|    Oct 21 Sun, 2018 8:53 pm
FLASH NEWS

താലൂക്കില്‍ വ്യാപക കൃഷിനാശം; മഴയില്‍ കുതിര്‍ന്ന് നെല്‍പ്പാടം

Published : 19th September 2017 | Posted By: fsq

 

ആലത്തൂര്‍: രണ്ടുദിവസമായി തുടര്‍ന്നു പെയ്ത കനത്ത മഴയില്‍ താലൂക്കില്‍ വ്യാപക കൃഷിനാശം. മഴക്കുറവിനെ അതിജയിച്ച ഒന്നാം വിള നെല്‍ക്കൃഷിയാണ്, കൊയ്യാറായപ്പോള്‍ മഴയില്‍ കുതിര്‍ന്നുവീണ് നശിക്കുന്നത്. മഴക്കുറവുമൂലം കൃഷിയിറക്കാന്‍ വൈകിയ പാടങ്ങളാണ് ഇപ്പോള്‍ വിളഞ്ഞുപാകമായിരിക്കുന്നത്. മഴയില്‍ അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് ഉയരുന്നത് വരുന്ന വേനല്‍ക്കാലത്ത് ആശ്വാസമാകുമെങ്കിലും കൃഷിയിറക്കിയ കര്‍ഷകര്‍ക്കിപ്പോള്‍ ഇതു ദുരിതമാണ് നല്‍കുന്നത്. കൊയ്ത്ത് ആരംഭിച്ചതേ ഉള്ളൂ. അപ്പോഴേക്കും പാടശേഖരങ്ങള്‍ പകുതിയിലേറെ വെള്ളക്കെട്ടിലായി. അവശേഷിക്കുന്ന നെല്‍ക്കതിരും ദിവസങ്ങള്‍ കഴിയുന്തോറും വീണു പോവുകയാണ്. ചിലയിടങ്ങളില്‍ കതിര്‍ മുഴുവനായി വെള്ളത്തില്‍ വീണ് ചീഞ്ഞു തുടങ്ങി. മറ്റു പലയിടത്തും നെന്മണി കൊഴിഞ്ഞു വീഴുകയാണ്. ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിറ പദ്ധതിയുടെ കൊയ്ത്തുയന്ത്രങ്ങളും മറ്റിടങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള യന്ത്രങ്ങളും എത്തിയിട്ടുണ്ട്. മണിക്കൂറിന് 1600 മുതല്‍ 1800 വരെയാണ് വാടക. മഴ കാരണം ഇറക്കാനാകുന്നില്ല. ചെളിയിലും കൊയ്യാവുന്ന ബെല്‍റ്റില്‍ ഓടുന്ന മെഷീനാണ് എത്തിയിരിക്കുന്നത്. എന്നാല്‍ വീണുപോയ നെല്‍ക്കതിര്‍ കൊയ്‌തെടുക്കാന്‍ ഈ യന്ത്രങ്ങള്‍ കൊണ്ട് കഴിയില്ല. കൊയ്ത്തുകാരെ വച്ച് കൊയ്‌തെടുക്കാമെന്ന് കരുതിയാലും അതിനു വേണ്ട ആളെ കിട്ടാനുമില്ല. മഴക്കുറവുമൂലം പെരുകിയ കള പറിക്കാന്‍ ഏക്കറിന് 50 തൊഴിലാളികളുടെ പണിയെങ്കിലും അധികമായി വേണ്ടി വന്നിരുന്നു. കളനാശിനി അടിച്ചവര്‍ക്കും അധിക ബാധ്യത വന്നു. മഴ കുറവായതിനാല്‍ ഒരേ സമയം വിതയും നടീലും നടത്താന്‍ കഴിയാതെ വന്നതിനാല്‍ നടുക്കണ്ടങ്ങളില്‍ പലതും കൊയ്ത്തിന് പാകമായെങ്കിലും പുറം കണ്ടങ്ങള്‍ പാകമായി വരുന്നതേയുള്ളൂ. പുറംകണ്ടം കൊയ്യാതെ നടുക്കങ്ങളിലേക്ക് കൊയ്ത്തുയന്ത്രം എത്തിക്കാനാകില്ല.നെല്ലുസംഭരണം തുടങ്ങാ ന്‍ ഇനിയും രണ്ടാഴ്ചയെങ്കിലുമെടുക്കും. സ്വകാര്യ ഏജന്റുമാര്‍ നെല്ലെടുക്കാന്‍ കാര്യമായി രംഗത്തില്ല. അവര്‍ക്കും നെല്ല് ഉണക്കലും സൂക്ഷിക്കലും പ്രശ്‌നത്തിലാണ്. എടുക്കുന്നവര്‍ തന്നെ 20 രൂപ പോലും വില കൊടുക്കാന്‍ തയ്യാറല്ല. ഉള്ള പണം റൊക്കം നല്‍കുകയുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss