|    Jul 28 Fri, 2017 10:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തായ്‌വാനില്‍ ഗോത്രവിഭാഗക്കാരോട് മാപ്പു പറഞ്ഞ് പ്രസിഡന്റ്

Published : 2nd August 2016 | Posted By: SMR

തായ്‌പേയ്: തായ്‌വാനില്‍ നൂറ്റാണ്ടുകളായി പീഡിതരാവുന്ന ഗോത്രവിഭാഗങ്ങളോട് പ്രസിഡന്റ് സായ് ഇങ് വെന്‍ മാപ്പു പറഞ്ഞു. ഇതാദ്യമായാണ് ഒരു നേതാവ് ഇവരോട് ക്ഷമാപണം നടത്തുന്നത്. 16 പ്രാദേശിക ഗോത്രവിഭാഗങ്ങളിലെ പ്രതിനിധികളുമായി അവര്‍ കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുമ്പോട്ടു പോവേണ്ടതുണ്ടെന്ന് പറഞ്ഞു. പരമ്പരാഗത നീതിന്യായ കമ്മീഷന് രൂപം നല്‍കുമെന്നും അവര്‍ അറിയിച്ചു. ചൈനയില്‍ നിന്നു 400ഓളം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗോത്രവിഭാഗം തായ്‌വാനിലേക്ക് കുടിയേറിയത്. മാറിമാറിവന്ന സര്‍ക്കാരുകളുടെ ഏകീകരണ നടപടികളിലൂടെ ഗോത്രവിഭാഗക്കാര്‍ക്ക് തങ്ങളുടേതായ സംസ്‌കാരവും അവകാശങ്ങളും പരമ്പരാഗത ജീവിതരീതിയും ഭാഷയും നിഷേധിക്കപ്പെട്ടു.
ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മയും വരുമാനക്കുറവും രൂക്ഷമാണ്. 23 ദശലക്ഷം ജനസംഖ്യയുള്ള തായ്‌വാനില്‍ രണ്ടു ശതമാനമാണ് ഗോത്രവിഭാഗക്കാര്‍. 400 വര്‍ഷത്തോളമായി തായ്‌വാനില്‍ താമസിക്കുന്ന ഇവരെ സര്‍ക്കാരുകള്‍ സൈനികരെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ഭൂമി കൊള്ളയടിക്കുകയും ചെയ്യുന്നു- സായ് പറഞ്ഞു.
ഗോത്രവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സ്വയംഭരണാധികാരം നല്‍കുമെന്നും അത് ഭൂമി അവകാശങ്ങള്‍ മെച്ചപ്പെടുത്താനും ഭാഷ തിരിച്ചുപിടിക്കാനും സഹായകമാവുമെന്നും സായ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നതെന്ന് യാമി ഗോത്രവിഭാഗത്തില്‍ നിന്നുള്ള കാപെന്‍ ഗാനെന്‍ പ്രതികരിച്ചു. സായുടെ മുത്തശ്ശി പായ്‌വാന്‍ എന്ന ഗോത്രവിഭാഗത്തില്‍ നിന്നുളളതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക