|    Oct 20 Fri, 2017 1:55 am

താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികളുടെ പരിചരണത്തില്‍ വീഴ്ചയെന്ന് പരാതി

Published : 4th August 2017 | Posted By: fsq

 

കൊല്ലം:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികളെ പരിചരിക്കുന്നതില്‍ ജീവനക്കാരും ഡോക്ടര്‍മാരും അനാസ്ഥ കാണിക്കുന്നതായി വ്യാപക പരാതി ഉയരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പ്രസവ ചികില്‍സയ്ക്കിടെ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം അമ്മയോ കുഞ്ഞോ മരിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഏറ്റവും ഒടുവിലത്തേതാണ് പ്രസവത്തിനായി എത്തിയ യുവതിയെ മടക്കി അയയ്ക്കുകയും അവര്‍ വീട്ടില്‍ പ്രസവിക്കുകയും ചെയ്ത സംഭവം.  ഉമ്മന്നൂര്‍ സ്വദേശിയായ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബന്ധുക്കളോടൊപ്പം ആശുപത്രിയിലെത്തിയത്.  ഇവരെ പരിശോധിച്ച ശേഷം ഡോക്ടര്‍ വീട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതി വൈകീട്ട് അഞ്ചോടെ പ്രസവിച്ചു.  ഇവരുമായി വീണ്ടും ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ രോഷാകുലരായി. പോലിസ് ഇടപെട്ടാണ് ആശുപത്രിയിലെ സംഘര്‍ഷാവസ്ഥ ശാന്തമാക്കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ ഇതും പ്രഹസനമായി മാറുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.2015ല്‍ ആനക്കോട്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പ്രസവത്തിനിടെ കുട്ടി മരിച്ചിരുന്നു.  പ്രസവ വേദന അനുഭവപ്പെട്ടിട്ടും ഓപറേഷന്‍ നടത്താതെ തിയ്യതി നീട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് കുഞ്ഞ് ഗര്‍ഭത്തില്‍ തന്നെ മരിക്കുകയായിരുന്നു. പിന്നീട് ഓപറേഷന്‍ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുക്കുകയാണ് ഉണ്ടായത്. ചികില്‍സയ്ക്കിടെ ഡോക്ടറുടെ അനാസ്ഥമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു.  2016ല്‍ തന്നെ ഓപറേഷനിലെ അനാസ്ഥ മൂലം അമിത രക്തസ്രാവമുണ്ടായ ഗര്‍ഭിണിയെ പിന്നീട് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് രക്ഷപെടുത്തിയത്. 2017 ആദ്യ മാസം ചികില്‍സാ പിഴവുമൂലം അമ്മ മരിക്കുകയും കുട്ടി രക്ഷപെടുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അനസ്തീസ്യയിലെ പിഴവാണ് ഈ സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രസവ മുറിയില്‍ കയറ്റി അനസ്തീസ്യ നല്‍കിയ ശേഷം വനിതാ ഡോക്ടര്‍ പുറത്ത് പോയി.  ഓപറേഷന്‍ കഴിഞ്ഞ് കുട്ടിയെ പുറത്തെടുത്ത് ഏറെ സമയം കഴിഞ്ഞിട്ടും യുവതിയുടെ ബോധം തെളിയാതിരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നാലു ദിവസം ചികില്‍സ നല്‍കിയെങ്കിലും ആ അമ്മ മരിക്കുകയായിരുന്നു.  മാവടി സ്വദേശിനിയായിരുന്നു ഈ അമ്മ.  മൂന്ന് സ്ത്രീരോഗ വിദഗ്ധ ചികില്‍സകരാണ് താലൂക്ക് ആശുപത്രിയില്‍ ഉള്ളത്.  ഇവരെല്ലാം ആശുപത്രിയുടെ ചുറ്റുവട്ടത്ത് തന്നെ വീട് വാടകയ്‌ക്കെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നവരാണ്. ഇവരുടെ വീട്ടില്‍ ചികില്‍സയ്ക്ക് എത്താത്തവരെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതായാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക