|    Jul 20 Fri, 2018 12:38 pm
FLASH NEWS

താറാവുകള്‍ കൂട്ടത്തോടെ ചാവുന്നു; അജ്ഞാതരോഗമെന്ന് കര്‍ഷകര്‍

Published : 25th October 2016 | Posted By: SMR

ഹരിപ്പാട്: താറാവുകള്‍ കൂട്ടത്തോടെ ചാവുന്നു. അജ്ഞാതരോഗമെന്ന് കര്‍ഷകര്‍. സംസ്ഥാനത്തെ പ്രധാന താറാവ് കര്‍ഷക മേഖലയായ പള്ളിപ്പാട് വഴുതാനം ഭാഗത്ത് അജ്ഞാത രോഗം ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവായിരത്തോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തത്. വഴുതാനം പുളിത്തറ വീട്ടില്‍ അച്ചന്‍കുഞ്ഞും കേളപ്പറമ്പില്‍ മത്തായിക്കുട്ടിയും ചേര്‍ന്ന് വളര്‍ത്തുന്ന പതിനയ്യായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങളില്‍ മൂവായിരത്തോളമാണ് ചത്തത്. അവശേഷിക്കുന്ന താറാവിന്‍ കുഞ്ഞുങ്ങളിലും രോഗ ലക്ഷണങ്ങള്‍ കാണുന്നതായി കര്‍ഷകര്‍ പറഞ്ഞു. വെള്ളത്തിലിറങ്ങാന്‍ മടികാണിക്കുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ പെട്ടെന്ന് കരയ്ക്ക് കയറി ഒറ്റക്കാലില്‍ നിന്ന് ചുണ്ട് ചിറകിനുള്ളില്‍ പൂഴ്ത്തി നില്‍ക്കുന്നതാണ് രോഗലക്ഷണം. മണിക്കൂറുകള്‍ കഴിയുന്നതോടെ താറാവിനെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ടി മുന്‍പോട്ട് നടക്കാന്‍ ശ്രമിക്കുന്ന താറാവ് ചിറക് നിവര്‍ത്തി ചത്തുവീഴുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. ഇവരുടെ തന്നെ ഉടമസ്ഥതയില്‍ എടത്വയില്‍ വളര്‍ത്തുന്ന ഇതേ പ്രായമുള്ള താറാവുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട്. കുട്ടനാടന്‍ മേഖലയിലും രോഗം പടരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച എടുഇസഡ് സിറപ്പും, ടാക്‌സിം ഇന്‍ജക്ഷനുമാണ് ഇപ്പോള്‍ താറാവുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ രോഗത്തിന് ശമനം കാണാനില്ല. 2014 നവംബറില്‍ സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിതീകരച്ചതോടെ അന്നു ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കുകയും ഒപ്പം ഇവയുടെ ആയിരക്കണക്കായ മുട്ടകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായ സംസ്ഥാനത്തെ പ്രധാന താറാവ് കര്‍ഷകമേഖലയായ കുട്ടനാട്അപ്പര്‍ കുട്ടനാട് മേഖല വീണ്ടും ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. രോഗം ബാധിച്ച താറാവുകളുടെ രക്തസാംപിളുകള്‍ ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ പരിശോധനയ്ക്ക് അയക്കുവാന്‍ പോലും തയ്യാറാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് താറാവ് കര്‍ഷകര്‍ കരുതുന്നു. ആലപ്പുഴയില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ ഉടമസ്ഥതയില്‍ രണ്ടു വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എച്ച്‌വണ്‍, എന്‍ വണ്‍ എന്ന പന്നിപ്പനി പരിശോധിക്കുവാന്‍ സൗകര്യമുണ്ട്. എന്നാല്‍ എച്ച് 5 എന്‍ 1 എന്ന പക്ഷിപ്പനി നോക്കാന്‍ കഴിയുന്ന സൗകര്യമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തിരുവല്ലയ്ക്കടുത്ത് നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തോടനുബന്ധിച്ച് ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാതൃകയില്‍ അത്യാധുനിക സംവിധാനമുള്ള ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായില്ല. എന്നാല്‍ പക്ഷിപ്പനിയുമായി ഏറെ സാദൃശ്യമുള്ള ഈ അജ്ഞാതരോഗം താറാവുകളില്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ടവര്‍ വേണ്ടത്ര പരിഗണന കാട്ടുന്നില്ലെന്നും ആരോപണമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss