|    Nov 22 Wed, 2017 6:23 pm
FLASH NEWS

താറാവുകള്‍ ചത്തൊടുങ്ങുന്നു; പക്ഷിപ്പനി സ്ഥിരീകരിക്കാനായില്ല

Published : 29th November 2016 | Posted By: SMR

ആലപ്പുഴ: പക്ഷിപ്പനിയല്ലെന്നു ലാബ് പരിശോധനാ ഫലം വന്നതിന് ശേഷം താറാവുകള്‍ കൂട്ടത്തോടെ ചാവുന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വിഷ്ണുഭവനം തുളസിദാസിന്റെ താറാവുകളാണ് ചാവുന്നത്. രോഗം സ്ഥിരീകരിക്കാത്തത് കാരണം സര്‍ക്കാര്‍ തലത്തില്‍ ഇവ ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. താറാവുകള്‍ ചത്തു തുടങ്ങിയതിന്റെ തുടക്കത്തില്‍ വെറ്ററിനറി ഉദേ്യാഗസ്ഥരെത്തി സാംപിള്‍ ശേഖരിച്ചു തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കാനായില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെ ലാബിലെത്തിച്ചും പരിശോധന നടത്തി. ഇവിടെയും രോഗമില്ലെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും തുളസിദാസിന്റെ താറാവുകള്‍ ദിനേന ചത്തൊടുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 1500 താറാവുകള്‍ ചത്തതായാണ് കണക്ക്. കഴിഞ്ഞ രാത്രി മാത്രം 255 താറാവുകള്‍ ചത്തു. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ഇന്ന് രണ്ടാമതും സാമ്പിള്‍ പരിശോധനയ്ക്ക് പരിശോധനയ്ക്കായി അയക്കാമെന്ന നിലപാടിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. എല്ലാ ദിവസവും മൃഗഡോക്ടര്‍ ഇവിടെ സന്ദര്‍ശിച്ച് ചത്തൊടുങ്ങുന്ന താറാവുകളുടെ ഫോട്ടോയെടുത്ത് ശേഷം പറമ്പില്‍ തന്നെ സംസ്‌കരിക്കുകയാണ് ചെയ്യുന്നതെന്ന് തുളസിദാസ് പറഞ്ഞു. ആകെ 12500 താറാവുകളാണ് ഇയാള്‍ക്കുള്ളത്. ഇതില്‍ പകുതിയില്‍ അധികം താറാവുകള്‍ക്കും ഇപ്പോള്‍ രോഗ ബാധയുണ്ട്. കണ്ണുകള്‍ നീലനിറമായതിനെ പുറമെ ഇവകളെ മറ്റൊരിടത്തേക്ക് മാറ്റാനും കഴിയുന്നില്ല. ഈ സാഹചര്യം തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം മുഴുവന്‍ താറാവുകളും ചത്തൊടുങ്ങുമെന്ന് തുളസിദാസ് പറഞ്ഞു. 2014ല്‍ പക്ഷപ്പനി ബാധിച്ചപ്പോള്‍ രോഗം ബാധിക്കാത്തതിനാല്‍ താറാവുകളെ കൊന്നൊടുക്കാന്‍ തുളസിദാസ് തയ്യാറായിരുന്നില്ല. അന്ന് താറാവുകളെ രക്ഷപ്പെടുത്തിയതാണ് ഇക്കുറിയും രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ താറാവുകളെ സംരക്ഷിക്കാന്‍ തുളസിദാസിന് ധൈര്യം നല്‍കിയത്. എന്നാല്‍ പക്ഷിപ്പനിയുടെ ലക്ഷണങ്ങളുമായി താറാവുകള്‍ ചത്തൊടുങ്ങുകയാണണെന്ന് തുളസിദാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക