞ്ഞ് ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തിയിരുന്നു. പ്രകോപിതരായ ഇവരില്‍ ചിലര്‍ ഡോക്ടറെ മര്‍ദ്ദിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് യുവതിയുടെ ബന്ധുക്കള്‍ നിഷേധിച്ചു. ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഇവരുടെ വാദം. ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് പോലിസിന്റെ സാന്നിധ്യത്തില്‍ ഡിഎംഒ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. എന്നാല്‍ പിന്നീട് യുവതിയുടെ ബന്ധുക്കള്‍ തന്നെ മര്‍ദ്ദിച്ചതായി കാട്ടി ഡോക്ടര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെ ഇടപെട്ടിട്ടും യുവതി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം ആശുപത്രിയില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് തങ്ങള്‍ക്കെതിരേ കേസെടുക്കുകയാണ് ചെയ്തതെന്ന് സഹിതയുടെ ഭര്‍ത്താവ് ബൈജു രാജു പറഞ്ഞു. ഈ സാഹചര്യത്തിലാണ് നാളെ ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സമരത്തിന് പിന്തുണ നല്‍കുമെന്ന് കെപിഎംഎസ് ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്‍, സുധാകരന്‍ പള്ളത്ത്, മുളവന്‍ മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക