|    Nov 20 Mon, 2017 11:19 am
FLASH NEWS

താലൂക്കിന് പുറത്താണെന്ന് പറഞ്ഞ് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു

Published : 11th November 2017 | Posted By: fsq

 

പത്തനംതിട്ട:  ഇടതുകാല്‍ മടക്കുന്നതിനോ നിവര്‍ന്നു നില്‍ക്കുന്നതിനോ കഴിയാത്ത തരത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റ് നല്‍കാത്ത പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.2016 ഫെബ്രുവരി ഏഴിന് പട്ടാഴി കുന്നിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴഞ്ചേരി ചെന്നീര്‍ക്കര മഞ്ഞനിക്കര വടക്കേതില്‍ വീട്ടില്‍ ജോസഫിന്റെ പരാതിയിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്.     ഡിസംബര്‍ 29ന് പത്തനംതിട്ടയില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.  റിപോര്‍ട്ട് മൂന്നാഴ്ചക്കകം ഹാജരാക്കണം.    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് പത്തനാപുരം സ്വദേശിയാണെങ്കിലും ശസ്ത്രക്രിയക്ക് ശേഷം ഭാര്യവീട്ടിലാണ് താമസം.  ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റിനായി ജോസഫ് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു.  കോഴഞ്ചേരി താലൂക്കിന് പുറത്തു താമസിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാനാവില്ലെന്നായിരുന്നു വിശദീകരണം.  യാത്ര ചെയ്യാന്‍ കഴിയാത്ത തനിക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നത് അനീതിയാണെന്ന് ജോസഫ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം മറ്റ് താലൂക്കിലും ജില്ലയിലും താമസിക്കുന്നവര്‍ക്ക് പത്തനംതിട്ടയില്‍ നിന്നും ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായും പരാതിയില്‍ പറയുന്നു.  പന്തളം തെക്കേക്കര വില്ലേജിലുള്ളയാളിന് പത്തനംതിട്ടയില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പും പരാതിക്കാരന്‍ ഹാജരാക്കി.  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ താന്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക