|    Nov 18 Sun, 2018 8:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

താരങ്ങളുടെ മിന്നും പ്രകടനത്തിന് പിന്നില്‍ ഇവരുടെ കണ്ണുനീരുണ്ട്

Published : 13th July 2018 | Posted By: kasim kzm

ജലീല്‍ വടകര
റഷ്യയിലെ പുല്‍മൈതാനങ്ങളെ തീപ്പിടിപ്പിച്ച് പന്തുമായി താരങ്ങള്‍ ശരവേഗം പായുമ്പോള്‍ അതിന്റെ പിന്നില്‍ മാതാപിതാക്കളുടെ കഠിനാധ്വാനവും കണ്ണുനീരുമുണ്ട്. അവര്‍ തങ്ങള്‍ക്കു വേണ്ടി അനുഭവിച്ച സഹനവും വേദനാജനകമായ ഓര്‍മപ്പെടുത്തലുകളും കളിക്കകത്തും പുറത്തും താരങ്ങള്‍ ഒരുപാടു പങ്കുവച്ചിട്ടുമുണ്ട്.

ഫുട്‌ബോള്‍ ആരാധകനായ റോജര്‍
നിലവില്‍ ലോകകപ്പില്‍ ഗോള്‍ഡണ്‍ ബൂട്ടിന്റെ പട്ടികയില്‍ രണ്ടാംസ്ഥാനം പങ്കിടുന്ന ബെല്‍ജിയം സൂപ്പര്‍ സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കുവിനുമുണ്ട് കണ്ണുനീര്‍ നിറഞ്ഞ ഭൂതകാലം. ബെല്‍ജിയത്തിലെ ഒരു പിന്നാക്ക സമുദായ വിഭാഗത്തില്‍ റോജറിന്റെയും അഡോല്‍ഫൈനിന്റെയും മകനായാണ് താരം പിറന്നുവീണത്. അദ്ദേഹത്തിന്റെ പിതാവായ റോജര്‍ ഒരു തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു മല്‍സരം പോലും ഒഴിവാക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഇതിന്റെ ചുവടുപിടിച്ച് മകന്‍ ലുക്കാക്കുവും ഫുട്‌ബോള്‍ ആരാധകനായി മാറുകയായിരുന്നു. തന്റെ പ്രിയ പിതാവിനോടൊപ്പം ലുക്കാക്കുവും ദിവസേനയുള്ള പ്രീമിയര്‍ ലീഗ് കാണാന്‍ തുടങ്ങി. ഇതിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോളില്‍ കളിക്കണമെന്ന മോഹം താരത്തെ പ്രീമിയര്‍ ലീഗിന്റെ സൂപ്പര്‍ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വരെ കൊണ്ടെത്തിച്ചു.
‘മനശ്ശക്തിയെക്കുറിച്ച് പലരും പറയുന്നു. എന്നെ മനശ്ശക്തിയില്‍ ആര്‍ക്കാണു തോല്‍പ്പിക്കാനാവുക. വെളിച്ചമില്ലാത്ത മുറിയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമിരുന്ന് മണിക്കൂറുകള്‍ പ്രാര്‍ഥിച്ചവനാണു ഞാന്‍. പലപ്പോഴും സ്‌കൂളില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ അമ്മ ഇരുന്നു കരയുന്നുണ്ടാവും. ഈ ദുരിതം മാറും, ഞാന്‍ കളിക്കാരനാവും എന്നു പലതവണ അവരെ ആശ്വസിപ്പിച്ചിട്ടുണ്ട്.’ ദുരിതങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും അതൊക്കെ മറികടന്ന് തന്റെ ലക്ഷ്യബോധത്തിനു കുടുംബം പിന്തുണ നല്‍കിയതോടെയാണു താരം ബെല്‍ജിയത്തിന്റെ സൂപ്പര്‍താരമെന്ന നിലയില്‍ ഇപ്പോഴും നിലകൊള്ളുന്നത്.

അലക്കുജോലി ചെയ്ത് മക്കളെ കളിക്കാരാക്കി
കരീന്‍-തിയറി ഹസാര്‍ഡുമാര്‍ക്ക് നാലു മക്കളാണ്. ബെല്‍ജിയത്തിനു വേണ്ടി സെമി വരെ കളിശൈലി പുറത്തെടുത്ത ഈഡന്‍ ഹസാര്‍ഡും തോര്‍ഗന്‍ ഹസാഡും കാല്‍പ്പന്തുകളി ലോകത്തിന് ഇവര്‍ നല്‍കിയ സംഭാവനകളാണ്. ഫുട്‌ബോള്‍ പ്രണയം മൂത്ത ഈഡന്‍ ഹസാര്‍ഡ് കുട്ടിക്കാലം മുതല്‍ ഫ്രാന്‍സിലാണ് വളര്‍ന്നത്. മക്കളെ പോറ്റാന്‍ അലക്കു ജോലി ചെയ്ത ഇവര്‍ കെട്ടുകണക്കിനു തുണികളാണ്  അലക്കി വെളുപ്പിച്ചത്. ബെല്‍ജിയം വനിതാ ഫസ്റ്റ് ഡിവിഷനില്‍ കളിക്കാരിയായിരുന്ന കരീന്‍ ഹസാഡ് സ്വന്തം മക്കള്‍ക്കു വേണ്ടി കളി ഉപേക്ഷിച്ചു.

ഹോട്ടലില്‍ പാത്രം കഴുകി നഥൈന്‍ മകനെ വളര്‍ത്തി
ഇംഗ്ലണ്ടിന്റെ മുന്‍നിരയില്‍ എതിര്‍ പകുതിയിലെ ഡിഫന്‍ഡര്‍മാരെ കടത്തിവെട്ടി റഹീം സ്‌റ്റെര്‍ലിങ് വളഞ്ഞുപുളഞ്ഞു പായുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ താരത്തിന്റെ മാതാവായ നഥൈന്‍ സ്‌റ്റെര്‍ലിങിന്റെ ത്യാഗം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല.  1994 ഡിസംബര്‍ എട്ടിനാണു സ്‌റ്റെര്‍ലിങിന്റെ ജനനം. റഹീമിനു രണ്ടു വയസ്സുള്ളപ്പോള്‍ കരീബിയയിലെ ജമൈക്കയില്‍ പിതാവ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് ജീവിതവഴിയായി  ഹോട്ടലില്‍ ക്ലീനിങ് തിരഞ്ഞെടുത്താണു നഥൈ ന്‍ മകനെ വളര്‍ത്തിയത്. മകന് അഞ്ചു വയസ്സുള്ളപ്പോള്‍ അവര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറി. എട്ടു മണിക്കൂര്‍ യാത്ര ചെയ്ത് മൂന്ന് ബസ് മാറിക്കയറിയാണു റഹീം പരിശീലനത്തിനു പോയിരുന്നത്. അമ്മ അപ്പോള്‍ ജോലിയിലായിരിക്കും. തുണയ്ക്കായി ചേച്ചിയാണു റഹീമിനൊപ്പം പോയിരുന്നത്. ഈ നിശ്ചയദാര്‍ഢ്യം താരത്തെ ഇംഗ്ലീഷ് ടീമിലെ മിന്നും സ്‌ട്രൈക്കറായി മാറ്റി. ‘അമ്മയും ചേച്ചിയുമില്ലെങ്കില്‍ നിങ്ങള്‍ എന്നെ അറിയുക പോലുമില്ല’ കുടുംബാംഗങ്ങളെക്കുറിച്ച് സ്്‌റ്റെര്‍ലിങ് ഒരിക്കല്‍ പറഞ്ഞു.

അക്കാദമികള്‍ തള്ളിക്കളഞ്ഞ ഗ്രീസ്മാന്‍
ഗ്രീസ്മാന്റെ ഫുട്‌ബോള്‍ മികവ് കണ്ട് പിതാവ് അലന്‍ മകനെയും കൂട്ടി കയറിയിറങ്ങാത്ത ക്ലബ്ബുകളില്ല. ഉയരമില്ലാത്ത പയ്യനെ വേണ്ടെന്ന അവരുടെ കടുംപിടിത്തം അലന്റെ ഹൃദയം തകര്‍ത്തു. ഒടുവില്‍ സ്‌പെയിനില്‍ റയല്‍ സൊഷിഡാഡാണ് ഗ്രീസ്മാനെ പരിശീലിപ്പിക്കാന്‍ സന്നദ്ധരായത്്. 14ാം വയസ്സില്‍ അന്റോണിയെയും കൂട്ടി അലന്‍ വീടുവിട്ടു. മാതാവും മകനും തമ്മില്‍ കാണുന്നത് നീണ്ട മാസങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലുമായി. അന്നു ഫ്രഞ്ച് അക്കാദമികള്‍ തട്ടിത്തെറിപ്പിച്ച പയ്യനെയാണ് ഇന്ന് ഫ്രാന്‍സ് ആഘോഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss