|    Feb 25 Sun, 2018 5:17 am

താരകങ്ങള്‍ പകല്‍ തന്ന രാവ്

Published : 21st January 2017 | Posted By: fsq

 

കണ്ണൂര്‍: ഇവിടുത്തെ രാവിന് പകലിന്റെ പകിട്ടാണ്. ഒഴുകിയും തഴുകിയും നീങ്ങുന്ന കാണികള്‍ക്ക് കൗതുകത്തിന്റെ ചേലാണെങ്കില്‍ ഉള്ളില്‍ നെഞ്ചിടിപ്പോടെ ഉറക്കച്ചുവടില്‍ പാതിയടഞ്ഞ മിഴികളുമായി ചിലരുണ്ട്. മല്‍സരാര്‍ഥികളും ഒപ്പംവന്ന അധ്യാപകരും. മേക്കപ്പും കഴിഞ്ഞ് അവസാന കടത്തുകാരനെയും കാത്തിരിക്കുന്ന യാത്രികനെ പോലെ. കണ്ണൂരിന്റെ രാത്രികളിലെ നക്ഷത്രങ്ങളെ പകല്‍വെളിച്ചമാക്കിയ കലാദിനങ്ങള്‍. ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം ഇന്നലെ പുലര്‍ച്ചയോടെയാണ് കളമൊഴിഞ്ഞത്. അപ്പീലുകള്‍ തുരുതുരാ വന്നതോടെ മല്‍സരം അനന്തമായി നീണ്ടു. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യവേദിയില്‍ ചെസ്റ്റ് നമ്പര്‍ 169. അവസാനത്തെ, അതായത് 48ാമത്തെ മല്‍സരാര്‍ഥി. ചന്ദ്രനും നക്ഷത്രങ്ങളും വിടവാങ്ങി. സൂര്യനും പകല്‍വെളിച്ചവും ഏറ്റെടുക്കുന്നതുവരെ മല്‍സരം നീണ്ടപ്പോള്‍ വലഞ്ഞതു പാവം കുട്ടികള്‍. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മല്‍സരം തുടങ്ങിയതു രാത്രി ഒമ്പതേ മുക്കാലിന്. വൃന്ദവാദ്യ മല്‍സരം നീണ്ടുപോയതായിരുന്നു കാരണം. വെളുക്കുവോളം തെയ്യം ആസ്വദിക്കുന്ന കണ്ണൂരുകാര്‍ക്ക് ഇതിലെന്തു പുത്തരി. അതുകൊണ്ടുതന്നെ മല്‍സരങ്ങള്‍ രാവിലെ ഏഴര വരെ നീണ്ടിട്ടും കാണികളേറെ. പക്ഷേ, പ്രതിഭകളുടെയും രക്ഷിതാക്കളുടെയും വിധികര്‍ത്താക്കളുടെയും സംഘാടകരുടെയും അവസ്ഥയോ, പരമ ദയനീയം. പല കുട്ടികളും വേദിയിലെത്തിയത് പാതിയടഞ്ഞ കണ്ണുകളോടെ. ആദ്യദിവസം തുടങ്ങിയ ചവിട്ടുനാടകം രണ്ടാംദിനം പുലര്‍ച്ചെ ആറിനാണു തീര്‍ന്നത്. വിധിനിര്‍ണയത്തിലെ പരാതികളെ തുടര്‍ന്ന് മല്‍സരം തുടങ്ങാന്‍ വൈകിയതും അപ്പീലുകള്‍ എത്തിയതുമാണ് കാരണങ്ങള്‍. രണ്ടാംദിനം ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ ഭരതനാട്യം അതിലേറെ വൈകി. ചൊവ്വ ഉച്ചയ്ക്ക് രണ്ടിനു തുടങ്ങേണ്ടിയിരുന്ന  മല്‍സരം അതേവേദിയിലെ വൃന്ദവാദ്യ മല്‍സരം നീണ്ടതിനെ തുടര്‍ന്ന് ഏഴുമണിക്കൂര്‍ വൈകി. അപ്പീലുകളുടെ എണ്ണത്തിലും ഭരതനാട്യം പുതിയ റെക്കോഡിട്ടു-37 പേര്‍. ബുധനും വ്യാഴവും ഇതുതന്നെ സ്ഥിതി .ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന കോല്‍ക്കളി തുടങ്ങിയത് വ്യാഴാഴ്ച പുലര്‍ച്ച നാലിന്. അപ്പോഴേക്കും കുട്ടികള്‍ വാഴക്കൂമ്പ് പോല്‍ വാടിത്തളര്‍ന്നിരുന്നു. അടവും അടിയും പിഴച്ച കോല്‍ക്കളിയില്‍ എല്ലാര്‍ക്കും എ ഗ്രേഡ് കിട്ടി എന്നതാണ് ആശ്വാസകരം. പലരും തലങ്ങും വിലങ്ങും അടിയായിരുന്നുവെന്നാണ് കാണികള്‍ പറയുന്നത്. ഉറക്കത്തില്‍ ആര് ആരൊക്കെയെ തല്ലിയെന്ന് ആര്‍ക്കുമറിയില്ല. വ്യാഴാഴ്ചയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപുടി മല്‍സരത്തില്‍ രാത്രി 10ന് പത്തുപേരുടെ പ്രകടനം പോലും തീര്‍ന്നിരുന്നില്ല. ചിലര്‍ കസേരകളിലിരുന്ന് ഉറങ്ങിപ്പോയി. ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരക്കളിയുടെ കാര്യവും സമാനം.  മല്‍സരം തീര്‍ന്നപ്പോള്‍ പുലര്‍ച്ചെ മൂന്നര. ഹയര്‍സെക്കന്‍ഡറി കഥാപ്രസംഗം പുലര്‍ച്ചെ നാലര വരെ നീണ്ടു. .നോക്കണേ ഇതാണ് കലാപൂരം. ഇവിടുത്തെ രാവിന് പോലും പകലിന്റെ  വെളിച്ചമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss