|    Dec 18 Tue, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് അഫ്ഗാന്‍

Published : 29th November 2018 | Posted By: kasim kzm

ജനീവ: താലിബാനുമായി സമാധാന ചര്‍ച്ച നടത്താന്‍ 12 പേരടങ്ങുന്ന സംഘത്തിന് അഫ്ഗാന്‍ സര്‍ക്കാര്‍ രൂപംനല്‍കിയതായി പ്രസിഡന്റ് അശ്‌റഫ് ഗനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ദ്വിദിന യുഎന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണു താലിബാനുമായി ചര്‍ച്ചയെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ സലാം റാഹിമിയാണു സമാധാന ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിനു വേണ്ടി നേതൃത്വം നല്‍കുന്നത്.
സമാധാന ചര്‍ച്ചയ്ക്ക് ഏറ്റവും യോഗ്യരായ സ്ത്രീകളും പുരുഷന്മാരുമാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്. ജനാധിപത്യ വ്യവസ്ഥയില്‍ താലിബാനെ ഉള്‍പ്പെടുത്തിയുള്ള സമാധാന കരാര്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷയെന്നു ഗനി അറിയിച്ചു. അതേസമയം സായുധ സംഘടനകള്‍ക്കു രാഷ്ട്രീയ നടപടികളില്‍ ഇടപെടാനും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ പ്രതിനിധികളുമായി യുഎസ് നേരിട്ട് ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്താന്റെ പുതിയ ശ്രമം.
2001 മുതല്‍ യുഎസ് നേതൃത്വം നല്‍കുന്ന സഖ്യസേനയാണ് അഫ്ഗാനിസ്താനിലുള്ളത്. അഫ്ഗാനിലെ യുഎസ് അധിനിവേശത്തില്‍ പതിനായിരക്കണക്കിന് സാധാരണക്കാരാണു കൊല്ലപ്പെട്ടത്.
ഈ മാസാദ്യം ഖത്തറില്‍ നിന്നുള്ള യുഎസ് പ്രതേക പ്രതിനിധികള്‍ താലിബാന്‍ നേതാക്കളുമായി മൂന്നുദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നേരിട്ടു പങ്കെടുത്തിരുന്നില്ല. കൂടാതെ താലിബാന്റെ അഞ്ചംഗ പ്രതിനിധികള്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ആദ്യമായി അന്താരാഷ്ട്ര സമാധാന ചര്‍ച്ചയിലും പങ്കെടുത്തിരുന്നു. സമാധാന ചര്‍ച്ചകളുടെ രണ്ടാംഘട്ടമെന്നോണമാണ് അഫ്ഗാന്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss