|    Mar 24 Sat, 2018 3:37 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

താരവും സാമൂഹിക സംഘര്‍ഷങ്ങളും

Published : 14th April 2016 | Posted By: SMR

ഡോ. ഒ കെ സന്തോഷ്

കലാഭവന്‍ മണിയുടെ സ്‌റ്റേജ് ഷോകളിലെ ഏറ്റവും ആകര്‍ഷണീയമായ ഘടകം വേദിക്കു പുറത്തുള്ള അദ്ദേഹത്തിന്റെ ബഹുജന സംവാദത്തിന്റെ തലമാണ്. അതു ചിലപ്പോള്‍ ആട്ടമാവാം. പാട്ടാവാം. സ്വതസിദ്ധമായ പൊട്ടിച്ചിരിയാവാം. കൊച്ചുകുട്ടികളോടു കാണിക്കുന്ന അടുപ്പമാവാം. എന്താണെങ്കിലും അവയെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാവുന്നത് അതൊരു താരത്തില്‍ നിന്നു ലഭിക്കുന്നതായതുകൊണ്ടല്ല മറിച്ച്, തങ്ങളില്‍ ഒരാളുടെ സ്‌നേഹവായ്പ് അതിലുള്ളതു കൊണ്ടാണ്.
ജനപ്രിയ സംസ്‌കാരത്തിന്റെ സൈദ്ധാന്തികന്‍ ജോണ്‍ സ്‌റ്റോര്‍ണി സാമീപ്യത്തിലൂടെയുണ്ടാവുന്ന സ്വീകാര്യത ജനപ്രിയതയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണെന്നു വിലയിരുത്തുന്നുണ്ട്. ഉന്നത ജീവിതങ്ങളുടെ വിലക്കുകളേയും സ്ഥലപരമായ പരിധികളേയും ഉല്ലംഘിക്കുന്ന സവിശേഷത കൂടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കലയുടെയും സംസ്‌കാരത്തിന്റെയും ജനപ്രിയ നിയമങ്ങളെ സ്വയം നിര്‍ണയിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അയവേറിയ സമീപനത്തിലൂടെയാണ് ഇതു സാധ്യമാവേണ്ടത്. ഒരുപക്ഷേ, മലയാളത്തിലെ ചലച്ചിത്ര താര സംസ്‌കാരത്തിനു സ്വയം നിയമങ്ങള്‍ തീര്‍ത്തയാളെന്ന നിലയ്ക്കു കലാഭവന്‍ മണിയെ വിലയിരുത്തുന്നതില്‍ പ്രവര്‍ത്തനക്ഷമമാവുന്നതും ജനപ്രിയതയുടെ ഈ വിസ്തൃതിയാണെന്നു സൂചിപ്പിക്കേണ്ടതുണ്ട്.
ഈ ജനപ്രിയതയെ അംഗീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇടുങ്ങിയതും അകന്നബോധവും നിലനിര്‍ത്തുന്ന വരേണ്യത മലയാള സിനിമയില്‍ സജീവമാണെന്നു സമ്മതിക്കാന്‍ തയ്യാറല്ലെങ്കിലും മണിയുടെ മരണത്തിനുമേല്‍ ഉയര്‍ന്നുവന്ന പല സംവാദങ്ങളും അതിലേക്കാണു വിരല്‍ ചൂണ്ടിയത്. ജീവിതവുമായി ബന്ധിക്കപ്പെടുന്ന സെലിബ്രിറ്റി ചര്‍ച്ചകളുടെ കാര്യത്തില്‍ സിനിമയും നടനവുമായി മുഖം തിരിഞ്ഞുനിന്നു എന്നതാണു യാഥാര്‍ഥ്യം.
ബഹുജന സംസ്‌കാരത്തിന്റെ ഉത്തരാധുനികമായ മുഖമായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കലര്‍പ്പുകളും ബഹുലതകളും അതു തീര്‍ത്ത സങ്കീര്‍ണതകളും ഗൗരവമായ ആലോചനകള്‍ക്കു വഴിവയ്‌ക്കേണ്ടതാണ്. കലയും ജീവിതവും മാത്രമല്ല, മണി അതിലൂടെ നിര്‍മിച്ച കലര്‍പ്പുകളും മലയാളത്തില്‍ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത വിധത്തില്‍ സങ്കീര്‍ണമാണെന്നു കാണാം. വരേണ്യതയുടെ ചിട്ടവട്ടങ്ങളെ അതിലംഘിക്കാനുള്ള ശ്രമങ്ങള്‍ വിനയാന്വിതമാവുമ്പോഴും മണി സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ഈ കരുതലുകള്‍. പാട്ടും ആട്ടവും ആഘോഷവും രാവേറെ നീളുന്ന സൗഹൃദസദസ്സുകളും അഹന്തയുടെയും താന്‍പോരിമയുടെയും അടയാളങ്ങളായി ഇപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, വിസ്മരിക്കുന്ന യാഥാര്‍ഥ്യമായി ഈ അതിലംഘനങ്ങള്‍ നിലനില്‍ക്കും. കീഴാള ആണത്തത്തിന്റെ എല്ലാ സങ്കീര്‍ണതകളും പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിക്കുമ്പോള്‍ അതു സ്വാഭാവികമായി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അടയാളമായിരുന്നു മലയാള സിനിമ ഇന്നുവരെ കാണാത്ത ജനക്കൂട്ടം മണിയെ യാത്രയയക്കാന്‍ എത്തിയത്. ഒരു നടനെന്ന നിലയില്‍ മണിയുടെ പെര്‍ഫോമന്‍സുകള്‍ക്കു പൂര്‍ണതയില്ലായിരുന്നു എന്ന വിമര്‍ശനം ഉയരുമ്പോഴും അദ്ദേഹത്തെപ്പോലൊരാള്‍ക്കു സിനിമാ ഇന്‍ഡസ്ട്രിയില്‍ രണ്ടു ദശകത്തോളം ഒരേ മട്ടിലല്ലെങ്കിലും നിലനില്‍ക്കാനായത് അദ്ഭുതകരം തന്നെയാണ്. 2000ത്തിന്റെ പകുതിയോടെ മലയാള സിനിമാ വ്യവസായം പലവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലായപ്പോള്‍ അതിനെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തിയതു മണിയായിരുന്നുവെന്നു സി എസ് വെങ്കിടേശ്വരനെപ്പോലുള്ളവര്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് മണിക്ക് എല്ലാ കാലത്തും നിശ്ചിത പ്രേക്ഷകരെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ്.
കലാഭവന്‍ മണിയെന്ന കലാകാരനെയും അഭിനയ പ്രതിഭയേയും വേണ്ടവിധത്തില്‍ അംഗീകരിക്കാന്‍ കേരളത്തിലെ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കോ പ്രേക്ഷകരിലെ വരേണ്യ ഭാവുകത്വത്തിനോ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവുകളാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശങ്ങള്‍.
2010ല്‍ ഐഎഫ്എഫ്‌കെ ബുള്ളറ്റിനുവേണ്ടി സംവിധായകന്‍ ഡോ. ബിജുവുമായി ഈ ലേഖകന്‍ നടത്തിയ അഭിമുഖം ചൂണ്ടിക്കാണിച്ചു മലയാളത്തിലെ മുതിര്‍ന്ന സംവിധായകരിലൊരാള്‍ ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചത് ‘നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ. ഇവനെപ്പോലെയുള്ളവരുടെ ഇന്റര്‍വ്യൂ എടുക്കാന്‍’ എന്നാണ്. ഈ ചോദ്യങ്ങളില്‍ ഒളിച്ചിരിക്കുന്ന സമാനത കേരളത്തില്‍ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്നവരോടു നിലനില്‍ക്കുന്ന ജാതിയിലധിഷ്ഠിതമായ വിവേചന ബോധത്തിന്റെ വൃത്തികെട്ടതും പച്ചയുമായ സമീപനവുമാണ്. യാദൃശ്ചികമല്ലെന്നു പറയട്ടെ, ഇങ്ങനെ പ്രതികരിച്ചവര്‍ ജാതിവാലുകള്‍ അലങ്കാരമായി പേരിനൊപ്പം ചേര്‍ത്തവരായിരുന്നു. അതിലൊരാള്‍ കേരളത്തിലെ മധ്യവര്‍ത്തി പുരോഗമന സിനിമകളുടെ വക്താവും ആയിരുന്നുവെന്നതാണ് വസ്തുത. പാരമ്പര്യത്തിന്റെ പിന്‍ബലമോ സാമുദായികതയുടെയും സൗന്ദര്യത്തിന്റെയും അധിക സാധ്യതയോ ഇല്ലാതെ മണിയെപോലെ കടന്നുവന്ന പലര്‍ക്കും മുമ്പില്‍ മലയാള സിനിമ തീര്‍ത്ത ദൂരങ്ങള്‍ മുമ്പു സൂചിപ്പിച്ച വരേണ്യാധികാരത്തിന്റേതായിരുന്നു. ആധുനികവും സാങ്കേതികവുമായ കലയെന്ന നിലയില്‍ സിനിമ അംഗീകരിക്കപ്പെടുമ്പോഴും മണിക്കൊപ്പം അഭിനയിക്കില്ലെന്നു തീരുമാനിച്ച മലയാളത്തിലെ മുന്‍നിര നായികമാരുടെ മനോഭാവത്തിലും ഇതിന്റെ തന്നെ മറ്റൊരു രൂപമാണ് ദൃശ്യമാവുന്നത്. പക്ഷേ, ഇത്തരം പ്രതിസന്ധികള്‍ക്കു ശേഷമാണ് മണിയുടെ കരിയറിലെ വലിയ മുന്നേറ്റങ്ങള്‍ സാധ്യമായതെന്നു കൂടി കാണേണ്ടതുണ്ട്.
കേരളത്തിലെ കീഴാള-ബഹുജനങ്ങളുടെ ആത്മബോധത്തെ കലാകാരനെന്ന നിലയില്‍ വികസിപ്പിക്കുകയും അവര്‍ക്കു മുമ്പില്‍ സാധ്യതകളുടെ ലോകം തുറന്നിടുകയും മൂലധനത്തിന്റെ ചലനാത്മകതയില്‍ തങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ ഇടമുണ്ടെന്നു കാണിച്ചുതന്നയാളെന്ന നിലയ്ക്ക് കലാഭവന്‍മണിക്കുള്ള പ്രതീകാത്മകമൂല്യം വളരെയാണ്. നാടന്‍പാട്ടുകളിലെ മണിയുടെ പൊളിച്ചെഴുത്തിനുശേഷം കേരളത്തില്‍ വിദ്യാസമ്പന്നരായ എത്രയോ ചെറുപ്പക്കാര്‍ അതിനെ ഒരു പ്രഫഷനായി സ്വീകരിച്ചിട്ടുണ്ടെന്നു കാണാം. നാടന്‍പാട്ടുകള്‍ എന്നാല്‍ ഏതോ ഭൂതകാലത്ത് നിശ്ചലമായിപ്പോയ ഒന്നാണെന്ന വരേണ്യ സാഹിത്യത്തിന്റെ തീര്‍പ്പുകളെ നിഷേധിച്ച് അവയെ പുതുകാലത്തിന്റെ ഭാവനകളുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയും അതിനു ബഹുജനപ്രീതി ഉണ്ടാക്കിയതിലൂടെയുമാണ് മണിയതു സാധ്യമാക്കിയത്.
ദാരിദ്ര്യത്തിന്റെയും നന്മയുടെയും നാടന്‍ മനുഷ്യത്വത്തിന്റെയും നിര്‍വചനത്തിനുള്ളില്‍ മാത്രം കലാഭവന്‍ മണിയെന്ന കലാകാരനെ ആഖ്യാനം ചെയ്യുമ്പോള്‍- ഉത്തരാധുനികമായ കര്‍തൃത്വ വ്യവസ്ഥിതിയില്‍ നിന്ന് അദ്ദേഹം അദൃശ്യമായി പുറത്താക്കപ്പെടുകയാണ്. കീഴാള-ബഹുജന സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന താരപദവി സ്വായത്തമാക്കിയവരെ പാരമ്പര്യവുമായി ബന്ധിപ്പിക്കാനുള്ള തൃഷ്ണയും വാസനയും സമകാലികതയെ നിഷേധിക്കാനുള്ള ഉപാധികൂടിയായി മാറുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത അവസരത്തിലും ഗുജറാത്ത് കലാപ കാലത്തും എടുത്ത ഉജ്ജ്വലമായ തീരുമാനങ്ങളിലൂടെ കെ ആര്‍ നാരായണന്‍ എന്ന രാഷ്ട്രപതിയെ ഓര്‍മിക്കുന്നതിനു പകരം, കോട്ടയം സിഎംഎസ് കോളജില്‍ പഠിക്കുന്ന കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിലൂടെ വരുംതലമുറ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന രീതിയാണിത്. കീഴാള ബഹുജനങ്ങളെ മാത്രം കാത്തിരിക്കുന്ന വരേണ്യ വിശകലന യുക്തിയാണിത്. കലാഭവന്‍ മണിയുടെ വേര്‍പാടിന്റെ വേദനകള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ ബാബുരാജ് സൂചിപ്പിച്ചതു പോലെ ‘ദലിതനായി ജനിച്ചു ദലിതനായി മരിക്കാത്ത’ വളരെ കുറച്ചു പേരില്‍ ഒരാളാണ് അദ്ദേഹം.

(കടപ്പാട്: ഉത്തരകാലം.കോം)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss