|    Nov 14 Wed, 2018 2:58 pm
FLASH NEWS

താരങ്ങള്‍ മല്‍സരങ്ങള്‍ അലങ്കോലമാക്കുന്നുവെന്നാക്ഷേപം

Published : 21st April 2018 | Posted By: kasim kzm

നാദാപുരം: ഗ്രാമീണ മേഖലയില്‍ കായിക സാംസ്‌കാരത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന തരത്തില്‍ വോളി  താരങ്ങള്‍ കളി അലങ്കോലമാക്കുന്നതായി ആക്ഷേപം. ഒരു കളിക്ക് ആയിരങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങളാണ് കളിക്കളങ്ങളില്‍ അതിക്രമങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് വോളിബോള്‍ അസോസിയേഷന് നല്‍കിയ പരാതിയിലുള്ളത്. തങ്ങളുടെ ടീം പരാജയപ്പെടുമെന്ന ഘട്ടത്തില്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമായാണ് പ്രമുഖകളിക്കാര്‍  ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നതത്രെ.
അടുത്തിടെ നാദാപുരം മേഖലയില്‍ നടന്ന മൂന്ന് ടൂര്‍ണമെന്റുകളിലും താരങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രാദേശികമായി നടന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്റുകളില്‍ ജില്ലയിലെയും പരിസര ങ്ങളിലെയും താരങ്ങളായിരുന്നു മല്‍സരത്തിനെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മേളകളില്‍ ടീമിനെ ഇറക്കാന്‍ പ്രവാസി വ്യവസായികള്‍ രംഗത്തെത്തിയതോടെ സംസ്ഥാനത്തും പുറത്തും പ്രശസ്തരായ താരങ്ങളെ ഇറക്കിയാണ് കളികള്‍ നടക്കുന്നത.്ഇതോടെയാണ് മല്‍സരങ്ങളില്‍ താരങ്ങള്‍ റഫറിമാര്‍ക്കെതിരേ കയര്‍ക്കാന്‍ തുടങ്ങിയത്. ഒരു മല്‍സരത്തിന് കളത്തിലിറങ്ങാന്‍ പതിനായിരം രൂപ വരെ പ്രതിഫലം ചോദിക്കുന്ന താരങ്ങളുണ്ടത്രെ.
വന്‍ തുക ചെലവഴിച്ച് ടീമിനെ ഇറക്കിയ വ്യവസായികളുടെ ടീം പരാജയപ്പെടുമ്പോഴാണ് മിക്കവാറും കളികളില്‍ താരങ്ങള്‍ റഫറിമാര്‍ക്കെതിേെര രംഗത്ത് വരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാദാപുരത്ത് നടന്ന വ്യത്യസ്ത മല്‍സരങ്ങളില്‍ റഫറിമാര്‍ക്കെതിരേ കൈയേ റ്റവും അസഭ്യവര്‍ഷവും നടന്നിരുന്നു. ഇപ്പോള്‍ വാണിമേലില്‍ നടന്നു  വരുന്ന ചന്ദ്രതാര വോളി മേളയിലും കഴിഞ്ഞ ദിവസം കളിക്കാരും റഫറിമാരും തമ്മില്‍ തര്‍ക്കമുണ്ടായി . കേരളത്തിലെ ഒരു പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റ് ടീമിലെ ഒരംഗത്തെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു. റഫറിക്കെതിരെ തെറി വിളിക്കുകയും വിസില്‍ പൊട്ടിക്കുകയും ചെയ്തതിനായിരുന്നു നടപടി. ഇത് മൂലം ഏറെനേരം കളി തടസപ്പെടുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ്്്് വളയത്ത് നടന്ന ടൂര്‍ണമെന്റില്‍ ഇതേപോലെ മല്‍സരത്തില്‍  അതിക്രമം കാണിച്ച താരങ്ങളെ കാണികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് സംഘാടകര്‍ രക്ഷിച്ചത്. ഫെബ്രുവരിയില്‍ നാദാപുരത്ത് എസ്ടിയു സംഘടിപ്പിച്ച മല്‍സരത്തിലും ഇതേ അനുഭവങ്ങളുണ്ടായിട്ടുണ്ട്. നാട്ടിന്റെ ഒരുമയുടെയും സാഹോദര്യത്തിന്റെയും വിളനിലമായ വോളിബോള്‍ ഗ്രൗണ്ടുകള്‍ വിദ്വേഷത്തിന്റെ കേന്ദ്രങ്ങളാക്കുന്നതില്‍ കായിക പ്രേമികള്‍ ഏറെ നിരാശരാണ്.
കളിക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ തുടര്‍ന്ന് നിരവധി ദേശീയ റഫറിമാര്‍ കളി നിയന്ത്രിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുകയാ ണിപ്പോള്‍. സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ടീമുകള്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്ന കാണികളെ പരസ്പരം ശത്രുക്കളാക്കുന്ന തരത്തില്‍ പെരുമാറുന്ന താരങ്ങക്കെതിരെ നടപടിയെടുക്കണ മെന്നാണ് വോളി ബോള്‍ അസോസിയെഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss